News

വിശുദ്ധ ഫൗസ്റ്റീനക്ക് യേശു വെളിപ്പെടുത്തി കൊടുത്ത 25 ആത്മീയ ആയുധങ്ങള്‍

Added On: Oct 05, 2020

1905 ആഗസ്റ്റ് 25ന് പോളണ്ടിലെ ലോഡ്സ് എന്ന സ്ഥലത്താണ് വിശുദ്ധ ഫൗസ്റ്റിന ജനിച്ചത്. ഹെലെന എന്ന ജ്ഞാനസ്നാനപ്പേരുള്ള ഫൗസ്റ്റിന ഒരു ദരിദ്ര കുടുംബത്തിലെ പത്ത് മക്കളിൽ ഒരാളായിരിന്നു. 18 വയസ്സായപ്പോഴേക്കും ക്രിസ്തുവിനെ സേവിച്ചുള്ള ജീവിതത്തിനായി ദൈവം തന്നെ വിളിക്കുകയാണെന്ന് അവൾക്കു മനസ്സിലായി. പക്ഷേ അവളുടെ മാതാപിതാക്കൾ ഈ ആഗ്രഹത്തിനെതിരായിരുന്നതിനാൽ അവൾ ഈ ആഗ്രഹം തന്റെ മനസ്സിൽ നിന്നും ഉപേക്ഷിച്ചു. പക്ഷേ ദൈവം അവളുടെ പ്രാര്‍ത്ഥന കേട്ടു. അങ്ങനെ അവള്‍ 'കാരുണ്യ മാതാവിന്റെ സോദരിമാർ' എന്ന കോണ്‍ഗ്രിഗേഷനില്‍ അംഗമായി. തന്റെ ജീവിതം പ്രാര്‍ത്ഥനയുടെയും കാരുണ്യ പ്രവര്‍ത്തികളുടെയും വിളനിലമാക്കിയ വിശുദ്ധ സ്വജീവിതം ധന്യമാക്കി. 

തന്റെ മരണത്തിന് 4 മാസങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 1938 ജൂണ്‍ 2നു മൂന്നു ദിവസത്തെ ധ്യാനത്തിനിടക്ക് കര്‍ത്താവായ യേശു വിശുദ്ധയ്ക്ക് ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയുണ്ടായി. തനിക്ക്‌ ലഭിച്ച ആ നിര്‍ദ്ദേശങ്ങള്‍ കഠിനമായ പരിശ്രമം വഴി ഫൗസ്റ്റീന കൊവാള്‍സ്ക തന്റെ ഡയറിയില്‍ രേഖപ്പെടുത്തുകയുണ്ടായി. പ്രാര്‍ത്ഥനയേയും, ദൈവീക കാരുണ്യത്തേയും വിവരിക്കുന്ന ഒരു മഹത്തായ ലഘു-ഗ്രന്ഥമാണ് അത്. 

പിശാചിന്റെ ആക്രമണങ്ങളില്‍ നിന്നും സ്വയം സംരക്ഷിക്കുവാനായി യേശു തന്റെ പ്രിയപ്പെട്ട യുവമണവാട്ടിയുടെ കാതില്‍ മന്ത്രിച്ച ആ ആയുധങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. പിശാചിനെതിരായി നല്ലവിധം പോരാടുന്നതില്‍ വിശുദ്ധ ഫൗസ്റ്റീനയുടെ പ്രധാനപ്പെട്ട ആയുധമായിരുന്നു ആ നിര്‍ദ്ദേശങ്ങള്‍. 

1) നീ നിന്നില്‍ തന്നെ ഒരിക്കലും ആശ്രയിക്കരുത്, നിന്നെ പരിപൂര്‍ണ്ണമായും എന്റെ (ഈശോയുടെ) ഇഷ്ടത്തിനു സമര്‍പ്പിക്കുക. 

ഇതൊരു ആത്മീയമായ ആയുധമാണ്. വിശ്വസ്തത വിശ്വാസത്തിന്റെ ഒരു ഭാഗമാണെന്നാണ് വിശുദ്ധ പൗലോസ് ശ്ലീഹ പറയുന്നത്. വിശ്വസ്തത ദൈവത്തിന്റെ പടച്ചട്ടയാണ്. ദൈവേഷ്ടത്തിനായി സ്വയം സമര്‍പ്പിക്കുന്നത് വിശ്വസ്തതയുടേതായ ഒരു പ്രവര്‍ത്തിയാണ്. വിശ്വാസം ദുരാത്മാക്കളെ പുറത്താക്കുന്നു. 

2) നിരാശയിലും, ഇരുട്ടിലും, പലവിധത്തിലുള്ള ആശയക്കുഴപ്പങ്ങളിലും എന്നിൽ ആശ്രയിക്കുന്നതോടൊപ്പം നിന്റെ ആത്മീയ ഗുരുവിനോട് ഉപദേശം തേടുക. എന്റെ നാമത്തില്‍ അവന്‍ നിന്റെ ചോദ്യങ്ങള്‍ക്ക്‌ മറുപടി തരും. 

പിശാച് ഈ ലോകത്ത്‌ ഏറ്റവും അധികം ഭയപ്പെടുന്നത് യേശുവിന്റെ അതിശയ നാമത്തെയാണ് . ആത്മീയ പോരാട്ടങ്ങളുടെ അവസരങ്ങളില്‍, ഉടന്‍ തന്നെ യേശുവിനോട് പ്രാര്‍ത്ഥിക്കുക. കുമ്പസാരം എന്ന കൂദാശയിൽ ഇക്കാര്യം തുറന്നുപറയുക. ആത്മീയ ഗുരുവിനോട് അത് തുറന്ന് പറയുകയും അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യുക; അങ്ങനെ അന്ധകാരത്തെ പ്രകാശമാക്കി മാറ്റുക. 

3) പ്രലോഭനവുമായി യാതൊരു വിട്ടുവീഴ്ചയും പാടില്ല; പ്രലോഭനത്തിന്റെ അവസരത്തില്‍ പെട്ടെന്ന്‍ തന്നെ നീ എന്റെ ഹൃദയത്തില്‍ സുരക്ഷിതമാകുക. 

ഏദന്‍ തോട്ടത്തില്‍ ഹൗവ്വ പിശാചുമായി ചേര്‍ന്നു സ്വയം നഷ്ടപ്പെടുത്തി. നമ്മള്‍ യേശുവിന്റെ തിരുഹൃദയത്തില്‍ അഭയം തേടേണ്ടത് അനിവാര്യമാണ്. യേശുവിലേക്ക് ചേരുന്നതു വഴി നാം പൈശാചിക ശക്തികളുടെ പ്രലോഭനങ്ങളില്‍ നിന്നും പുറം തിരിയുകയാണ് ചെയ്യുന്നത്. 

4) പ്രലോഭനത്തിന്റെ ആദ്യ അവസരത്തില്‍ തന്നെ അത് നിന്റെ കുമ്പസാരകനോട് തുറന്ന് പറയുക. 

ഒരു നല്ല കുമ്പസാരം നടത്തുന്നത് സാത്താന്റെ ദ്രോഹങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും മേലെ പരിപൂര്‍ണ്ണമായ വിജയം വരിക്കുന്നതിന് സഹായിക്കും. 

5) നിനക്ക് നിന്നോട് തന്നെ തോന്നുന്ന സ്നേഹം (Self Love) ഏറ്റവും പിന്നിലേക്ക് മാറ്റുക. സ്വസ്നേഹം നിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരു വിഘാതമാകാതെയിരിക്കട്ടെ. 

നമുക്ക്‌ നമ്മളോട് തന്നെ അമിതമായ സ്നേഹം തോന്നുന്നത് സാധാരണമാണ്. എന്നാല്‍ ഇത് സ്വാര്‍ത്ഥതയിലേക്കും അഹങ്കാരത്തിലേക്കും നയിക്കാം. തെറ്റായ സ്വാര്‍ത്ഥത വഴി സാത്താന്‍ നമ്മെ പ്രലോഭിപ്പിക്കുകയും അഹങ്കാരമാകുന്ന അവന്റെ കുളത്തിലേക്ക്‌ നയിക്കുകയും ചെയ്യും. അഹങ്കാരത്തെ പരാജയപ്പെടുത്തുവാന്‍ എളിമയ്ക്കു കഴിയുമെന്ന് മനസ്സിലാക്കുക. 

6) 'ക്ഷമ' എന്ന കവചം ധരിക്കുക 

ജീവിതത്തില്‍ പ്രതിസന്ധി നേരിടുന്ന അവസരങ്ങളില്‍ ആത്മീയ സമാധാനം കൈവരുത്തുവാന്‍ നമ്മളെ സഹായിക്കുന്ന രഹസ്യ ആയുധമാണ് ക്ഷമ. ക്ഷമയാകുന്ന കവചം ധരിക്കുകയെന്നത് വിശ്വസ്തതയുടേയും, എളിമയുടേയും ഒരു ഭാഗമാണ്. അക്ഷമരാകുവാനും, കോപാകുലരാകുവാനും പിശാച് നമ്മളെ പ്രലോഭിപ്പിച്ചു കൊണ്ടിരിക്കും. ദൈവം അനന്തമായ ക്ഷമയാണ്. അതിനാല്‍ തന്നെ ദൈവത്തിന്റെ വീക്ഷണ കോണില്‍ നിന്നും നമ്മളെ കാണുക. 

7) ആന്തരികമായ യാതനകളെ അവഗണിക്കരുത്. 

പ്രാര്‍ത്ഥനയും ഉപവാസവും വഴി മാത്രമേ ചില പിശാചുക്കളെ നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കുവാന്‍ കഴിയുകയുള്ളൂ. ആന്തരിക യാതനകള്‍ അതായത് സഹനങ്ങള്‍ ആത്മീയ പോരാട്ടത്തിലെ പ്രധാനപ്പെട്ട ആയുധങ്ങളാണ്. ത്യാഗത്തിന് പിശാചിനെ ഇല്ലാതാക്കുവാനുള്ള ശക്തിയുണ്ട്. 

8) എപ്പോഴും നിന്റെ മേലധികാരികളുടേയും കുമ്പസാരകന്റേയും ഉപദേശമനുസരിച്ച് ജീവിക്കുക. 

ഒരു കന്യകാ മഠത്തില്‍ താമസിച്ചിരുന്ന വിശുദ്ധ ഫൗസ്റ്റീനയോടാണ് യേശു സംസാരിച്ചത്. പക്ഷേ, നമുക്കും നമ്മുടെ മേല്‍ അധികാരമുള്ള ആരെങ്കിലുമൊക്കെയുണ്ടായിരിക്കും. നമ്മളെയും നമ്മുടെ മേലധികാരികളെയും തമ്മിൽ ഭിന്നിപ്പിക്കാനാണ് പിശാച് ലക്ഷ്യമിടുന്നത്. അതിനാല്‍ മേലധികാരികളോടു എളിമയും അനുസരണയും ഉള്ളവരായിരിക്കുക എന്നത് ഒരു ശക്തമായ ആത്മീയ ആയുധമാണ്. 

9)പരദൂഷണം എന്നത് പ്ലേഗിന് സമാനമാണ്, അതിനാൽ പരദൂഷണത്തെ ഒഴിവാക്കുക. 

നമ്മുടെ നാവിന്റെ തെറ്റായ ഉപയോഗം നമുക്ക്‌ വലിയ വിനാശങ്ങള്‍ വരുത്തുവാൻ സാധ്യതയുണ്ട്. പരദൂഷണം ഒട്ടും തന്നെ ദൈവീകമല്ല. ഒരുവന്റെ സൽകീര്‍ത്തിയെ നശിപ്പിക്കുവാന്‍ കഴിയുന്ന തെറ്റായ ആരോപണങ്ങള്‍ ഇടകലര്‍ത്തി നുണകള്‍ പറയുന്നത് സാത്താന്റെ പ്രവർത്തിയാണ്. അതിനാല്‍ അനാവശ്യമായ സംസാരങ്ങള്‍ ഒഴിവാക്കുക. 

10) മറ്റുള്ളവർ അവരുടെ ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കട്ടെ; നീ ഞാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുക. 

സ്വന്തം ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുക എന്നത് ആത്മീയമായ പോരാട്ടങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ്. സാത്താന്‍ എല്ലാവരേയും നശിപ്പിക്കുവാന്‍ അക്ഷീണം പരിശ്രമം നടത്തികൊണ്ടിരിക്കുന്നു. മറ്റുള്ളവരിലേക്ക് നോക്കാതെ ദൈവത്തെ പ്രീതിപ്പെടുത്തുന്നതില്‍ എപ്പോഴും താൽപര്യം കാണിക്കുക. 

11) നിന്റെ കഴിവിന്റെ പരമാവധി നിയമങ്ങളോടു വിശ്വസ്തത പുലര്‍ത്തുക.. 

സന്യാസ സഭയുടെ നിയമങ്ങളെയാണ് യേശു ഇവിടെ പരാമര്‍ശിക്കുന്നത്. നമ്മുടെ ജീവിതത്തില്‍ വിവാഹ വാഗ്ദാനം, മാമ്മോദീസാ വാഗ്ദാനം തുടങ്ങി വിശ്വസ്തതാപൂര്‍വ്വം പാലിക്കേണ്ടതായ നിരവധി വാഗ്ദാനങ്ങള്‍ ദൈവത്തിന്റെ മുന്‍പാകെ ചെയ്യുന്നുണ്ട്. വിശ്വാസ വഞ്ചകരും, നിയമങ്ങള്‍ പാലിക്കാത്തവരും, അനുസരണയില്ലാത്തവരുമായിരിക്കുവാന്‍ സാത്താന്‍ നമ്മളെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും. ആത്മാര്‍ത്ഥത വിജയം പ്രദാനം ചെയ്യുന്ന ഒരു വലിയ ആയുധമാണ്. അതിനാല്‍ ദൈവത്തിന് മുന്നില്‍ നീതിനിഷ്ഠയോടെ ജീവിക്കുക. 

12) ആരെങ്കിലും മുഖേന നിനക്ക് കഷ്ടതകള്‍ ഉണ്ടാവുകയാണെങ്കില്‍, അവർക്കുവേണ്ടി എന്ത് നന്മ ചെയ്യാന്‍ കഴിയും എന്ന് ചിന്തിക്കുക 

ദൈവീക കാരുണ്യത്തിന്റെ ഒരു ഉപകരണമാവുക എന്നത് തിന്മയെ പരാജയപ്പെടുത്തുവാനും നന്മ ചെയ്യുവാനുമുള്ള ഒരു ആയുധമാണ്. വെറുപ്പ്‌, അമര്‍ഷം, പ്രതികാരം, ക്ഷമിക്കാന്‍ കഴിയാത്ത അവസ്ഥ എന്നിവ സാത്താന്റെ പ്രലോഭനങ്ങളാണ്. പല അവസരങ്ങളിലും മറ്റുള്ളവര്‍ നമ്മളെ വേദനിപ്പിച്ചിട്ടുണ്ട്. അവരോട് പ്രതികാരം ചെയ്യുന്നതിനു പകരം അവർക്കുവേണ്ടി നമുക്ക്‌ എന്ത് നന്മ ചെയ്യുവാന്‍ സാധിക്കും എന്ന് ചിന്തിക്കുക. അത് വലിയ അനുഗ്രഹമായി മാറും, ഉറപ്പ്. 

13) നിന്റെ വിചാരങ്ങളെ പുറത്തേക്ക് പ്രവഹിപ്പിക്കരുത്. 

അമിതമായി സംസാരിക്കുന്ന ഒരാള്‍ സാത്താന്റെ ആക്രമണങ്ങള്‍ക്ക് എളുപ്പം വിധേയമാകും. വിചാരങ്ങള്‍ ക്ഷണികമാണ്. നീ ഉച്ചത്തില്‍ പറയുന്ന കാര്യങ്ങള്‍ നന്മയുടേയും, തിന്മയുടേയും ശക്തികള്‍ ശ്രവിക്കുന്നുണ്ടെന്നത് ഓര്‍ക്കുക. നിന്റെ വിചാരങ്ങളെ ദൈവത്തിലേക്ക് മാത്രം ഒഴുക്കുക. ആന്തരിക ധ്യാനങ്ങള്‍ ആത്മീയമായ ഒരു കവചമാണ്. 

14) ആക്ഷേപങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ നിശബ്ദയായിരിക്കുക. 

