News

കാര്‍ളോ വഴികാട്ടിയായി: ബ്രാഹ്മണ സമുദായംഗമായ രാജേഷ് മോഹർ യേശുവിനെ രക്ഷകനായി സ്വീകരിച്ചു

Added On: Oct 12, 2020

റോം: ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്‍റര്‍നെറ്റും കംപ്യൂട്ടറും ഉപയോഗിച്ച് വിശുദ്ധ പദവിയ്ക്കരികെ എത്തിയിരിക്കുന്ന കാർളോ അക്യുറ്റിസിനെ കുറിച്ചുള്ള പോസ്റ്റുകളാണ് നവമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്നത്. തിരുവോസ്തിയില്‍ സജീവ സാന്നിധ്യമുള്ള കര്‍ത്താവിനെ തന്റെ കൊച്ചു പ്രായത്തില്‍ ലോകത്തിന് മുന്നില്‍ പ്രഘോഷിക്കുവാന്‍ കാര്‍ളോ കാണിച്ച തീക്ഷ്ണത വഴി അനേകരാണ് സത്യവിശ്വാസം സ്വീകരിക്കുവാന്‍ കാരണമായത്. കാര്‍ളോ കര്‍ത്താവിനു വേണ്ടി നേടിയ ആത്മാക്കളില്‍ അവന്റെ സന്തതസഹചാരിയായിരിന്ന ഗുജറാത്തിലെ ഉദയ്പൂര്‍ സ്വദേശിയും ബ്രാഹ്മണ സമുദായംഗവുമായ രാജേഷ് മോഹർ എന്നയാളും ഉള്‍പ്പെട്ടിരിന്നുവെന്നത് അധികം പേരും അറിയാത്ത ഒരു കാര്യമാണ്.

കാര്‍ളോയുടെ വീടിന്റെ അടുത്തു താമസിച്ചിരുന്ന രാജേഷ്‌ മോഹർ ഹിന്ദു മതാചാരങ്ങള്‍ അനുഷ്ഠിച്ചുപോരുകയായിരുന്നു. ജോലി അന്വേഷണത്തിനിടെ കാർളോയുടെ പിതാവ് ആൻഡ്രിയ അക്യുറ്റിസിനെ പരിചയപ്പെട്ടതാണ് അദ്ദേഹത്തിന്റെ ജീവിതം മാറിമറിയാന്‍ കാരണമായത്. അങ്ങനെ ജോലിയ്ക്കപ്പുറത്ത് കാര്‍ളോയുടെ കുടുംബത്തിലെ ഒരു അംഗമായി രാജേഷും മാറി. സംസാരം കൊണ്ടും പ്രവര്‍ത്തികൊണ്ടും അനേകരെ സ്വാധീനിച്ച കാര്‍ളോ തന്റെ ശ്രദ്ധേയമായ വ്യക്തിത്വം കൊണ്ട് രാജേഷിനെയും സ്പര്‍ശിക്കുവാന്‍ തുടങ്ങി. അങ്ങനെ ഇടവേളകളിലെ കാര്‍ളോയുടെ സംസാരം 'സത്യം അന്വേഷിക്കുവാന്‍' ഈ ഹൈന്ദവ സഹോദരനെയും പ്രേരിപ്പിക്കുകയായിരിന്നു.

സംസാരത്തിന് ഇടയില്‍ ഈശോയെപ്പറ്റിയും ദിവ്യകാരുണ്യ അത്ഭുതങ്ങളെയും കുറിച്ച് കാർളോ സംസാരിച്ചിരിന്നു. അവന്റെ വാക്കുകളും സഹജീവികളോടുള്ള പെരുമാറ്റവും രാജേഷില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. ക്രിസ്തുവിനെ പ്രതിയുള്ള ചെറിയ നന്മ പ്രവര്‍ത്തിയില്‍ പോലും കാര്‍ളോ കണ്ടെത്തുന്ന സന്തോഷം രാജേഷിന്റെ പൂര്‍വ്വകാല വിശ്വാസ ബോധ്യങ്ങള്‍ക്ക് മുന്നില്‍ വലിയ ചോദ്യമാണ് ഉയര്‍ത്തിയത്. ഇത്തരത്തില്‍ കാര്‍ളോ ചെലുത്തിയ ശക്തമായ സ്വാധീനത്തിനു ഒടുവില്‍, ജീവിതത്തില്‍ ലഭിച്ച വ്യക്തമായ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുകയായിരിന്നു.

യേശു ക്രിസ്തുവിനോട് കൂടുതൽ ബന്ധപ്പെടുമ്പോള്‍ ജീവിതത്തിൽ ആനന്ദം ലഭിക്കുമെന്ന കാർളോയുടെ വാക്കുകളാണ് തന്നെ ക്രിസ്തീയ വിശ്വാസവുമായി കൂടുതല്‍ അടുപ്പിച്ചതെന്നു രാജേഷ് ഇന്നു പറയുന്നു. പത്തു വര്‍ഷത്തോളമാണ് ഈ മനുഷ്യന്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച് മരിച്ച ഈ കൌമാര വിശുദ്ധന്റെ ഒപ്പം സമയം ചെലവിട്ടത്. തന്റെ പ്രിയപ്പെട്ട കാര്‍ളോ വിടവാങ്ങിയതിന് പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷവും കാര്‍ളോയുടെ കുടുംബവുമായുള്ള ബന്ധം രാജേഷ് സജീവമായി തുടരുന്നുണ്ട്. ഇന്നലെ അസീസ്സിയിലെ വിശുദ്ധ ഫ്രാന്‍സിസ് ബസിലിക്കയില്‍ നടന്ന വാഴ്ത്തപ്പെട്ട പദപ്രഖ്യാപന ചടങ്ങില്‍ രാജേഷും പങ്കെടുത്തിരിന്നു.

 

Source  pravachakasabdam

© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions