“മാലാഖമാര്‍” എന്നു വിശുദ്ധഗ്രന്ഥം വിളിക്കുന്ന, അരൂപികളും അശരീരികളുമായ സൃഷ്ടികള്‍ ഉണ്ടെന്നത് വിശ്വാസത്തിലെ ഒരു സത്യമാണ്. ഇക്കാര്യത്തില്‍ വിശുദ്ധ ഗ്രന്ഥ സാക്ഷ്യവും പാരമ്പര്യത്തിന്റെ ഏകകണ്ഠമായ അഭിപ്രായവും ഒരു പോലെ വ്യക്തമാണ്.
ആരാണവര്‍?
വി. അഗസ്തീനോസു പറയുന്നു; “മാലാഖ” എന്നത്, അവരുടെ പ്രകൃതിയെയല്ല ധര്‍മത്തെയാണു ധ്വനിപ്പിക്കുന്നത്, അവരുടെ പ്രകൃതിയുടെ നാമധേയം എന്താണെന്നു ചോദിച്ചാല്‍, 'അത് അരൂപി” ആണെന്നു മറുപടി; അവരുടെ ധര്‍മം എന്താണെന്നു ചോദിച്ചാല്‍ “അവര്‍ മാലാഖ” ആണെന്നു മറുപടി. അങ്ങനെ പ്രകൃതി പരിഗണിച്ചാല്‍ അരൂപികളും ധര്‍മം പരിഗണിച്ചാല്‍ “മാലാഖമാരും” ആണ് അവര്‍. ?? മാലാഖമാര്‍ അവരുടെ ഉണ്‍മയില്‍ പൂര്‍ണമായും ദൈവത്തിന്റെ സേവകരും സന്ദേശവാഹകരുമാണ്. “സ്വര്‍ഗസ്ഥനായ എന്റെറ പിതാവിന്റെ മുഖം അവര്‍ സദാ ദര്‍ശിക്കുന്നതിനാൽ “അവിടുത്തെ ആജ്ഞയുടെ സ്വരം അനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാണവര്‍.”
പൂര്‍ണമായും അശരീരികളായ സൃഷ്ടികള്‍ എന്ന നിലയ്ക്കു മാലാഖമാര്‍ ബുദധിശക്തിയും ഇച്ഛാശക്തിയുമുള്ളവരാണ്; വൃക്തിത്വമുള്ളവരും അമര്‍ത്യരുമായ സൃഷ്ടികളാണ്; അവരുടെ മഹത്ത്വത്തിന്റെ പ്രഭ സാക്ഷ്യപ്പെടുത്തുന്നതുപോലെ ഗുണ പൂര്‍ണതയില്‍ അവര്‍ ദൃശ്യമായ എല്ലാ സൃഷ്ടികളെയും അതിശയിക്കുന്നരാണ്. അവരുടെ മഹത്വത്തിന്റെ പ്രഭ ഇതു സാക്ഷ്യപ്പെടുത്തുന്നു. (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 328, 329, 330).
വിശുദ്ധ ഗബ്രിയേല്‍, വിശുദ്ധ മിഖായേല്‍, വിശുദ്ധ റഫായേല്‍ എന്നീ പ്രധാന മാലാഖമാരുടെ അഥവാ മുഖ്യ ദൂതന്മാരുടെ തിരുനാള്‍ ദിനമാണ് സെപ്റ്റംബര്‍ 29. എന്തുകൊണ്ടാണ് ആരാധനാ ദിനസൂചികയില്‍ ഒരു ദിവസം പ്രധാന മാലാഖമാര്‍ക്കായി നല്‍കിയിരിക്കുന്നത്? വാസ്തവത്തില്‍ പ്രധാന മാലാഖമാര്‍ ആരാണ്? എപ്രകാരമാണ് അവര്‍ നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത്? മാലാഖമാര്‍ ഇപ്പോഴും ഉണ്ടോ? നമ്മുടെ മനസ്സില്‍ ഉയരുന്ന ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഇവരുടെ 5 പ്രത്യേകതകള്‍. ചുരുക്കത്തില്‍ താഴെ പറഞ്ഞിരിക്കുന്ന 5 കാര്യങ്ങളില്‍ നിന്നും പ്രധാന മാലാഖമാരെ കുറിച്ചുള്ള നമ്മുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലഭിക്കും.
1) നവവൃന്ദം മാലാഖമാരിലെ രണ്ടാം സ്ഥാനക്കാരാണ് പ്രധാന മാലാഖമാര്‍ അഥവാ മുഖ്യ ദൂതന്‍മാര്‍
പൊതുവേ മാലാഖമാരെ ഒമ്പത് വൃന്ദങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്. ഇവര്‍ നവവൃന്ദം മാലാഖമാര്‍ എന്നറിയപ്പെടുന്നു. വിശുദ്ധ ലിഖിതങ്ങളില്‍ കാണപ്പെടുന്ന മാലാഖമാരുടെ ഓരോ വൃന്ദത്തിനും അവരുടെ സ്ഥാനമനുസരിച്ച് ഓരോ സ്ഥാനപേരുണ്ട്. മാലാഖമാരുടെ ഒമ്പത് വൃന്ദങ്ങളെ കുറിച്ച് മഹാനായ വിശുദ്ധ ഗ്രിഗറി ഇപ്രകാരം പറഞ്ഞിരിക്കുന്നു. “വിശുദ്ധ ലിഖിതങ്ങളുടെ അടിസ്ഥാനത്തില്‍ ഒമ്പത് തരം മാലാഖ വൃന്ദങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാമല്ലോ, ക്രമമനുസരിച്ച് - ദൈവദൂതന്‍മാര്‍, മുഖ്യദൂതന്‍മാര്‍, പ്രാഥമികന്‍മാര്‍, ബലവാന്മാര്‍, തത്വകന്മാര്‍, അധികാരികള്‍, ഭദ്രാസനന്മാര്‍, ക്രോവേന്മാര്‍, സ്രാപ്പേന്‍മാര്‍ എന്നിവരാണ് ആ വൃന്ദങ്ങള്‍”. നവവൃന്ദം മാലാഖമാരിലെ രണ്ടാം സ്ഥാനക്കാരാണ് പ്രധാന മാലാഖമാര്‍ അഥവാ മുഖ്യ ദൂതന്‍മാര്‍.
2) ദൈവത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് മനുഷ്യര്‍ക്ക് സന്ദേശങ്ങള്‍ എത്തിക്കുക എന്നതാണ് പ്രധാന മാലാഖമാരുടെ മുഖ്യ കര്‍ത്തവ്യം.
നമുക്ക് ഏറ്റവും പരിചയമുള്ളത് താഴെത്തട്ടിലുള്ള മാലാഖമാരാണ്. കാരണം ഇവരെകുറിച്ചാണ് നമ്മള്‍ക്ക് കൂടുതല്‍ അറിയാവുന്നത്. വെളിപാട് പുസ്തകത്തില്‍ വിശുദ്ധ യോഹന്നാന് ദൈവത്തിന്റെ സന്ദേശം എത്തിച്ചു കൊടുത്ത മാലാഖ മുഖ്യ ദൂതനായ വിശുദ്ധ മിഖായേലാണ് എന്നാണ് കരുതപ്പെടുന്നത്. തിരുസഭയുടെ സംരക്ഷകന്‍ എന്ന നിലക്കും വിശുദ്ധ മിഖായേല്‍ അറിയപ്പെടുന്നുണ്ടെങ്കിലും, ദൈവത്തിനെതിരെ തിരിഞ്ഞ ലൂസിഫര്‍ എന്ന മാലാഖയെ സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കുന്നതിലുള്ള പങ്കിന്റെ പേരിലാണ് മിഖായേല്‍ മാലാഖ കൂടുതല്‍ അറിയപ്പെടുന്നത്.
ദൈവം തന്റെ പദ്ധതികള്‍ മനുഷ്യര്‍ക്ക് വിളംബരം ചെയ്യുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്ന മുഖ്യ ദൂതന്‍ എന്ന നിലയിലാണ് വിശുദ്ധ ഗബ്രിയേല്‍ കൂടുതലായും അറിയപ്പെടുന്നത്. ദാനിയേലിന്റെ പുസ്തകത്തില്‍ വിശുദ്ധ ഗബ്രിയേലിനെ കുറിച്ച് പറഞ്ഞിരിക്കുന്നു. വിശുദ്ധ ഗബ്രിയേലാണ് ദാനിയേലിനെ ഭൂമിയിലെ തന്റെ ദൗത്യത്തില്‍ സഹായിക്കുന്നത്. സക്കറിയക്കും, പരിശുദ്ധ കന്യകാ മറിയത്തിനും സന്ദേശമെത്തിക്കുന്ന മാലാഖയായിട്ടാണ് വിശുദ്ധ ഗബ്രിയേലിനെ പിന്നീട് നാം കാണുന്നത്. ദൈവത്തിന്റെ അവതാരത്തെ വെളിപ്പെടുത്തുന്ന എക്കാലത്തേയും ഏറ്റവും മഹത്തായ ദൈവത്തിന്റെ ‘മംഗള വാര്‍ത്ത’ പരിശുദ്ധ മറിയത്തിന് നല്‍കിയത് വിശുദ്ധ ഗബ്രിയേല്‍ മാലാഖയാണ്.
മുഖ്യദൂതനായ വിശുദ്ധ റഫായേലിനെ കുറിച്ചുള്ള വിവരങ്ങള്‍ തോബിത്തിന്റെ പുസ്തകത്തില്‍ നിന്നുമാണ് നമ്മുക്ക് ലഭിക്കുന്നത്. യുവാവായ തോബിത്തിനെ സൗഖ്യമാക്കിയതും, സാറയെ പിശാച് ബാധയില്‍ നിന്നും മോചിപ്പിച്ചതും വിശുദ്ധ റഫായേല്‍ മാലാഖ തന്നെയാണ്. ഈ മാലാഖ വഴിതെറ്റിയ തോബിയാസിനെ നേര്‍വഴിക്ക് നയിക്കുകയും അവന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
3) പ്രധാന മാലാഖമാര്‍ക്ക് ചിറകുകളോ, ശരീരമോ, വാളുകളോ ഇല്ല.
നമ്മളില്‍ നിന്നും വിഭിന്നമായി മാലാഖമാര്‍ക്ക് ഭൗതീകമായ യാതൊന്നും ഇല്ല. മനുഷ്യരേപോലെയാണ് പലപ്പോഴും അവരെ ചിത്രീകരിച്ചിട്ടുള്ളതെങ്കിലും അത് വെറും പ്രതീകാത്മകം മാത്രമാണ്. ‘മാലാഖമാരും, പിശാചുക്കളും’ എന്ന തന്റെ ഗ്രന്ഥത്തിലൂടെ ഡോ. പീറ്റര്‍ ക്രീഫ്‌റ്റ് മാലാഖമാരെ കുറിച്ചുള്ള ഒരു നല്ല വിവരണം നല്‍കുന്നു. “മാലാഖമാര്‍ക്ക് ഭൗതീകമായ ഒരു ശരീരമില്ലാത്തതിനാല്‍ അവര്‍ക്ക് സ്ഥലത്തിന്റെ ആവശ്യമില്ല. മാലാഖമാരുടെ ചലനം സൂക്ഷ്മ കണികകളുടേയോ, അറ്റോമിക കണങ്ങളുടേയോ ചലനത്തിന് സമാനമാണ് എന്ന് വേണമെങ്കില്‍ പറയാം. കാലമോ സമയമോ കൂടാതെ സഞ്ചരിക്കുവാന്‍ മാലാഖമാര്‍ക്ക് കഴിയും.”
മാലാഖമാര്‍ക്ക് ഭൗതീക ശരീരമില്ലെങ്കിലും ഭൗതീക ലോകത്ത് സ്വാധീനം ചെലുത്തുവാന്‍ അവര്‍ക്ക് കഴിയും. അവര്‍ പൂർണ്ണമായും വിശുദ്ധിയുള്ള ആത്മാക്കളാണ്. ഭൗതീകവസ്തുക്കളെ ചലിപ്പിക്കുന്നതിനോ, ഏതാകൃതി വേണമെങ്കിലും സ്വീകരിക്കുന്നതിനോ തക്ക ശക്തിയുള്ളവരാണ് മാലാഖമാര്‍. ദൈവത്തിന്റെ ദൂതരും, നമ്മുടെ സംരക്ഷകരും എന്ന അവരുടെ ദൗത്യത്തിന്റെ അടിസ്ഥാനത്തില്‍ ചിത്രകലകളില്‍ അവര്‍ക്ക് പ്രതീകാത്മകമായി നാം നല്‍കിയിട്ടുള്ളതാണ് ചിറകുകളും വാളുകളും.
4) നമ്മളെ തിന്മയില്‍ നിന്നും രക്ഷിക്കുവാന്‍ പ്രധാന മാലാഖമാര്‍ക്ക് സാധിക്കും.
സ്വര്‍ഗ്ഗത്തില്‍ നിന്നും സാത്താനേയും അവന്റെ സൈന്യത്തേയും പുറത്താക്കുവാന്‍ വിശുദ്ധ മിഖായേല്‍ മാലാഖക്ക് കഴിഞ്ഞുവെങ്കില്‍ തീര്‍ച്ചയായും ഭൂമിയിലും സാത്താനെതിരെ പോരാടുവാനും നമ്മളെ അവനില്‍ നിന്നും സംരക്ഷിക്കുവാനും വിശുദ്ധ മിഖായേല്‍ മാലാഖക്ക് കഴിയും. വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന വളരെ ശക്തിയുള്ള പ്രാര്‍ത്ഥനകളില്‍ ഒന്നായി പരിഗണിച്ചു വരുന്നു.
വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന
5) പ്രധാന മാലാഖമാര്‍ ഇന്നും ഉണ്ട്
പ്രധാന മാലാഖമാരുടെ നിലനില്‍പ്പിനെ കുറിച്ച് നമ്മള്‍ എന്താണ് കരുതുന്നത്? ആദിയില്‍ തന്നെ ശരീരമില്ലാത്ത ഈ ആത്മാക്കളെ ദൈവം സൃഷ്ടിച്ചു. അവര്‍ ഇന്നും നിലനില്‍ക്കുന്നു, എക്കാലവും നിലനില്‍ക്കുകയും ചെയ്യും. നമുക്ക് അവരെ കാണുവാനോ, കേള്‍ക്കുവാനോ, അവരുടെ സാന്നിധ്യം അറിയുവാനോ സാധ്യമല്ലെങ്കിലും അവര്‍ ഇവിടെ ഉണ്ടെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിഞ്ഞേ മതിയാകൂ.
മിക്കപ്പോഴും നാം പോലും അറിയാതെ അവര്‍ നമ്മളെ നാശത്തില്‍ നിന്നും രക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നമ്മില്‍ പലരും അത് തിരിച്ചറിയുന്നില്ലായെന്ന് മാത്രം. “സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല” (മത്തായി 18:3). മാലാഖമാരോടുള്ള വിശ്വാസത്തിന്റെ കാര്യത്തില്‍ നമ്മളും കുട്ടികളെ പോലെ ആകേണ്ടിയിരിക്കുന്നു.
Source pravachakasabdam