തിരുപ്പിറവിയുടെ അടയാളങ്ങളിൽ നിന്നുപോകാതെ യേശുവിലേക്ക് കടക്കുക: ഫ്രാന്‍സിസ് പാപ്പ
വത്തിക്കാന്‍ സിറ്റി: അടയാളങ്ങളിൽ നിശ്ചലരായിപ്പോകാതെ അവയുടെ അർത്ഥത്തിലേക്കു, അതായത് യേശുവിലേക്ക്, അവിടുന്ന് നമുക്കു വെളിപ്പെടുത്തിത്തന്ന ദൈവസ്നേഹത്തിലേക്ക് കടക്കാൻ പരിശ്രമിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. വത്തിക്കാനിൽ നയിച്ച ത്രികാലപ്രാർത്ഥനയുടെ അവസാനം ആശീർവ്വാദാനന്തരം, തീർത്ഥാടകരെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരിന്നു പാപ്പ. വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ ഉയർത്തിയിരിക്കുന്ന ക്രിസ്തുമസ് ട്രീയെയും അവിടെ ഒരുക്കിക്കൊണ്ടിരിക്കുന്ന പുൽക്കൂടിനെയും കുറിച്ച് പരാമർശിക്കവേയാണ് പാപ്പ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
ആവശ്യത്തിലിരിക്കുന്നവരുടെ നേർക്ക് നാം കരം നീട്ടുമ്പോൾ ദൈവം നമ്മിലും നമ്മുടെ ഇടയിലും വീണ്ടും ജനിക്കുമെന്നും പാപ്പ പറഞ്ഞു. നമുക്ക് വെളിപ്പെടുത്തിയിട്ടുള്ള ദൈവസ്നേഹത്തിലേക്ക്, അവൻ ലോകത്തിന് തിളക്കമുണ്ടാക്കിയ അനന്തമായ നന്മയിലേക്ക് പോകാം. ഈ പ്രകാശം കെടുത്താൻ മഹാമാരിയ്ക്കു കഴിയില്ല. നമ്മുടെ ഹൃദയത്തിലേക്കു കടന്നുവരാൻ ആ അനന്ത നന്മയെ അനുവദിക്കാം. ഏറ്റവും ആവശ്യത്തിലിരിക്കുന്നവരുടെ നേർക്ക് കരം നീട്ടാം. ഇത് ചെയ്യുമ്പോള്‍ ദൈവം നമ്മിലും പുതുതായി ജനിക്കുമെന്നും പാപ്പ പറഞ്ഞു.