News

വിശുദ്ധ നിക്കോളാസ് എങ്ങനെ സാന്താക്ലോസ് ആയി മാറി? ചരിത്രത്തിലൂടെ ഒരു യാത്ര

Added On: Dec 24, 2020

മൂന്നാം നൂറ്റാണ്ടില്‍ ഒരു സമ്പന്ന ക്രൈസ്തവ കുടുംബത്തിലാണ്‌ വിശുദ്ധ നിക്കോളാസ് ജനിച്ചത്. പ്ലേഗ് രോഗത്തെ തുടര്‍ന്നുണ്ടായ മാതാപിതാക്കളുടെ ആകസ്മിക മരണം അദ്ദേഹത്തെ ഭാരിച്ച കുടുംബസ്വത്തിന് അവകാശിയാക്കി തീര്‍ത്തു. ക്രിസ്തുവിനോടുള്ള തീവ്രമായ സ്നേഹം മൂലം, തന്‍റെ സമ്പത്ത് സാധുക്കള്‍ക്ക് ദാനം ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു.

അശരണരോടുള്ള കരുണയിലും, കുട്ടികളോടുള്ള വാത്സല്യത്തിലും, വിവിധ മേഖലകളിലെ തൊഴിലാളികളോടുള്ള സഹായ സഹകരണം വഴിയായും അദ്ദേഹം പ്രസിദ്ധനായിത്തീര്‍ന്നു. അടിമവ്യാപാരം വ്യാപകമായിരിന്ന ഒരു കാലഘട്ടമായിരിന്നു അത്. അടിമകളായി വില്‍ക്കപ്പെടാന്‍ പോകുന്ന കുട്ടികളെ വീണ്ടെടുക്കാനായി അദ്ദേഹം തന്‍റെ ധനം മുഴുവന്‍ വിനിയോഗിച്ചു. തനിക്കുള്ള സര്‍വ്വസവും ഉപേക്ഷിച്ച നിക്കോളാസ് ദൈവവിളി സ്വീകരിച്ചു ക്രിസ്തുവില്‍ ഒന്നായി. പിന്നീട് അദ്ദേഹം മെത്രാനായി നിയമിതനായി.തന്‍റെ ശുശ്രൂഷ മേഖലയില്‍ കഠിനാധ്വാനം ചെയ്ത അദ്ദേഹം ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ പീഡനകാലത്ത്, നാടുകടത്തപ്പെട്ട് ജയിലിലടക്കപ്പെട്ടു.

പിന്നീട് ജയില്‍ മോചിതനായ അദ്ദേഹം എ.ഡി. 325-ലെ നിഖ്യാ കൗണ്‍സിലില്‍ സംബന്ധിച്ചപ്പോള്‍, അവിടെ വച്ച് ഏരിയസ് എന്ന മതദുഷ്പ്രചാരകന്‍റെ കരണത്തടിച്ചിരിന്നു. ഇത് പില്‍കാലത്തെ വലിയ ഒരു സംഭവമായി ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എ.ഡി. 343 ഡിസംബര്‍ 6-ന് അദ്ദേഹം മീറായില്‍ വച്ച് മരിച്ചു. അദ്ദേഹത്തെ സ്വന്തം കത്തീഡ്രല്‍ പള്ളിയില്‍ സംസ്കരിച്ചു. കാലാന്തരത്തില്‍, അദ്ദേഹത്തിന്‍റെ ദാനശീലത്തെപ്പറ്റി ധാരാളം കഥകള്‍ പരക്കുകയും യൂറോപ്പിലാകമാനമുള്ള അത്ഭുതപ്രവര്‍ത്തകരായ വിശുദ്ധന്മാരില്‍ ‍ഒരാളായിത്തീരുകയും ചെയ്തു.

ധാരാളം യാത്ര ചെയ്ത ഒരാളായിരുന്നു വിശുദ്ധ നിക്കോളാസ്; കടല്‍യാത്രക്കാരുടെ സംരക്ഷകന്‍ എന്ന വിശേഷണവും വിശുദ്ധ നിക്കൊളാസിന് ഉണ്ടായിരിന്നു. പുതുതായി കണ്ടെത്തുന്ന രാജ്യത്ത് എത്തിച്ചേര്‍ന്ന ആദിമ യൂറോപ്പുകാര്‍ തങ്ങളുടെ മധ്യസ്ഥ സഹായകനായി ഈ വിശുദ്ധനെ കൂടെ കൂട്ടിയിരിന്നു.

1492 ഡിസംബര്‍ 6 ന് വിശുദ്ധന്‍റെ തിരുനാള്‍ ദിനത്തില്‍ ഹെയിത്തി തുറമുഖത്തെത്തിയ കൊളംബസ്, അതിന് "വിശുദ്ധ നിക്കോളാസിന്‍റെ തുറമുഖം" എന്ന്‍ പേരിട്ടു. 'ജാക്സണ്‍വില്ലി' യെന്ന്‍ ഇന്ന് അറിയപ്പെടുന്ന ഫ്ലോറിഡായിലെ പട്ടണത്തെ സ്പെയിന്‍കാരായ ദേശപര്യവേക്ഷകര്‍, പില്‍കാലത്ത് "വിശുദ്ധ നിക്കോളാസ് കടവ്" എന്നാണ് വിളിച്ചിരിന്നത്.

വിശുദ്ധന്മാരോട് വേണ്ടത്ര ആഭിമുഖ്യം കാണിക്കാത്തവരായിരുന്നു പ്രോട്ടസ്റ്റന്‍റ് വിപ്ലവകാരികള്‍; എന്നാല്‍, വിശുദ്ധ നിക്കോളാസിന്‍റെ തിരുന്നാളാഘോഷങ്ങള്‍ വളരെ വ്യാപകമായിരുന്നതിനാല്‍, അത് വേരോടെ പിഴുതെറിയുവാന്‍ അവര്‍ക്കാകുമായിരുന്നില്ല. നീണ്ട വെള്ളത്താടിയുള്ള ഒരാളെ ചുവന്ന വസ്ത്രമണിയിച്ചു മെത്രാനായി വേഷം കെട്ടിച്ച്, കുതിരപ്പുറത്തു കയറ്റി തെരുവീഥികളിലൂടെ ഘോഷയാത്ര നടത്തുന്ന ആഘോഷം വടക്കന്‍ യൂറോപ്പുകാര്‍, പ്രത്യേകിച്ച് ഡച്ചുകാര്‍ തുടര്‍ന്നു പോന്നു.

അടിമകളായി വില്‍ക്കപ്പെടാന്‍ പോകുന്ന കുട്ടികളെ സ്വര്‍ണ്ണസമ്മാനങ്ങള്‍ നല്‍കി വീണ്ടെടുത്ത നിക്കോളാസിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഓര്‍മ്മയ്ക്കായി, കുട്ടികളുടെ സല്‍ക്കാരങ്ങളും, തങ്ങളുടെ വസ്ത്രത്തില്‍ അണ്ടിപ്പരിപ്പും, ആപ്പിളും, മിഠായീയും നിറച്ചു വയ്ക്കുന്ന ആഘോഷങ്ങളും പതിവായിരുന്നു.

ആധുനികലോകത്തേക്ക് "നിക്കോളാസ്ദിന" ആചാരങ്ങള്‍ കൊണ്ടുവന്നത് ഡച്ചുകാരാണെന്നാണ് പൊതുവിശ്വാസം. എന്നാല്‍ ഇതിനോട് ചരിത്രകാരന്മാര്‍ യോജിക്കുന്നില്ല; പെനിസില്‍വാനിയായിലെ ജര്‍മ്മന്‍ കുടിയേറ്റക്കാരായ "പെനിസില്‍ വാനിയാഡച്ച്" യാണ് നിക്കോളാസ് പെരുന്നാള്‍ കൊണ്ട് വന്നതെന്നാണ് അവരുടെ അഭിപ്രായം. പെനിസില്‍ വാനിയാ വഴിയാണ് 'നിക്കോളാസ് ആഘോഷങ്ങള്‍' ന്യൂയോര്‍ക്കില്‍ എത്തപ്പെട്ടത്. എന്നാല്‍ അമേരിക്കയുടെ അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമാണ് ന്യൂയോര്‍ക്കിലുണ്ടായിരുന്ന ഡച്ചുകാര്‍ അവരുടെ പാരമ്പര്യ ആചാരം ആഘോഷിക്കാന്‍ തുടങ്ങിയത്.


ദേശസ്നേഹിയും പുരാവസ്തുഗവേഷകനുമായിരുന്ന ജോണ്‍ പിന്‍റാര്‍ഡ് ആണ് വിശുദ്ധ നിക്കോളാസിനെ ലോകമെങ്ങും പ്രചരിപ്പിച്ചതെന്ന് The St. Nicholas Centres Website വെളിപ്പെടുത്തുന്നത്. 1804-ല്‍ ദ ന്യൂയോര്‍ക്ക് ഹോസ്ട്രിക്കല്‍ സോസൈറ്റി സ്ഥാപിച്ചത് ജോണ്‍ പിന്‍റാര്‍ഡ് ആയിരിന്നു.

1809 ജനുവരിയില്‍, 'വാഷിംഗ്‌ടണ്‍ ഐര്‍വിംഗ്' എന്ന ചരിത്രസംഘടനയില്‍ അംഗത്വം നേടിയ അദ്ദേഹം, അതേ വര്‍ഷം നിക്കോളാസ് ദിനത്തില്‍ 'Knickerbocker's History of New York' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. രസികനായ വിശുദ്ധ നിക്കോളാസിനെപ്പറ്റിയുള്ള ഫലിതകഥകള്‍ അടങ്ങിയ പുസ്തകമാണിത്. ഈ ചരിത്ര സംഘടനയുടെ അഭിപ്രായ പ്രകാരം, വി.നിക്കോളാസ് ഒരു കിഴക്ക് നിന്നുള്ള യാഥാസ്ഥിതിക മെത്രാനല്ല, മറിച്ച് ഒരു മണ്‍പൈപ്പുമായി നില്‍ക്കുന്ന കുസൃതിക്കാരനായ ഡച്ചുകാരനായിട്ടാണ് അവര്‍ കാണുന്നത്.

കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുവാനായി പുകക്കുഴലിലൂടെ ഊര്‍ന്നിറങ്ങി വരുന്നവനായി നിക്കോളാസിനെ ആദ്യമായി ചിത്രീകരിക്കുന്നത് 'St Nick in Dutch New Amsterdam' എന്ന പുസ്തകത്തിലാണ്. 1810 ഡിസംബര്‍ 6-ലെ നിക്കോളാസ് തിരുന്നാള്‍ 'ന്യൂയോര്‍ക്ക് ചരിത്രസംഘം' ആദ്യമായി ആഘോഷിച്ചപ്പോള്‍ നിക്കോളാസിന്‍റെ ഒരു ചിത്രം വരയ്ക്കുവാന്‍ പിന്‍റാര്‍ഡ്, അലക്സാണ്ടര്‍ ആന്‍ഡേഴ്സണ്‍ എന്ന ചിത്രകാരനോട് ആവശ്യപ്പെട്ടു. പതിനൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം വില്യം ബി. ഗില്ലി 'Sante Claus the children friend' എന്ന പേരില്‍ മറ്റൊരു പുസ്തകം പുറത്തിറക്കി.

വേഗതയുള്ള കലമാന്‍ വലിക്കുന്ന ഹിമവണ്ടിയില്‍ സമ്മാനങ്ങളുമായി വിശുദ്ധന്‍ വടക്കുനിന്നും വരുന്നതായിട്ടാണ് ഈ പുസ്തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒരു‍ സുന്ദര കവിത ആലേഖനം ചെയ്ത ഈ ചിത്രം നിക്കോളാസ് മെത്രാന്‍റെ ഓര്‍മകള്‍ക്ക് കൂടുതല്‍ ഭംഗി നല്‍കിയെന്ന് നിസംശയം പറയാം.

രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍, നിക്കോളാസിനെപ്പറ്റിയുള്ള കഥകളെല്ലാം കോര്‍ത്തിണക്കിക്കൊണ്ട്, ഏറ്റവും പ്രസിദ്ധമായ 'A visit from St. Nicholas' എന്ന ഒറ്റഗാനം പുറത്തിറങ്ങി; അതാണ്, ഇന്ന് The night Belone എന്ന പേരില്‍ അറിയപ്പെടുന്ന പ്രസിദ്ധ ഗാനം.

1920 ആയപ്പോഴേക്കും, പേരുകേട്ട ചിത്രകാരന്മാരായ എന്‍.സി. വയത്തും ജെ.സി.ലിയന്‍ഡെക്കറും ചുവപ്പുവേഷ ധാരിയായ, വെളുത്ത താടിക്കാരനായ മനുഷ്യന്‍റെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ അവര്‍ ഉണ്ടാക്കി. ഈ പാരമ്പര്യം പിന്‍തുടര്‍ന്ന്‍ 1930 കളില്‍ നോര്‍മന്‍ ‍റോക്ക്വോല്‍, The Saturday Evening Post എന്ന പ്രസിദ്ധീകരണത്തിന് വേണ്ടി, മുഖചിത്രങ്ങള്‍ വരച്ചു.

1931-ല്‍ ചിത്രകാരന്‍ ഹാഡണ്‍ സണ്‍ട്ബ്ലോം സാന്‍റായെ കൊക്കക്കോളയുമായി ബന്ധിപ്പിച്ച് "കൊക്കക്കോള സാന്‍റായെ" സൃഷ്ടിച്ചു. തീരാത്ത ക്രിസ്തുമസ് ദിന യാത്രകളില്‍, ഒരു വീട്ടില്‍ നിന്നിറങ്ങി അടുത്ത വീട്ടില്‍ കയറുന്നതിനു മുമ്പ്, ദാഹശമനത്തിനായി കോക്കകോള വലിച്ചുകുടിക്കുന്ന സാന്‍റായുടെ മുഖം അന്നത്തെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

തല്‍ഫലമായി വിശുദ്ധ നിക്കോളാസിന്‍റെ സാന്‍റാ എന്ന രൂപം ലോകോത്തര കച്ചവടക്കാരന്‍റേതാക്കി മാറ്റി എന്നു തുറന്നു സമ്മതിച്ചേ മതിയാകുള്ളൂ. കുറച്ചും കൂടി വ്യക്തമാക്കിയാല്‍ വര്‍ഷാവസാനത്തില്‍ ഏതാണ്ട് എന്തും വില്‍ക്കുന്ന മാന്ത്രിക വില്‍പ്പനക്കാരനാക്കി അദ്ദേഹത്തെ മാറ്റി എന്നു പറയേണ്ടി വരും.

ഇന്ന് സാന്‍റാക്ലോസിന് വിശുദ്ധ നിക്കോളാസുമായുള്ള ബന്ധം പൂര്‍ണ്ണമായും അറ്റുപോയിരിക്കുന്ന സാഹചര്യത്തില്‍ ശരിയായ നിക്കോളാസ് ദിനാഘോഷം പുനര്‍ജ്ജീവിപ്പിക്കാനുള്ള ഒരു നല്ല കാലയളവാണിത്. നമുക്ക് വിശുദ്ധ നിക്കോളാസിനെ മടക്കിക്കൊണ്ടുവരാം. സാന്തയുടെ വരവിനെ നിക്കോളാസിന്‍റെ യഥാര്‍ത്ഥ വീര്യം ഓര്‍മ്മിപ്പിക്കുന്ന ഒന്നായി സ്മരിക്കാം.

കുട്ടികളോടുള്ള ദയാവയ്പില്‍ ആനന്ദം കണ്ടെത്തിയ, വിശ്വാസം കാത്ത ധീരയോദ്ധാവും സാധുക്കളുടെ സഹായിയും ദയാലുവും ദാനശീലനുമായ വിശുദ്ധ നിക്കോളാസിനോട് ചേര്‍ന്ന് നിന്നു കൊണ്ട് നമ്മുക്ക് യേശുവിന്‍റെ തിരുപിറവിയെ വരവേല്‍ക്കാം.

(ഫാ. വൈറ്റ് ലോങ്ങ്‌നെക്കറിന്റെ കൃതികളിൽ നിന്നും)

 

Source  pravachakasabdam

News updates
Added On: 11-Jan-2024
മാർ റാഫേല്‍ തട്ടില്‍ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ്കൊച്ചി: 35 രൂപതകളിലും അതിനുപുറത്തുമായി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന അന്‍പതു ലക്ഷത്തിൽപ്പരം…
Read More
View All News
© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions