വത്തിക്കാന്‍ സിറ്റി/കൊച്ചി: സ്ഫോടനത്തെ തുടര്‍ന്ന് സാമൂഹികമായും രാഷ്ട്രീയമായും ക്ലേശിക്കുന്ന ലെബനോനു വേണ്ടി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച ഉപവാസ പ്രാര്‍ത്ഥനാദിനം ഇന്ന്. 200 പേരുടെ മരണത്തിന് ഇടയാക്കുകയും അയ്യായിരത്തില്‍ അധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത ബെയ്റൂട്ട് സ്ഫോടനത്തിന് ഇന്നു ഒരു മാസം തികയുന്നതും കൂടി കണക്കിലെടുത്താണ് പാപ്പ ഉപവാസ പ്രാര്‍ത്ഥനാദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതര മതസ്ഥരായ സഹോദരങ്ങളും സാമൂഹിക പ്രതിസന്ധിയില്‍ ഉഴലുന്ന ഈ രാജ്യത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനാദിനത്തില്‍ പങ്കെടുക്കണമെന്ന് പാപ്പ കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചു.
പ്രാര്‍ത്ഥനാദിനത്തില്‍ ലെബനോനിലെ ജനതയ്ക്കൊപ്പം ആയിരിക്കുവാന്‍ തന്‍റെ പ്രതിനിധിയായും തന്‍റെ ആത്മീയ സാമീപ്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും പ്രതീകമായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയട്രോ പരോളിനെ അവിടേയ്ക്ക് അയയ്ക്കുമെന്നും പാപ്പ പ്രസ്താവിച്ചിരിന്നു. വീടും സ്വന്തക്കാരെയും നഷ്ടപ്പെട്ട് നീറുന്ന അവരുടെ കരച്ചിലും കണ്ണുനീരും കന്യകാമറിയം തുടച്ചുമാറ്റി, അവര്‍ക്ക് ധൈര്യം പകരട്ടെയെന്ന പ്രാര്‍ത്ഥിച്ച പാപ്പ തന്‍റെ തിരുക്കുമാരനോട് മാദ്ധ്യസ്ഥ്യം യാചിച്ച് അമ്മ 'ദേവദാരുവിന്‍റെ നാടി'നെ വീണ്ടും സമ്പന്നമാക്കട്ടെയെന്നും പറഞ്ഞു. ജനങ്ങള്‍ക്കൊപ്പം എഴുന്നേറ്റുനിന്ന് ലെബനോനു വേണ്ടി ഏതാനും നിമിഷങ്ങള്‍ മൗനമായി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പ പ്രാര്‍ത്ഥനാ അഭ്യര്‍ത്ഥന ഉപസംഹരിച്ചത്.
മഹാമാരിയില്‍ നിന്നുള്ള വിടുതലിനായി എട്ടു നോമ്പിനിടയിലുള്ള ആദ്യ വെള്ളിയാഴ്ചയായ ഇന്നു ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്ന് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും ആഹ്വാനം ചെയ്തിട്ടുണ്ട്. സാധിക്കുന്ന എല്ലാവരും ഉപവാസം അനുഷ്ഠിക്കേണ്ടതാണെന്നും ഈ ദിവസം സഭയിലെ മെത്രാന്മാരും, രൂപതക്കാരും സമര്‍പ്പിതരുമായ എല്ലാ വൈദികരും ഈ മഹാമാരിയെ അതിജീവിക്കുന്നതിന് ദൈവകരുണ യാചിച്ചുകൊണ്ടു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണമെന്നും ഇക്കഴിഞ്ഞ ഇരുപത്തിനാലിന് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ കര്‍ദ്ദിനാള്‍ ആഹ്വാനം ചെയ്തു.
സഭാപിതാക്കന്മാരുടെ ആഹ്വാനത്തോട് ചേര്‍ന്ന് ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ഇന്നു നമ്മുക്ക് വ്യാപരിക്കാം.
Source pravachakasabdam