ആഗോളസഭയ്ക്ക് ആനന്ദമായ് പഞ്ചവിശുദ്ധർ: വിശേഷാൽ അഭിമാനം ആറ് രാജ്യങ്ങൾക്ക് !
അസാധാരണ മിഷൻ മാസമായ ഈ ഒക്‌ടോബറിൽ മറിയം ത്രേസ്യയും കർദിനാൾ ന്യൂമാനും ഉൾപ്പെടെ അഞ്ച് പുതിയ വിശുദ്ധരെ ലഭിച്ചതിന്റെ ആനന്ദത്തിലാണ് ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം വിശിഷ്യാ, ആറ് രാജ്യങ്ങൾ- ഇന്ത്യ, യു.കെ, റോം, ബ്രസീൽ, സ്വിറ്റ്‌സർലൻഡ് പിന്നെ, അമേരിക്കയും!
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയിലൂടെആറാമത്തെ വിശുദ്ധയെ ലഭിക്കുന്നു എന്നതാണ് ഇന്ത്യയെ സന്തോഷിപ്പിക്കുന്നത്. ഇതിൽ അഞ്ച് വിശുദ്ധരെ ലഭിച്ചത് 11 വർഷത്തിനിടയിലാണെന്നതുകൂടി കണക്കാക്കുമ്പോൾ സന്തോഷം ഇരട്ടിക്കുന്നു.
കർദിനാൾ ജോൺ ഹെൻറി ന്യൂമാനിലൂടെ, മൂന്ന് പതിറ്റാണ്ടിനുശേഷം ഒരു വിശുദ്ധനെ ലഭിക്കുന്നു എന്നതാണ് യു.കെയെ സന്തോഷിപ്പിക്കുന്നത്. കത്തോലിക്കാ സഭാംഗമായി മാറിയ മുൻ ആംഗ്ലിക്കന്മാരിൽനിന്ന് ഒരാൾ വിശുദ്ധനാകുന്നതും ഇതാദ്യം.
‘മിഷണറി സിസ്റ്റേഴ്‌സ് ഓഫ് ദ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ഓഫ് ദ മദർ ഓഫ് ഗോഡ്’ സഭാ സ്ഥാപക ഡൽസ് ലോപേസ് വിശുദ്ധാരമത്തിലെത്തുമ്പോൾ, മൂന്ന് പതിറ്റാണ്ടിനിടയിൽ ആഗോളസഭയ്ക്ക് സമ്മാനിച്ച വിശുദ്ധരുടെ എണ്ണം 35ലെത്തും എന്നതാണ് ബ്രസീലിനെ സന്തോഷിപ്പിക്കുന്നത്.
‘ഡോട്ടേഴ്‌സ് ഓഫ് സെന്റ് കമില്ലിയൂസ്’ സഭാ സ്ഥാപക ജിയൂസെപ്പിന വന്നിനിയിലൂടെ ഒരു വിശുദ്ധയെകൂടി ലഭിക്കുന്നു എന്നതാണ് റോമിനെ അഭിമാനിതയാക്കുന്നതെങ്കിൽ, മൂന്നാം സഭാംഗമായ മാർഗിരിറ്റ ബേയ്‌സിലൂടെ പുതിയൊരു വിശുദ്ധയെ ലഭിക്കുന്നതിന്റെ ആനന്ദത്തിലാണ്, നിരവധി വിശുദ്ധരെ സഭയ്ക്ക് സമ്മാനിച്ച സ്വിറ്റ്‌സർലൻഡ്.
ഇക്കൂട്ടത്തിൽ, തങ്ങളുടെ ദേശക്കാർ ഇല്ലെങ്കിലും അമേരിക്കയ്ക്കും അഭിമാനിക്കാം- തങ്ങളിലൊരാളായി കാണുന്ന കർദിനാൾ ന്യൂമാന്റെ സാന്നിധ്യംതന്നെ കാരണം. മാത്രമല്ല, അദ്ദേഹത്തിന്റെ വാഴ്ത്തപ്പെട്ട പദവിക്കും വിശുദ്ധ പദവിക്കും കാരണമായ അത്ഭുതസൗഖ്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതും അമേരിക്കയിൽനിന്നാണെന്നതും ശ്രദ്ധേയം. ഒക്‌ടോബർ 13 രാവിലെ 10.00ന് വത്തിക്കാനിൽ ആരംഭിക്കുന്ന വിശുദ്ധ പദവി തിരുക്കർമങ്ങൾ ‘ശാലോം വേൾഡ്’ തത്സമയം പ്രക്ഷേപണം ചെയ്യും.
Source Sunday Shalom