കൊച്ചി: യുവജനങ്ങള്‍ ക്രിസ്തുവിന്റെ പ്രതിനിധികളും സാക്ഷികളുമാകണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മ്മിപ്പിച്ചു. യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്‌തോലിക് വിസിറ്റേഷന്റെ യുവജനവര്‍ഷാചരണം(മിസിയോ) ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദേഹം. സൈബര്‍ യുഗത്തിന്റെ ലോകത്തില്‍ ക്രിസ്തുവിനെ പ്രകാശിപ്പിക്കാന്‍ യുവജനങ്ങള്‍ക്കു സാധിക്കേണ്ടതുണ്ട്. കരുതലിന്റെ അടയാളങ്ങളാണു യുവാക്കള്‍. യൂറോപ്പില്‍ പ്രതിസന്ധിയനുഭവിക്കുന്ന യുവാക്കള്‍ക്ക് എസ്എംവൈഎം തുണയാകണം. ദുഃഖവും രോഗങ്ങളും അലട്ടുമ്പോള്‍ സുവിശേഷത്തിന്റെ സന്തോഷം ആസ്വദിക്കാന്‍ ആകണമെന്നും കര്‍ദ്ദിനാള്‍ ഓര്‍മിപ്പിച്ചു.
2021 മേയ് 22 മുതല്‍ 2022 മേയ് 22 വരെയാണു യുവജനവര്‍ഷാചരണം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനായി വിവിധ കര്‍മപരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നു യൂറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ആമുഖപ്രഭാഷണത്തില്‍ പറഞ്ഞു.
സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശേരില്‍ അധ്യക്ഷത വഹിച്ചു. എസ്എംവൈഎം ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്തറ, ഫാ. ബിനോജ് മുളവരിക്കല്‍, ബിവിന്‍ പുന്നേലിപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. യൂറോപ്പിലെ 20 രാജ്യങ്ങളില്‍ നിന്നു 400 യുവജനങ്ങള്‍ പങ്കെടുത്തു.
Source pravachakasabdam