ചില അവസരങ്ങളില്‍ നമ്മള്‍ക്ക് ആക്ഷേപങ്ങളെ നേരിടേണ്ടി വരാറുണ്ട്. അവയ്ക്കു മേല്‍ നമുക്ക്‌ ഒരു നിയന്ത്രണവുമില്ലെങ്കിലും, നമ്മുടെ പ്രതികരണങ്ങളെ നമുക്ക്‌ നിയന്ത്രിക്കാവുന്നതാണ്. സത്യം എന്താണെന്ന് ദൈവത്തിനറിയാം. നിശബ്ദത ഒരു സംരക്ഷണമാണ്. ആക്ഷേപങ്ങളെ ശ്രദ്ധിക്കാതിരിക്കുക. 

15) എല്ലാവരുടേയും അഭിപ്രായം ആരായരുത്‌, നിന്റെ കുമ്പസാരകന്റെ അഭിപ്രായം മാത്രം ആരായുക; ഒരു ശിശുവിനെപ്പോലെ ലാളിത്യത്തോടു കൂടി എല്ലാക്കാര്യങ്ങളും അവനോടു തുറന്ന് പറയുക 

ജീവിതത്തിന്റെ ലാളിത്യം പിശാചിനെ ആട്ടിപ്പായിക്കും. നുണയനായ സാത്താനെ തോല്‍പ്പിക്കുവാനുള്ള ഒരായുധമാണ്‌ സത്യസന്ധത. നമ്മള്‍ ഒരു നുണപറയുമ്പോള്‍ സാത്താന്റെ കൂടാരത്തിലേക്ക്‌ ഒരു ചുവടു കൂടി വച്ച് അവനോട് അടുക്കുകയാണ് ചെയ്യുന്നത്. സാത്താനാകട്ടെ കൂടുതലായി നമ്മളെ പാപത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് ചലിപ്പിക്കുകയും ചെയ്യും. 

16) നന്ദികേടില്‍ നിരുല്‍സാഹപ്പെടാതിരിക്കുക 

നമ്മള്‍ ആർക്കെങ്കിലും നന്മ ചെയ്തിട്ട് അവരിൽ നിന്നും നന്ദികേട് നേരിടേണ്ടി വരുമ്പോള്‍ അത് നമ്മെ നിരാശപ്പെടുത്തുന്നു. വാസ്തവത്തിൽ ഇത് നമ്മുടെ ആത്മാവിനെ പിടികൂടുന്നു. പിശാചിന്റെ ഏറ്റവും ഫലവത്തായ പ്രലോഭനങ്ങളില്‍ ഒന്നാണിത്. എല്ലാ നന്മകളുടെയും ഉറവിടം ദൈവമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ദൈവം തന്റെ നന്മപ്രവർത്തികളുടെ ഒരു ഉപകരണമാക്കി നമ്മെ മാറ്റിയതിന് അവിടുത്തേക്ക് എപ്പോഴും നന്ദി പറയുക. അങ്ങനെ ഓരോ ദിവസങ്ങളും ആനന്ദദായകമാക്കാം. 

17) ഞാന്‍ നിന്നെ നയിക്കുന്ന വഴികളെ ആകാംക്ഷയാല്‍ പരിശോധിക്കരുത്. 

ഭാവിയെ കുറിച്ചു അറിയുവാനുള്ള ആഗ്രഹവും ആകാംക്ഷയും നമ്മളെ ദുര്‍മന്ത്രവാദികളുടെ പക്കല്‍ എത്തിക്കുന്നത് പിശാചിന്റെ ഒരു പ്രലോഭനമാണ്. ആഴമായ വിശ്വാസത്തില്‍ ജീവിതം മുന്നോട്ട് നീക്കുവാന്‍ ശ്രമിക്കുക. സ്വര്‍ഗ്ഗത്തിലേക്ക്‌ നമ്മളെ നയിക്കുന്ന ദൈവത്തില്‍ വിശ്വസിക്കുവാന്‍ തീരുമാനിക്കുക. ആകാംക്ഷയെ എപ്പോഴും ക്രിസ്തുവിലുള്ള വിശ്വാസം കൊണ്ട് പ്രതിരോധിക്കുക. 

18) മടുപ്പും നിരുത്സാഹവും നിന്നെ പിടികൂടുമ്പോള്‍ നിന്നില്‍ നിന്നും ഓടിയകന്ന്‍ എന്റെ ഹൃദയത്തില്‍ അഭയം തേടുക 

ഇതേ സന്ദേശം തന്നെ യേശു രണ്ടാമതും നല്‍കുന്നു. എന്നാല്‍ ഇപ്പോള്‍ യേശു മടുപ്പിനെയാണ് പരാമര്‍ശിക്കുന്നത്. അലസരുടെ ആത്മാക്കളെ പിശാച് എളുപ്പത്തില്‍ വേട്ടയാടുമെന്ന് അവിടുന്ന് ഫൗസ്റ്റീനയോട് പറഞ്ഞതായി ഡയറിയില്‍ മുന്‍പ്‌ രേഖപ്പെടുത്തിയിട്ടുണ്ട്. മടുപ്പിനെതിരെ ജാഗ്രത പുലര്‍ത്തുക. മാന്ദ്യവും, നിദ്രാലസതയും നമ്മളെ കീഴടക്കുന്ന പിശാചാണ്. അലസരായ ആളുകള്‍ എളുപ്പത്തില്‍ സാത്താന്റെ ഇരകളാവുന്നു. ഇതിനെ അതിജീവിക്കാൻ ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ വ്യാപൃതരാവുക. 

19) കഷ്ടതകളെ ഒരിക്കലും ഭയക്കരുത്; ദൈവത്തിൽ ആശ്രയിച്ചുകൊണ്ടുള്ള ധൈര്യം സാത്താനെ ഭയപ്പെടുത്തുന്നു. 

പിശാചിന്റെ സാധാരണ ആയുധങ്ങളില്‍ രണ്ടാമനാണ് ഭയം. (ഒന്നാമന്‍ അഹങ്കാരമാണ്). ദൈവത്തിൽ ആശ്രയിച്ചുകൊണ്ടുള്ള നമ്മുടെ ധൈര്യം സാത്താനെ ഭയപ്പെടുത്തുന്നു. യേശുക്രിസ്തുവിലുള്ള ഉറച്ച വിശ്വാസത്തിൽ നിന്നും ഉടലെടുക്കുന്ന ധൈര്യത്തിന്റെ മുന്‍പില്‍ നിന്നും സാത്താൻ ഓടി ഒളിക്കുന്നു. ദൈവമാണ് നമ്മുടെ മാര്‍ഗ്ഗമെന്ന്‍ മനസ്സിലാക്കുക. ക്രിസ്തുവില്‍ പ്രത്യാശയര്‍പ്പിച്ച് ധൈര്യമവലംഭിക്കുക. 

20) ‘ഞാന്‍ നിന്നോട് കൂടെയുണ്ട്’ എന്ന ദൃഡമായ വിശ്വാസത്തോട് കൂടി എപ്പോഴും പോരാടുവിന്‍. 

ഒരു മഠത്തിലെ കന്യാസ്ത്രീയോട് ദൃഡനിശ്ചയത്തോട് കൂടി പോരാടുവാന്‍ യേശു നിര്‍ദ്ദേശിക്കുന്നു. യേശു അവളുടെ കൂടെയുള്ളതു കൊണ്ടാണ് അവള്‍ക്ക് അപ്രകാരം പോരാടുവാന്‍ കഴിഞ്ഞത്. സാത്താന്റെ എല്ലാ തരത്തിലുള്ള കുടിലതകള്‍ക്കുമെതിരെ പോരാടുവാന്‍ വിളിക്കപ്പെട്ടവരാണ് ക്രിസ്ത്യാനികള്‍. നമ്മെ ഭയപ്പെടുത്തുവാന്‍ പിശാച് എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. ക്രിസ്തുവിലൂടെ ദൈവം എപ്പോഴും നമ്മുടെ കൂടെയുണ്ട് എന്ന ഉറച്ച ബോധ്യത്തോടുകൂടി പൈശാചികമായ ആക്രമണങ്ങളെ ചെറുത്ത് നില്‍ക്കുക. ദിവസം മുഴുവനും പരിശുദ്ധാത്മാവിനെ വിളിച്ചപേക്ഷിക്കുക. 

21) നീ ഒരിക്കലും നിന്റെ വിചാരങ്ങളാല്‍ നയിക്കപ്പെടുന്നവളാകരുത്, കാരണം അത് എപ്പോഴും നിന്റെ നിയന്ത്രണത്തില്‍ ആയിരിക്കണമെന്നില്ല; പക്ഷേ എല്ലാ യോഗ്യതകളും നമ്മുടെ ഇച്ഛയിലാണ് കുടികൊള്ളുന്നത്. 

നാം ഒരിക്കലും നമ്മുടെ വിചാരങ്ങളാല്‍ നയിക്കപ്പെടുന്നവരാകരുത്, കാരണം ബാഹ്യ ശക്തികൾക്ക് പലപ്പോഴും നമ്മുടെ വിചാരങ്ങളെ നിയന്ത്രിക്കാൻ സാധിക്കും. എല്ലാ യോഗ്യതകളും നമ്മുടെ ഇച്ഛയിലാണ് കുടികൊള്ളുന്നത്. കാരണം ഇച്ഛയിൽ നിന്നുമാണ് സ്നേഹത്തിന്റെ ഒരു പ്രവര്‍ത്തി ഉടലെടുക്കുന്നത്. നാമെല്ലാവരും പൂര്‍ണ്ണമായും യേശുവില്‍ സ്വതന്ത്രരാണ്. നാം ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടിയിരിക്കുന്നു, നന്മയേയും തിന്മയേയും കുറിച്ചുള്ള ഒരു തിരഞ്ഞെടുപ്പ്. 

22) എല്ലായ്പ്പോഴും നിന്റെ മേലധികാരികളെ അനുസരിക്കുക; ചെറിയ കാര്യങ്ങളില്‍ പോലും അവരോടു വിധേയത്വം പുലര്‍ത്തുക 

യേശു ഒരു സന്യാസിനിക്കാണ് ഇവിടെ നിര്‍ദ്ദേശം നല്‍കുന്നതെങ്കിലും നമുക്കെല്ലാവര്‍ക്കും കര്‍ത്താവ് നമ്മുടെ മേലധികാരിയായി ഉണ്ട്. ദൈവത്തില്‍ ആശ്രയിക്കുകയും അവിടുത്തെ കല്പനകൾ പാലിക്കുകയും ചെയ്യുക എന്നത് ആത്മീയ യുദ്ധത്തിലെ ഒരു ശക്തമായ ആയുധമാണ്. കാരണം ഈ യുദ്ധത്തിൽ നമുക്ക് ഒരിക്കലും ഒറ്റക്ക് വിജയിക്കുവാന്‍ സാധിക്കുകയില്ല. തിന്മയുടെ മേലുള്ള ക്രിസ്തുവിന്റെ വിജയത്തെ പ്രഘോഷിക്കുന്നത് ഏറെ അനുഗ്രഹപ്രദമാണ്. മരണത്തേയും, തിന്മയേയും കീഴടക്കുവാനാണ് യേശു വന്നിരിക്കുന്നത്. അവനിലുള്ള വിശ്വാസത്തെ ഉറക്കെ പ്രഖ്യാപിക്കുക. 

23) സമാധാനത്തിന്റേയും ആശ്വാസത്തിന്റേയും വാഗ്ദാനങ്ങളുമായി ഞാന്‍ നിന്നെ ഭ്രമിപ്പിക്കുകയില്ല; നേരെമറിച്ച്, മഹാ യുദ്ധങ്ങള്‍ക്ക് വേണ്ടി തയ്യാറെടുക്കുവിന്‍. 

ശാരീരികമായും ആത്മീയമായും നിരവധി സഹനങ്ങള്‍ വിശുദ്ധ ഫൗസ്റ്റീന നേരിട്ടിട്ടുണ്ട്. തന്നെ ശക്തിപ്പെടുത്തിയ ദൈവത്തിന്റെ സഹായം വഴി അവള്‍ സാത്താനെതിരെ മഹായുദ്ധങ്ങള്‍ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. മഹായുദ്ധങ്ങള്‍ക്ക് വേണ്ടി തയ്യാറെടുക്കുവിന്‍ എന്ന് ക്രിസ്തു വിശുദ്ധ ലിഖിതങ്ങളിലൂടെ വ്യക്തമായി നമ്മളോടു പറഞ്ഞിട്ടുണ്ട്. ദൈവത്തിന്റെ പടച്ചട്ട ധരിച്ചുകൊണ്ട് സാത്താനെ പരാജയപ്പെടുത്തുക. അതിനായി എപ്പോഴും ജാഗ്രതയും വിവേകവും ഉള്ളവരായി വര്‍ത്തിക്കുക. 

24) സ്വര്‍ഗ്ഗവും ഭൂമിയും നിന്നെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു വലിയ വേദിയിലാണ് നീ ജീവിച്ചിരിക്കുന്നതെന്ന കാര്യം എപ്പോഴും ഓർമ്മിക്കുക 

നമ്മള്‍ എല്ലാവരും ഒരു വലിയ വേദിയിലാണ് ജീവിക്കുന്നത്. മുഴുവന്‍ സ്വര്‍ഗ്ഗവും, ഭൂമിയും നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ വേദിയില്‍. നമ്മുടെ ജീവിതം എന്ത് സന്ദേശമാണ് നല്‍കുന്നത്? നമ്മളില്‍ നിന്നും മറ്റുള്ളവരിലേക്ക് പ്രസരിക്കുന്നത് എന്താണ്? നമ്മുടെ ജീവിത രീതിക്കനുസൃതമായി നാം കൂടുതല്‍ പ്രകാശത്തേയാണോ അതോ ഇരുട്ടിനേയാണോ ആകര്‍ഷിക്കുന്നത്? 

25) ഒരു യോദ്ധാവിനേ പോലെ യുദ്ധം ചെയ്യുക. ഞാന്‍ നിനക്ക് പ്രതിഫലം തരും. യാതൊരു കാര്യവുമില്ലാതെ ഭയചികിതയാകരുത്. 

വിശുദ്ധ ഫൗസ്റ്റീനയോടുള്ള കര്‍ത്താവിന്റെ വാക്കുകള്‍ നമ്മളെ സംബന്ധിച്ചിടത്തോളം അമൂല്യമായ മന്ത്രങ്ങളാണ്: ഒരു യോദ്ധാവിനെപ്പോലെ യുദ്ധം ചെയ്യുക. ക്രിസ്തുവിന് വേണ്ടി യുദ്ധം ചെയ്യുന്ന ഒരു പോരാളിക്ക് താന്‍ യുദ്ധം ചെയ്യുന്നതിന്റെ കാരണം നല്ലപോലെ അറിയാം. 

ചെറുപ്പക്കാരിയും, വിദ്യാഭ്യാസമില്ലാത്തവളുമായ പോളണ്ടിലെ ഒരു എളിയ കന്യാസ്ത്രീക്ക് യേശുവുമായി ഐക്യപ്പെടുവാനും, ഒരു യോദ്ധാവിനെപ്പോലെ യുദ്ധം ചെയ്യുവാനും സാധിച്ചെങ്കില്‍, എല്ലാ ക്രിസ്ത്യാനികള്‍ക്കും അത് ചെയ്യുവാന്‍ സാധിക്കും. വിശ്വാസമാണ് വിജയം വരിക്കുക. വിശുദ്ധ ഫൗസ്റ്റീനയ്ക്കു കര്‍ത്താവ് നല്കിയ ആത്മീയ ആയുധങ്ങള്‍ ഓരോ ക്രിസ്ത്യാനിക്കും അവിടുന്ന് നല്കിയ ആയുധങ്ങളാണെന്ന് നമ്മുക്ക് തിരിച്ചറിയാം. ഇഹലോക ജീവിതത്തില്‍ നാം നേരിടുന്ന പൈശാചിക ആക്രമണങ്ങള്‍ക്ക് എതിരെ പടവെട്ടാന്‍ ഈ ആയുധങ്ങളെ നമ്മുക്ക് ധരിക്കാം. 
 

 

Source pravachakasabdam

News updates
Added On: 11-Jan-2024
മാർ റാഫേല്‍ തട്ടില്‍ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ്കൊച്ചി: 35 രൂപതകളിലും അതിനുപുറത്തുമായി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന അന്‍പതു ലക്ഷത്തിൽപ്പരം…
Read More
View All News
© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions