News

ഭാരതത്തിന്റെ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു: ആശ്വാസവചനങ്ങളുമായി ഭാരതത്തിന് പാപ്പയുടെ കത്ത്

Added On: May 07, 2021

വത്തിക്കാന്‍ സിറ്റി: കൊറോണ പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം ഇന്ത്യയില്‍ അതിരൂക്ഷമായി തുടരുന്ന അടിയന്തിര സാഹചര്യത്തില്‍ കഷ്ടതയനുഭവിക്കുന്ന ഭാരത ജനതക്ക് ഐക്യദാര്‍ഢ്യവും ആശ്വാസവും പ്രാര്‍ത്ഥനയും അറിയിച്ച് ഫ്രാന്‍സിസ് പാപ്പയുടെ കത്ത്. മാരകമായ ഈ പകര്‍ച്ചവ്യാധി ബാധിച്ചവര്‍ക്കെല്ലാം ദൈവം രോഗശാന്തിയും, സൗഖ്യവും നല്‍കുമെന്ന തന്റെ പ്രാര്‍ത്ഥനയും ഇന്ത്യക്കാരോടുമുള്ള തന്റെ ഹൃദയംനിറഞ്ഞ ഐക്യദാര്‍ഢ്യവും, ആത്മീയ അടുപ്പവും പ്രകടിപ്പിക്കുന്നുവെന്ന ആമുഖത്തോടെയാണ് ദേശീയ മെത്രാന്‍ സമിതി (സി.ബി.സി.ഐ) പ്രസിഡന്റും, ബോംബെ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസിനു പാപ്പ കത്തയച്ചിരിക്കുന്നത്.

എല്ലാറ്റിനുമുപരിയായി രോഗികളോടും അവരുടെ കുടുംബങ്ങളോടും, അവരെ പരിപാലിക്കുന്നവരോടും, പ്രത്യേകിച്ച് പ്രിയപ്പെട്ടവരുടെ നഷ്ടത്തിൽ വിലപിക്കുന്നവരോടും എന്റെ ചിന്തകള്‍ പോകുന്നു. അനേകം ഡോക്ടർമാർ, നഴ്‌സുമാർ, ആശുപത്രി ജീവനക്കാർ, ആംബുലൻസ് ഡ്രൈവർമാർ, അവരുടെ സഹോദരീസഹോദരന്മാരുടെ അടിയന്തിര ആവശ്യങ്ങളോട് പ്രതികരിക്കാൻ അശ്രാന്തമായി പ്രവർത്തിക്കുന്നവർ എന്നിവരെയും ഞാൻ ഓര്‍ക്കുന്നു. അവര്‍ക്കെല്ലാവര്‍ക്കും ഊര്‍ജ്ജവും, ശക്തിയും, സമാധാനവും പ്രദാനം ചെയ്യുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നും പാപ്പ കത്തില്‍ കുറിച്ചു.

പ്രത്യേക രീതിയിൽ, രാജ്യത്തെ കത്തോലിക്കാ സമൂഹവുമായി ഞാൻ ഐക്യപ്പെടുന്നു, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള സേവനരംഗങ്ങളില്‍ കാണിച്ചിട്ടുള്ള സാഹോദര്യ ഐക്യദാർഢ്യത്തിനും നന്ദി. നിരവധി വൈദികര്‍ക്കും, കന്യാസ്ത്രീകള്‍ക്കും ജീവന്‍ നഷ്ട്ടപ്പെട്ടിട്ടുണ്ടെന്നും അവര്‍ക്ക് വേണ്ടി മാത്രമല്ല ജീവന്‍ നഷ്ടപ്പെട്ട എല്ലാവര്‍ക്കുവേണ്ടിയും കര്‍ത്താവിന്റെ അനന്തമായ കാരുണ്യത്തെ സ്തുതിക്കുന്നതില്‍ നിങ്ങള്‍ക്കൊപ്പം താനും പങ്കുചേരുന്നുവെന്ന്‍ പാപ്പ കത്തില്‍ രേഖപ്പെടുത്തി. കഠിന ദുഃഖത്തിന്റേതായ ഈ നാളുകളില്‍ പുനരുത്ഥാനത്തില്‍ നിന്നും ലഭിച്ച പ്രത്യാശയിലും, പുതു ജീവിതത്തേയും ഉയിര്‍പ്പിനേയും കുറിച്ചുള്ള ക്രിസ്തുവിന്റെ വാഗ്ദാനത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിലും നാമെല്ലാവരും ആശ്വസിക്കപ്പെടട്ടെ. ആശീര്‍വാദം നല്‍കിക്കൊണ്ടാണ് പാപ്പ കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

Source pravachakasabdam

 

 

News updates
Added On: 11-Jan-2024
മാർ റാഫേല്‍ തട്ടില്‍ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ്കൊച്ചി: 35 രൂപതകളിലും അതിനുപുറത്തുമായി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന അന്‍പതു ലക്ഷത്തിൽപ്പരം…
Read More
View All News
© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions