News

ക്രിസ്തുവിന്റെ ഉത്ഥാനം പ്രതികൂല സാഹചര്യങ്ങളെ പ്രതീക്ഷയോടെ നോക്കിക്കാണുവാൻ ശക്തി നല്കുന്നു : കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ ഈസ്റ്റർദിന സന്ദേശം

Added On: Apr 04, 2021

ക്രിസ്തുവിന്റെ ഉത്ഥാനം പ്രതികൂല സാഹചര്യങ്ങളെ പ്രതീക്ഷയോടെ നോക്കിക്കാണുവാൻ ശക്തി നല്കുന്നു : കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ ഈസ്റ്റർദിന സന്ദേശം

കൊച്ചി: നമ്മെ നിരാശപ്പെടുത്തുന്ന ഏതു സാഹചര്യത്തെയും പ്രതീക്ഷാപൂർവ്വം നോക്കിക്കാണുവാൻ ക്രിസ്തുവിന്റെ ഉത്ഥാനം നമുക്കു ശക്തി നൽകുന്നുണ്ടെന്ന് ഓര്‍മ്മിപ്പിച്ച് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ഈസ്റ്റർദിന സന്ദേശം. ക്രിസ്തുവിന്റെ ഉത്ഥാനം ആശയറ്റവർക്കു പ്രത്യാശ നൽകുന്ന മഹാരഹസ്യമാണ്. കോവിഡ് 19ന്റെ ആഘാതത്തിൽപ്പെട്ടുഴലുന്ന ഇന്നത്തെ മനുഷ്യസമൂഹത്തിനും ക്രിസ്തുവിന്റെ ഉത്ഥാനം പ്രത്യാശ നൽകുന്നു. ഈ വൈറസ് ബാധയിൽനിന്നു മനുഷ്യസമൂഹം രക്ഷപ്പെട്ടുവരികയാണ്. എങ്കിലും, ഈ വൈറസിന്റെ വകഭേദങ്ങൾ ഇനിയും നമ്മെ പിടികൂടുമോ എന്ന ആശങ്കയിലാണല്ലോ നമ്മൾ. ഉത്ഥിതനായ ഈശോ സ്വർഗ്ഗാരോഹണത്തിനുമുമ്പു ശിഷ്യന്മാരോടു പറഞ്ഞതുപോലെ ഇന്നു നമ്മോടും പറയുന്നുണ്ട്: ‘ഭയപ്പെടേണ്ട, ലോകാവസാനംവരെ ഞാൻ നിങ്ങളോടുകൂടെയുണ്ട്’. ഉത്ഥിതനായ മിശിഹായുടെ സാനിധ്യവും വചനങ്ങളും പ്രവൃത്തികളും നമുക്കിന്നു സഭയുടെതായ ശുശ്രൂഷകളിൻ നിന്നു ലഭിക്കുന്നു. കര്‍ദ്ദിനാള്‍ ഈസ്റ്റര്‍ സന്ദേശത്തില്‍ കുറിച്ചു.

കർദ്ദിനാൾ മാര്‍ ജോർജ് ആലഞ്ചേരിയുടെ ഈസ്റ്റർദിന സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം ‍

ഈശോമിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ,

പരീക്ഷയിൽ തോറ്റ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; പ്രണയനൈരാശ്യം മൂലം കാമുകൻ അഥവാ കാമുകി ആത്മഹത്യ ചെയ്തു; കുടുംബകലഹം മൂർച്ചിച്ചു ദമ്പതികൾ ജീവനൊടുക്കി; സാമ്പത്തിക തകർച്ച താങ്ങാനാവാത്ത ബിസിനസുകാരൻ ജീവിതം അവസാനിപ്പിച്ചു; കടക്കെണിയിൽപെട്ട കർഷകൻ ആത്മഹത്യ ചെയ്തു; മുൻവൈരാഗ്യം കാരണം ഒരുവൻ മറ്റൊരാളെ കൊലചെയ്തു; മറ്റുള്ളവരെ കൊലചെയ്തശേഷം ഒരുവൻ സ്വയം ജീവിതം അവസാനിപ്പിച്ചു. ഇങ്ങനെയുള്ള മാധ്യമ വർത്തകൾ ഇന്നു സർവ്വസാധാരണമാണ്. ഗർഭസ്ഥഭ്രൂണം 24 ആഴ്ചകൾവരെയും അലസിപ്പിച്ചു കളയാൻ അനുവദിക്കുന്ന ബില്ലിനു പാർലമെന്റിന്റെ ഇരുസഭകളും അംഗീകാരം നൽകിക്കഴിഞ്ഞു.

