കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി ഇനി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ പുരാതന മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് പഴയപള്ളി (അക്കരപ്പള്ളി)ഇനി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം. പഴയപള്ളിയില്‍ നടന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒപ്പുവച്ച ഡിക്രി സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ വൈസ് ചാന്‍സലര്‍ റവ.ഡോ. ഏബ്രഹാം കാവില്‍പുരയിടവും മലയാളം പരിഭാഷ രൂപത ചാന്‍സലര്‍ റവ.ഡോ. കുര്യന്‍ താമരശേരിയും വായിച്ചു. തുടര്‍ന്ന് മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന് ഔദ്യോഗിക പ്രഖ്യാപന ഡിക്രി കൈമാറി.
മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയമായി ഉയര്‍ത്തപ്പെട്ട സെന്റ് മേരീസ് അക്കരപ്പള്ളിയുടെ വികാരിയെ ആര്‍ച്ച് പ്രീസ്റ്റായി പ്രഖ്യാപിക്കുന്ന കല്‍പന റവ.ഡോ. ഏബ്രഹാം കാവില്‍പുരയിടം വായിച്ചു. പ്രഥമ ആര്‍ച്ച് പ്രീസ്റ്റ് ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍ ഇത് മേജര്‍ ആര്‍ച്ച്ബിഷപ്പില്‍നിന്ന് ഏറ്റുവാങ്ങി. മാര്‍ ജോസ് പുളിക്കല്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിനെയും മറ്റു പിതാക്കന്മാരെയും പ്രതിനിധികളെയും സ്വാഗതം ചെയ്തു. നിലയ്ക്കല്‍നിന്നെത്തിയ വിശ്വാസീ സമൂഹത്തിന്റെ വിശ്വാസദാര്‍ഢ്യ മാതൃക അനുസ്മരണീയമാണ്.
കാഞ്ഞിരപ്പള്ളിയിലെ വിശ്വാസികള്‍ക്ക് പരിശുദ്ധ മാതാവിന്റെ അമലോത്ഭവ തിരുനാള്‍ദിനത്തില്‍ ഈ അനുഗ്രഹം യാഥാര്‍ഥ്യമായതില്‍ അഭിമാനിക്കാമെന്നും തലമുറകളുടെ പൈതൃകമുള്ള പവിത്രമായ ദേവാലയമാണ് പഴയപള്ളിയെന്നും മാര്‍ ജോസ് പുളിക്കല്‍ ഉദ്‌ബോധിപ്പിച്ചു.
സഭയാകുന്ന നൗകയില്‍ വിശ്വാസത്തില്‍ അടിയുറച്ച് സ്വര്‍ഗമാകുന്ന അക്കരയ്ക്ക് യാത്രചെയ്യുന്നവരായ വിശ്വാസികള്‍ക്ക് പരിശുദ്ധ അമ്മയോടുള്ള പ്രാര്‍ഥന തുണയാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാന മധ്യേ സന്ദേശത്തില്‍ പറഞ്ഞു.