കൊച്ചി∙ കേരളത്തില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് യുഎന്‍ റിപ്പോര്‍ട്ട് വരികയും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം പാര്‍ലമെന്റില്‍ സ്ഥിരീകരിക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെ സംസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് കൊച്ചിയില്‍ അല്‍ക്വയ്ദ ഭീകരര്‍ പിടിയില്‍. നിര്‍മ്മാണ തൊഴിലാളികളുടെ വേഷത്തില്‍ കൊച്ചിയിലും പെരുമ്പാവൂരിലുമായി ഒളിച്ചു താമസിച്ച് ആക്രമണത്തിനു പദ്ധതിയിടുകയായിരുന്ന മൂന്നു ഭീകരരെയാണ് പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ എന്‍ഐഎ പിടികൂടിയത്. ഇവര്‍ക്കു കേരളത്തില്‍ ഒളിത്താവളം ഒരുക്കുകയും സഹായം നല്‍കുകയും ചെയ്തവരെക്കുറിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
അതേസമയം കേരളത്തിലെ സമസ്ത മേഖലകളിലും തീവ്രവാദ ബന്ധമുള്ളവര്‍ നുഴഞ്ഞുകയറുന്നുണ്ടെന്ന സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ സന്ദേശത്തെ വിമര്‍ശിച്ചവര്‍ എവിടെയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. ഷെക്കെയ്ന ടെലിവിഷനിലെ ഓണ്‍ലൈന്‍ ധ്യാനത്തില്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നടത്തിയ പ്രസംഗത്തിനെതിരെ, കേരളത്തില്‍ വര്‍ഗ്ഗീയത പരത്താന്‍ ശ്രമിക്കുന്നുവെന്ന യുക്തിരഹിതമായ ആരോപണമുന്നയിച്ചായിരിന്നു ചിലര്‍ രംഗത്ത് വന്നത്.
എന്നാല്‍ കേരളത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയതിന് പിന്നാലെ അല്‍ക്വയ്ദ ഭീകരര്‍ ഇന്നു പിടിയിലായ വാര്‍ത്തയും ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ പ്രസംഗം നൂറു ശതമാനം ശരിവെയ്ക്കുകയാണെന്നും വൈദികനെതിരെ പോസ്റ്റുകള്‍ എഴുതികൂട്ടിയവര്‍ ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്തയെ എങ്ങനെ സമീപിക്കുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ചോദ്യമുയര്‍ത്തി.
കേരളത്തിലെ ജനസമൂഹം തമ്മിൽ നിലനിൽക്കുന്ന സന്തുലിതാവസ്ഥ തകർക്കാൻ മാത്രം ലക്‌ഷ്യംവെച്ച് തീവ്ര ചിന്താഗതിയുള്ള ഒരു കൂട്ടർ വ്യക്തമായ അജണ്ടയോടെ വേരുറപ്പിക്കുന്നുവെന്ന വട്ടായിലച്ചന്‍റെ സന്ദേശത്തെ പൂര്‍ണ്ണമായും സാധൂകരിക്കുന്നതാണ് റിപ്പോര്‍ട്ട്. ഇന്നു അറസ്റ്റിലായ കസ്റ്റഡിയില്‍ ഉള്ളവര്‍ മുടിക്കലില്‍ കുടുംബത്തോടൊപ്പം ഏറെക്കാലമായി താമസിച്ചുവരികയായിരുന്നു എന്നാണ് വിവരം.
ഇതില്‍ ഒരാള്‍ പെരുമ്പാവൂരിലെ ഒരു വസ്ത്രവ്യാപര ശാലയില്‍ ജോലി ചെയ്യുന്നുണ്ടായിരിന്നു. ചിലര്‍ നിര്‍മ്മാണ തൊഴിലാളികളായിട്ടാണ് നിലയുറപ്പിച്ചിരിന്നത്. ഇവര്‍ക്ക് ഒളിത്താവളമൊരുക്കാന്‍ സംസ്ഥാനത്തെ ചിലര്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. അവര്‍ക്ക് വേണ്ടിയുള്ള അന്വേഷണവും വ്യാപകമാണ്. അതേസമയം രാജ്യത്തു ഇന്നു ആകെ ഒന്‍പത് തീവ്രവാദികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Source pravachakasabdam