പാശ്ചാത്യ രാജ്യങ്ങൾ തുടങ്ങിവച്ച ഗർഭഛിദ്രം എന്ന തിന്മ നമ്മുടെ രാജ്യത്തും ഇന്നു യതൊരു നിയന്ത്രണവുമില്ലാതെ നടക്കുന്നു. തീർത്തും ലാഘവബുദ്ധിയോടെയാണു മനുഷ്യജീവനെ ഇന്നു പലരും മനസ്സിലാക്കുന്നത്. ചെറുതും വലുതുമായ മാനസികസംഘർഷങ്ങൾ പലപ്പോഴും ജീവഹാനികൾക്കു കാരണമാകുന്നു. ഇതിനെതിരെയാണു ക്രിസ്തുവിന്റെ സുവിശേഷം നമ്മെ ചിന്തിപ്പിക്കുകയും പ്രവർത്തനനിരതരാക്കുകയും ചെയ്യേണ്ടത്. ഈശോ പറയുന്നു: “ഞാനാകുന്നു ജീവനും പുനരുത്ഥാനവും”. കഴിഞ്ഞയാഴ്ച നാം കർത്താവിന്റെ പീഡാസഹനങ്ങളും മരണവും ധ്യാനവിഷയമാക്കി. അവയെല്ലാം അവിടത്തെ ഉത്ഥാനത്തിൽ വിജയം കൈവരിച്ചു എന്നതാണ് ഉയിർപ്പുതിരുനാളിൽ നാം അനുസ്മരിക്കുന്നതും ആരാധനാവിഷയമായി സ്വീകരിക്കുന്നതും.

ദൈവം സ്രഷ്ടാവാണ്; സർവചാചരങ്ങളുടെയും സ്രഷ്ടാവ്. എല്ലാറ്റിനെയും സ്നേഹപൂർവ്വം പരിപാലിക്കുന്ന സ്രഷ്ടാവ്. മനുഷ്യമക്കളെ പിതാവിനടുത്ത വാത്സല്യത്തോടെ സംരക്ഷിക്കുന്ന സർവ്വശക്തൻ. ‘സർവ്വശക്തനും പിതാവുമായ ഏക ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു’ എന്നാണല്ലോ വിശ്വാസപ്രമാണത്തിൽ നാം ഏറ്റുപറയുന്നത്. സ്രഷ്ടാവായ ദൈവത്തിന്റെ സർവ്വാധീശത്വം അംഗീകരിച്ചുകൊണ്ടു നമ്മുടെ ജീവനെ അവിടത്തെ ദാനമായി മനസ്സിലാക്കി അതിനെ സംരക്ഷിക്കുവാൻ നമുക്കു സാധിക്കണം. ഇതു നമ്മുടെ വിശ്വാസജീവിതത്തിന്റെ അനിഷേധ്യമായ ഉത്തരവാദിത്വമാണ്. ജീവന്റെമേലുള്ള എല്ലാ കയ്യേറ്റവും സ്രഷ്ടാവായ ദൈവത്തിന് എതിരെയുള്ള പ്രവൃത്തിയാണ്. കർത്താവായ ഈശോയുടെ കുരിശുമരണത്തോടുകൂടി സമൂഹത്തിൽ നിന്ന് അവിടത്തെ എന്നേക്കുമായി അകറ്റാൻ കഴിഞ്ഞു എന്നാണു ഫരിസേയപ്രമാണികളും പുരോഹിതരും കരുതിയത്.

എന്നാൽ കർത്താവിന്റെ മരണം അവിടത്തെ ഉത്ഥാനത്തിന്റെ മുന്നോടി മാത്രമായിരുന്നുവെന്നും അവിടന്നു മരണത്തെ വിജയിച്ച് ഉത്ഥാനം ചെയ്തു എന്നും പിന്നീടു യഹൂദരിൽതന്നെ ഒരു നല്ലഭാഗവും അയഹൂദരായ അനേകരും മനസ്സിലാക്കി. ഒഴിഞ്ഞ കല്ലറയാണ് ഈശോയുടെ ഉത്ഥാനത്തിലുള്ള വിശ്വാസത്തിന്റെ ആദ്യത്തെ അടയാളം. വി. മത്തായി 28:1 ൽ വായിക്കുന്നു: “സാബത്തിനുശേഷം ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ മഗ്ദലേനമറിയവും മറ്റേ മറിയവും ശവകുടീരം സന്ദർശിക്കാൻ വന്നു”. കർത്താവിന്റെ ശരീരത്തിൽ തൈലം പൂശുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ കല്ലറയുടെ വാതിൽക്കൽ ഉണ്ടായിരുന്ന ദൈവദൂതൻ അവരോടു പറഞ്ഞു: “ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങൾ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം. അവൻ ഇവിടെയില്ല; താൻ അരുളിച്ചെയ്തതുപോലെ അവൻ ഉയിർപ്പിക്കപ്പെട്ടു. അവൻ കിടന്ന സ്ഥലം വന്നുകാണുവിൻ. വേഗം പോയി അവന്റെ ശിഷ്യന്മാരോട് അവൻ മരിച്ചവരുടെയിടയിൽ നിന്ന് ഉയിർപ്പിക്കപ്പെട്ടെന്നും നിങ്ങൾക്കുമുമ്പേ ഗലീലിയിലേക്കു പോകുന്നെന്നും അവിടെവച്ചു നിങ്ങൾ അവനെ കാണുമെന്നും പറയുവിൻ” (മത്താ. 28:5-7).

ഈശോതന്നെ മഗ്ദലേനയ്ക്കു പ്രത്യക്ഷപ്പെട്ടു തന്റെ ഉത്ഥാനരഹസ്യം വെളിപ്പെടുത്തി. മഗ്ദലേന മറിയവും മറ്റു സ്ത്രീകളും വിവരം ശിഷ്യരെ അറിയിച്ചു. പത്രോസും യോഹന്നാനും ഓടിവന്ന് ഒഴിഞ്ഞ കല്ലറകണ്ടു കർത്താവിന്റെ ഉത്ഥാനം മനസിലാക്കി. പിന്നീടു പലതവണ ശിഷ്യന്മാർക്കു പ്രത്യക്ഷനാകുകയും അവരോടൊപ്പം സഹവസിക്കുകയും ചെയ്ത് ഈശോ തന്റെ ഉത്ഥാനമാകുന്ന അസാധാരണ സംഭവത്തെതന്നെ അനുഗമിക്കുന്നവർക്കു വിശ്വാസയോഗ്യമായ സത്യമായി ബോധ്യപ്പെടുത്തി. ആ വിശ്വാസം തലമുറകൾ കടന്നു നമ്മുടെയും വിശ്വാസമായിരിക്കുന്നു. ക്രിസ്തുവിന്റെ ഉത്ഥാനമാണു മനുഷ്യജീവിതത്തിനു തന്നെ ആത്യന്തികമായ അർത്ഥം നൽകുന്ന യാഥാർത്ഥ്യം. സഹനവും മരണവും നമ്മെ ഉത്ഥാനത്തിലെത്തിക്കുമെന്നുള്ള പ്രതീക്ഷ നമ്മുടെ ജീവിതത്തിന് അർത്ഥം നൽകുന്നു. ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു ലൗകികമായ ഏതു പരാജയത്തെയും വിജയത്തിന്റെ നാന്ദിയായി കാണുവാൻ കഴിയും.

നമ്മെ നിരാശപ്പെടുത്തുന്ന ഏതു സാഹചര്യത്തെയും പ്രതീക്ഷാപൂർവ്വം നോക്കിക്കാണുവാൻ ക്രിസ്തുവിന്റെ ഉത്ഥാനം നമുക്കു ശക്തി നൽകുന്നുണ്ട്. ക്രിസ്തു ശിഷ്യരോടു പറഞ്ഞിരുന്നു: “മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും ജനപ്രമാണികൾ, പ്രധാനപുരോഹിതന്മാർ, നിയമജ്ഞർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നു ദിവസങ്ങൾക്കുശേഷം ഉയിർത്തെഴുന്നേല്ക്കുകയും ചെയ്യേണ്ടിയിരിക്കുന്നു” (മർക്കോ. 8: 31). ലൗകികമായ വിജയങ്ങൾക്കുവേണ്ടി പരക്കം പായുന്ന മനുഷ്യരെയാണ് ഇന്നു നാം കൂടുതലായി കാണുന്നത്. പണം വേണം, പദവി വേണം, അധികാരം വേണം. അങ്ങനെ ജനമദ്ധ്യേ അധികാരം ഉപയോഗിക്കുന്നവനായി മാറണമെന്നുള്ള ചിന്ത എല്ലാ രംഗങ്ങളിലും ദൃശ്യമാണ്. സാധാരണക്കാരിലും ഉയർന്ന നിലവാരം പുലർത്തുന്നവരിലും ഈ പ്രവണതയുണ്ട്. ജീവിതത്തെ ദൈവത്തെ മഹത്വപ്പെടുത്തുവാനുള്ള ഒരു അവസരമായി കാണുന്നവർ കുറഞ്ഞുവരുന്നു.

അതുപോലെതന്നെ ദരിദ്രരെയും രോഗികളെയും അവശരെയും ആലംബഹീനരെയും അഭയാർത്ഥികളെയും സ്വീകരിച്ച് അവർക്കു വേണ്ട ശുശ്രൂഷകൾ ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുവാൻ പലർക്കും സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണു ശുശ്രൂഷകൾ ചെയ്യുന്ന നമ്മുടെ വൈദിക സഹോദരന്മാരെയും സമർപ്പിതരെയും അല്മായപ്രേഷിതരെയും നാം ആദരപൂർവ്വം നോക്കികാണേണ്ടത്. ഇതു ജീവന്റെ ശുശ്രൂഷയാണ്. ജീവൻ ദൈവത്തിൽ നിന്നു വരുന്നു; ദൈവത്തിലേക്കു തിരിച്ച് എത്തേണ്ടതുമാണ്. അതിനാൽ ജീവനെ പരിപോഷിപ്പിക്കുകുയും വളർത്തുകയുമാണു നമ്മുടെ ഉത്തരവാദിത്വം.

ഈശോയുടെ മരണം ശിഷ്യന്മാരെയും തന്നെ അടുത്തനുഗമിച്ചവരെയും ഭഗ്നാശരാക്കി. പത്രോസും കൂട്ടരും മീൻപിടിക്കാൻ പോയി. രണ്ടു ശിഷ്യന്മാർ കാര്യങ്ങളെല്ലം പ്രതീക്ഷയ്ക്കു വിരുദ്ധമായി സംഭവിച്ചതിലുള്ള വൈഷമ്യത്തോടെ ജറുസലേമിൽ നിന്നു എമ്മാവൂസിലേയ്ക്കു പോയി. മറ്റുള്ളവർ യഹൂദരെക്കുറിച്ചുള്ള ഭയം നിമിത്തം കതകടച്ചു വീടുകൾക്കുള്ളിൽ കഴിയുകയായിരുന്നു. കർത്താവായ ഈശോ യഹൂദരാജ്യം പുനഃസ്ഥാപിച്ചു ദീർഘനാൾ വാഴുമെന്ന പ്രതീക്ഷയിലായിരുന്നു ശിഷ്യന്മാർ. കർത്താവിന്റെ കുരിശുമരണത്തിലൂടെ ആ പ്രതീക്ഷ തകർന്നതുപോലെ അവർക്കു തോന്നി. എന്നാൽ, ഉത്ഥിതനായ മിശിഹാ തന്റെ ശിഷ്യന്മാരെ വീണ്ടും പ്രത്യാശയിലേയ്ക്കു കൊണ്ടുവരുന്നു. എമ്മാവൂസിലേയ്ക്കു പോയവരുടെ മധ്യേ പ്രത്യക്ഷപ്പെട്ട് അവർക്കു തിരുലിഖിതങ്ങൾ വ്യാഖ്യാനിച്ചുകൊടുത്തു സംഭവിച്ചവയെല്ലാം ദൈവഹിത പ്രകാരമായിരുന്നുവെന്ന് അവരെ ബോധ്യപ്പെടുത്തുന്നു. അവരോടൊപ്പം അപ്പംമുറിച്ചു ഭക്ഷിച്ച് അവരുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുന്നു.

അവർ ഉത്ഥിതനായ ഇൗശോയെ കണ്ടതിൽ അത്ഭുതസ്തബ്ധരാകുന്നു. മീൻപിടിച്ചുകൊണ്ടിരുന്ന പത്രോസിന്റെ പക്കലേയ്ക്ക് ഉത്ഥിതനായ ഈശോ കടന്നുചെല്ലുകയാണ്. അത്ഭുതകരമായ മീൻപിടിത്തത്തിലൂടെ പത്രോസും സഹശിഷ്യന്മാരും ഈശോയെ തിരിച്ചറിയുന്നു. ‘നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായാകുന്നു’ എന്നു പരസ്യ ജീവിതകാലത്തു താൻ ഏറ്റുപറഞ്ഞ അതേ മിശിഹായാണു മരണശേഷം ഉയിർത്തെഴുന്നേറ്റു തന്റെ പക്കലെത്തിയിരിക്കുന്നതെന്നു പത്രോസു ഗ്രഹിക്കുന്നു. പിന്നീടു തന്നെ മുന്നു പ്രാവശ്യം തള്ളിപ്പറഞ്ഞവനായ പത്രോസിനെക്കൊണ്ടു മൂന്നുപ്രാവശ്യം ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നു പറയിച്ചു പത്രോസിന്റെ വിശ്വാസത്തെ ഈശോ സ്ഥിരീകരിക്കുന്നു.

ഉത്ഥിതനായ ഈശോയുടെ പ്രത്യക്ഷീകരണങ്ങളും ശിഷ്യന്മാരോടൊപ്പമുള്ള സഹവാസവും സംഭാഷണങ്ങളും അവരെ കർത്താവിന്റെ ഉത്ഥാനത്തെക്കുറിച്ചുള്ള വിശ്വാസത്തിൽ ഉറപ്പിച്ചു. പിന്നിടു പരിശുദ്ധാത്മാവിന്റെ ആഗമനംകൂടി സംഭവിച്ചപ്പോൾ ആ ആത്മാവിന്റെ ശക്തിയിൽ ഈശോയുടെ ഉത്ഥാനത്തെ പ്രഘോഷിക്കുവാൻ അവർ കഴിവുള്ളവരായി.

ക്രിസ്തുവിന്റെ ഉത്ഥാനം ആശയറ്റവർക്കു പ്രത്യാശ നൽകുന്ന മഹാരഹസ്യമാണ്. കോവിഡ് 19ന്റെ ആഘാതത്തിൽപ്പെട്ടുഴലുന്ന ഇന്നത്തെ മനുഷ്യസമൂഹത്തിനും ക്രിസ്തുവിന്റെ ഉത്ഥാനം പ്രത്യാശ നൽകുന്നു. ഈ വൈറസ് ബാധയിൽനിന്നു മനുഷ്യസമൂഹം രക്ഷപ്പെട്ടുവരികയാണ്. എങ്കിലും, ഈ വൈറസിന്റെ വകഭേദങ്ങൾ ഇനിയും നമ്മെ പിടികൂടുമോ എന്ന ആശങ്കയിലാണല്ലോ നമ്മൾ. ഉത്ഥിതനായ ഈശോ സ്വർഗ്ഗാരോഹണത്തിനുമുമ്പു ശിഷ്യന്മാരോടു പറഞ്ഞതുപോലെ ഇന്നു നമ്മോടും പറയുന്നുണ്ട്: ‘ഭയപ്പെടേണ്ട, ലോകാവസാനംവരെ ഞാൻ നിങ്ങളോടുകൂടെയുണ്ട്’. ഉത്ഥിതനായ മിശിഹായുടെ സാനിധ്യവും വചനങ്ങളും പ്രവൃത്തികളും നമുക്കിന്നു സഭയുടെതായ ശുശ്രൂഷകളിൻ നിന്നു ലഭിക്കുന്നു.

ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ വാക്കുകളും പ്രവൃത്തികളും നമുക്കു പ്രത്യാശ പകരണം. രോഗങ്ങളോ പീഡനങ്ങളോ നമുക്കുണ്ടായാലും നാം നിരാശരാകരുത്. ഈ ദിവസങ്ങളിലും ക്രിസ്തീയ വിശ്വാസികളും ശുശ്രൂഷകരും ആക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടല്ലോ. ഝാൻസിയിൽ, നിരപരാധികളായ സന്യാസിനികൾ ട്രെയിൻ യാത്രയ്ക്കിടയിൽ ഭീഷണിക്കു വിധേയരായി. ഇന്തോനേഷ്യയിൽ മതതീവ്രവാദികൾ കൈ്രസ്തവരുടെമേൽ ഭീകരാക്രമണം നടത്തി. ആ ആക്രമണത്തിൽ ഇരുപതുപേർക്കു പരിക്കേറ്റു. ആഫ്രിക്കയിലെ ചില രാജ്യങ്ങളിൽ മതതീവ്രവാദികൾ കൈ്രസ്തവർക്കുമേൽ നടത്തുന്ന ആക്രമണങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. നിരന്തരമായ മതപീഡനങ്ങൾക്കു വിധേയരായ ഇറാക്കിലെ കൈ്രസ്തവർ ലോകമെമ്പാടും ചിതറിക്കപ്പെട്ടിരിക്കുകയാണ്. കദനത്തിന്റെ കഥകളുമായി കഴിയുന്ന അവിടത്തെ കൈ്രസ്തവരെ ആശ്വസിപ്പിക്കുന്നതിനാണു പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ഈയിടെ ഇറാക്കു സന്ദർശിച്ചത്.

അവിടെവച്ചു പരിശുദ്ധ പിതാവു നടത്തിയ Nobody shall kill or destroy others in the name of God എന്ന ധീരമായ പ്രഖ്യാപനം നാമൊക്കെ ശ്രവിച്ചതാണല്ലോ. നാം നിരാശരോ ഭഗ്നാശരോ ആകേണ്ടതില്ല. ശിഷ്യൻ ഗുരുവിനെക്കാൾ മേലല്ലല്ലോ. കർത്താവിൽ ആശ്രയിച്ചു നാം പ്രത്യാശയോടെ മുന്നേറണം. പരസ്പരം ശക്തിപ്പെടുത്തണം. ദൈവാത്മാവിന്റെ ശക്തിക്കായി പ്രാർത്ഥിക്കണം. പ്രാർത്ഥനയ്ക്കായും ക്രൈസ്തവശുശ്രൂഷകൾക്കായും ഒന്നിച്ചുകൂടുമ്പോൾ നമ്മുടെ കൂട്ടായ്മ നമുക്കു ബലവും കോട്ടയുമായിരിക്കട്ടെ. നമുക്കുവേണ്ടി ജീവിക്കുകയും സഹനങ്ങൾ ഏറ്റെടുക്കുകയും മരിക്കുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത മിശിഹാ നമ്മുടെ ജീവതങ്ങൾക്കു ശക്തി പകരട്ടെ. മറ്റുള്ളവരുടെ ജീവിതങ്ങൾക്കു ശക്തി പകരാൻ നമ്മെ സഹായിക്കുകയും ചെയ്യട്ടെ. നിങ്ങൾക്ക് ഏവർക്കും ഉയിർപ്പുതിരുനാളിന്റെ മംഗളങ്ങൾ!

 

Source pravachakasabdam

News updates
Added On: 11-Jan-2024
മാർ റാഫേല്‍ തട്ടില്‍ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ്കൊച്ചി: 35 രൂപതകളിലും അതിനുപുറത്തുമായി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന അന്‍പതു ലക്ഷത്തിൽപ്പരം…
Read More
View All News
© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions