News

'നൈറ്റ്സ് ഓഫ് കൊളംബസ്' സ്ഥാപകന്‍ ഫാ. മക്ഗിവ്നി വാഴ്ത്തപ്പെട്ട പദവിയിൽ

Added On: Nov 02, 2020

ഹാര്‍ട്ട്ഫോര്‍ഡ്: ഒരു നൂറ്റാണ്ടിലേറെ കാലമായി ജീവകാരുണ്യ രംഗത്ത് സജീവമായ കത്തോലിക്ക സന്നദ്ധ സംഘടന 'നൈറ്റ്സ് ഓഫ് കൊളംബസ്' സ്ഥാപകന്‍ ഫാ. മൈക്കേല്‍ മക്ഗിവ്നിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31ന് കണക്റ്റികട്ടിലെ ഹാര്‍ട്ട്ഫോര്‍ഡിലെ സെന്റ്‌ ജോസഫ് കത്തീഡ്രലില്‍വെച്ച് നടന്ന ചടങ്ങിലാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ഫാ. മക്ഗിവ്നിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക ഉത്തരവ് ചടങ്ങില്‍ വായിച്ചു. നെവാര്‍ക്ക് മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ജോസഫ് ടോബിന്‍ ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ബോസ്റ്റണിലെ കര്‍ദ്ദിനാള്‍ സീന്‍ ഒ’മാലി, ന്യൂയോര്‍ക്ക് കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍ എന്നിവര്‍ സഹകാര്‍മ്മികരുമായിരുന്നു. വിശുദ്ധ കുര്‍ബാനയോടെയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. വാഴ്ത്തപ്പെട്ട മക്ഗിവ്നി ജനിച്ച ഓഗസ്റ്റ് 12നും (1852), മരണപ്പെട്ട ഓഗസ്റ്റ് 14നും (1890) ഇടക്കുള്ള ഓഗസ്റ്റ് 13 ആണ് അദ്ദേഹത്തിന്റെ തിരുനാള്‍ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

യുക്രൈന്‍ കത്തോലിക്കാ സഭാ പ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി മെത്രാപ്പോലീത്തമാരും മെത്രാന്മാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. സുവിശേഷം പ്രഘോഷിക്കുവാനുള്ള മക്ഗിവ്നിയുടെ ആവേശവും, തന്റെ സഹോദരീ-സഹോദരന്‍മാരോടുള്ള അദ്ദേഹത്തിന്റെ ഔദാര്യ മനോഭാവവും, ക്രിസ്തീയ ഐക്യവും, സാഹോദര്യത്തിന്റേയും അസാധാരണ സാക്ഷ്യമാണ് മക്ഗിവ്നിയെ വാഴ്ത്തപ്പെട്ട പദവിക്കര്‍ഹനാക്കിയതെന്ന് പാപ്പ അപ്പസ്തോലിക സന്ദേശത്തില്‍ കുറിച്ചു. ബാള്‍ട്ടിമോര്‍ മെത്രാപ്പോലീത്ത വില്ല്യം ലോറി പാപ്പയുടെ കത്തിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ വായിച്ചു തീര്‍ന്ന ഉടന്‍ ഫാ. മക്ഗിവ്നിയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തു.

സുപ്രീം നൈറ്റ് കാള്‍ ആന്‍ഡേഴ്സൻ ഫാ. മക്ഗിവ്നിയുടെ ജീവചരിത്രം വായിച്ചു. അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥത്താല്‍ രോഗശാന്തി ലഭിച്ച മൈക്കേല്‍ ഷാച്ചെലും, മാതാപിതാക്കളും സഹോദരന്‍മാരും ഫാ. മക്ഗിവ്നിയുടെ തിരുശേഷിപ്പടങ്ങിയ അരുളിക്ക കര്‍ദ്ദിനാള്‍ ടോബിന് കൈമാറി. ഗര്‍ഭാവസ്ഥയില്‍ ശരീരത്തില്‍ ജലാംശം കൂടിയ മാരകമായ രോഗാവസ്ഥയില്‍ നിന്നും മൈക്കേല്‍ ഷാച്ചെലിനെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് ഫാ. മക്ഗിവ്നിയുടെ മാധ്യസ്ഥമാണെന്ന് വത്തിക്കാന്‍ അംഗീകരിച്ചിരിന്നു. ഫാ. മൈക്കേല്‍ മക്ഗിവ്നി തന്റെ പ്രേഷിത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ഥാപിച്ച നൈറ്റ്സ് ഓഫ് കൊളംബസ് ഇന്ന്‍ 20 ലക്ഷത്തിലധികം അംഗങ്ങളുള്ള ഒരു അന്താരാഷ്‌ട്ര ജീവകാരുണ്യ സംഘടനായി വളര്‍ന്നു കഴിഞ്ഞുവെന്നു കർദ്ദിനാൾ ടോബിന്‍ സ്മരിച്ചു. ആഗോളതലത്തില്‍ ദുരിതമനുഭവിക്കുന്നവരും, അടിച്ചമര്‍ത്തപ്പെട്ടവരും, അഭയാര്‍ത്ഥികളുമായ ക്രിസ്ത്യാനികള്‍ക്കിടയില്‍ ഏതാണ്ട് 17,50,79,192 ഡോളറോളം വരുന്ന സാമ്പത്തിക സഹായം നൽകിയ സംഘടനയാണ് നൈറ്റ്സ് ഓഫ് കൊളംബസ്.

 

Source  pravachakasabdam

News updates
Added On: 04-Apr-2021
ക്രിസ്തുവിന്റെ ഉത്ഥാനം പ്രതികൂല സാഹചര്യങ്ങളെ പ്രതീക്ഷയോടെ നോക്കിക്കാണുവാൻ ശക്തി നല്കുന്നു : കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ ഈസ്റ്റർദിന സന്ദേശംകൊച്ചി: നമ്മെ…
Read More
Added On: 02-Apr-2021
ദുഃഖവെള്ളിയാഴ്ച എങ്ങനെ "നല്ല വെള്ളിയാഴ്ച (GOOD FRIDAY)" ആയി രൂപാന്തരപ്പെട്ടു? ഒരു വിചിന്തനംജോസ് കുര്യാക്കോസ് 02-04-2021 - Fridayനമ്മില്‍ പലരും ആഴത്തില്‍…
Read More
Added On: 02-Apr-2021
വിളവും കളയും ഇടകലർന്ന നമ്മുടെ മനസ്സുകളിൽ യേശുവിന്‍റെ വാക്കുകൾ പ്രകാശമാകണം: പെസഹ സന്ദേശത്തില്‍ പാപ്പവത്തിക്കാന്‍ സിറ്റി: വിളവും കളയും ഇടകലർന്ന നമ്മുടെ…
Read More
View All News
© Copyright 2019 Powered by Webixels | Privacy Policy