News

മാർ റാഫേല്‍ തട്ടില്‍ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ്

Added On: Jan 11, 2024

മാർ റാഫേല്‍ തട്ടില്‍ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ്

കൊച്ചി: 35 രൂപതകളിലും അതിനുപുറത്തുമായി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന അന്‍പതു ലക്ഷത്തിൽപ്പരം സീറോമലബാർ കത്തോലിക്കരുടെ നേതൃത്വ ശുശ്രൂഷ സ്ഥാനം മാര്‍ റാഫേല്‍ തട്ടിലിന്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അല്പസമയം മുന്‍പ് ഇറ്റാലിയൻ സമയം ഉച്ചയ്ക്ക് 12 മണിക്കു വത്തിക്കാനിലും ഇന്ത്യൻ സമയം 4.30ന് കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടത്തപ്പെട്ടു. ഷംഷാബാദ് രൂപതയുടെ മെത്രാനായി സേവനം ചെയ്തു വരികയാണ് പുതിയ ദൗത്യം മാർ റാഫേല്‍ തട്ടിലിന് ലഭിച്ചിരിക്കുന്നത്. സ്ഥാനാരോഹണം നാളെ ഉച്ചക്കഴിഞ്ഞു നടക്കും.

പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് സീറോ മലബാർ സഭയ്ക്ക് പുതിയ ഒരു അധ്യക്ഷൻ നിയമിതനാകുന്നത്. പന്ത്രണ്ട് വര്‍ഷത്തെ ഭരണനിര്‍വഹണത്തിനു ശേഷം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിവെച്ചതോടെയാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് തെരഞ്ഞെടുപ്പ് നടന്നത്. ഇന്നലെ രാവിലെ ഒൻപത് മണിക്കാണ് സിനഡ് സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചത്. തെരഞ്ഞെടുപ്പ് വിവരങ്ങൾ അടങ്ങിയ കത്ത് വത്തിക്കാന്റെ അനുമതിക്കായി ഇന്നലെ തന്നെ കൈമാറിയിരുന്നു.

1956 ഏപ്രില്‍ 21-ന് തൃശ്ശൂര്‍ പുത്തന്‍പള്ളി ബസ്ലിക്കാ ഇടവകയിലാണ് മാര്‍ റാഫേല്‍ തട്ടിലിന്‍റെ ജനനം. തൃശൂര്‍ സെന്‍റ് മേരീസ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം പൂര്‍ത്തിയാക്കിയ മാര്‍ റാഫേല്‍ തട്ടില്‍ തൃശ്ശൂര്‍ രൂപതയ്ക്കുവേണ്ടി 1980 ഡിസംബര്‍ 21-ന് പൗരോഹിത്യം സ്വീകരിച്ചു.

അരണാട്ടുകര പള്ളിയില്‍ അസിസ്റ്റന്‍റ് വികാരിയായും തൃശൂര്‍ മൈനര്‍ സെമിനാരിയില്‍ ഫാദര്‍ പ്രീഫെക്ട്, വൈസ് റെക്ടര്‍, പ്രെക്കുരേറ്റര്‍ എന്നീ നിലകളിലും കൂനംമുച്ചി, ചേരുംകുഴി പള്ളികളില്‍ ആക്ടിംഗ് വികാരിയായും സേവനം ചെയ്തിട്ടുണ്ട്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷം രൂപതാ വൈസ് ചാന്‍സലര്‍, ചാന്‍സലര്‍, സിന്‍ചെല്ലൂസ് എന്നീ പദവികള്‍ വഹിച്ചു.

രൂപതാ കച്ചേരിയില്‍ നോട്ടറിയും ജഡ്ജിയും അഡ്ജുറ്റന്‍റ് വികാരിയുമായിരുന്നു. 2010-ല്‍ തൃശ്ശൂര്‍ അതിരൂപതാ സഹായമെത്രാനായി നിയമിക്കപ്പെട്ടു. 2014 മുതല്‍ പ്രവാസികളുടെ ചുമതലയുള്ള അപ്പസ്റ്റോലിക് വിസിറ്റേറ്ററായി സേവനം ചെയ്യവേ അദ്ദേഹം 2017-ല്‍ ഷംഷാബാദ് രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടിരിന്നു.

© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions