News

ഇന്ത്യക്ക് പുറത്തുള്ള ആദ്യത്തെ സിറോമലബാർ രൂപതയായ ചിക്കാഗോ രൂപതയ്ക്ക് ഇന്ന് ഇരുപത് വയസ്സ്: ഒപ്പം അഭിവന്ദ്യ അങ്ങാടിയത്ത് പിതാവിൻ്റെ അജപാലനത്തിനും

Added On: Jul 02, 2021

ചിക്കാഗോ: ചിക്കാഗോ രൂപത ജന്മം കൊണ്ടിട്ട് ഇന്ന് ഇരുപത്  വർഷം തികയുന്നു, ഒപ്പം രൂപതയുടെ ബിഷപ്പായി മാർ ജേക്കബ് അങ്ങാടിയത്ത് സ്ഥാനമേറ്റിട്ടും ഇന്നേയ്ക്ക് ഇരുപത് വർഷം . 2001 മാർച്ച് 13 നാണ് ഇന്ത്യക്ക് പുറത്തുള്ള ആദ്യത്തെ സിറോ-മലബാർ രൂപതയായ ചിക്കാഗോ  രൂപത സ്ഥാപിതമായത്. അന്നത്തെ മാർപാപ്പയായിരുന്ന ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ്, ഫാ ജേക്കബ് അങ്ങാടിയത്തിനെ ചിക്കാഗോ രൂപതയുടെ ബിഷപ്പായി നിയമിച്ചത്. അമേരിക്കയിൽ ഒരു സിറോമലബാർ മിഷൻ ആരംഭിക്കാൻ ആദ്യമായി നിയമിക്കപ്പെട്ട വൈദികനാണ് ഫാ ജേക്കബ് അങ്ങാടിയത്ത്.1984ൽ ടെക്സസിലെ ഡാളസിൽ എത്തിയ അദ്ദേഹം സിറോമലബാർ മിഷൻ ആരംഭിച്ചു.1992ൽ  സെൻറ് തോമസ് സിറോമലബാർ ദേവാലയം ഡാളസിൽ സ്ഥാപിച്ചു. അമേരിക്കയിലെ ആദ്യത്തെ സിറോമലബാർ ദേവാലയമായ ഈ ദേവാലയം ഇന്ന് ഫൊറോനാ ദേവാലയമാണ്. 2001 ജൂലൈ 1ന് നടന്ന രണ്ടാമത്തെ സിറോമലബാർ കൺവെൻഷനിൽ വച്ച് അഭിവന്ദ്യ മാർ കർദിനാൾ വർക്കി വിതയത്തിൽ ജേക്കബ് അങ്ങാടിയത്ത് അച്ചനെ, ചിക്കാഗോ രൂപതയുടെ ബിഷപ്പായി അഭിഷേകം ചെയ്തു. 2014 ജുലൈ 24ന് മാർ ജോയ് ആലപ്പാട്ട് പിതാവിനെ, ഫ്രാൻസിസ് മാർപാപ്പ ചിക്കാഗോ രൂപതയുടെ ഓക്സിലറി ബിഷപ്പായും നിയമിച്ചു.

നീണ്ട മുപ്പത്തിയേഴ് വർഷത്തെ സേവനം അഭിവന്ദ്യ പിതാവിനെ വിശ്വാസികളുടെ പ്രിയങ്കരനാക്കി മാറ്റിയിരിക്കുന്നു. വികാരിയായും ബിഷപ്പായും സേവനം ചെയ്ത പിതാവ് കണ്ടും കേട്ടും അറിഞ്ഞതും അനുഭവിച്ചതും എന്തെല്ലാമെന്ന് അദ്ദേഹത്തിനല്ലാതെ മറ്റാർക്കറിയാം. സൗമ്യതയും ശാന്തതയും മുഖമുദ്രയാക്കിയ അഭിവന്ദ്യ പിതാവ് സഞ്ചരിച്ച വഴികൾ സൗമ്യതയും ശാന്തതയും നിറഞ്ഞതായിരുന്നിരിക്കില്ല. അഭിവന്ദ്യ പിതാവിനോടും , അന്ന് പിതാവിനെ സ്നേഹത്തോടെ സ്വീകരിച്ച് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്ത ഡാളസിലെ തദ്ദേശീയരായ  വൈദികരോടും വിശ്വാസികൾ കടപ്പെട്ടിരിക്കുന്നു. അഭിവന്ദ്യ പിതാവ് കടന്ന് പോയ കല്ലും മുള്ളും നിറഞ്ഞ വഴികൾ ഇന്നത്തെ തലമുറയ്ക്ക് പരിചയമില്ലെങ്കിലും ഒരു പരിധിവരെ അതൊക്കെ കണ്ടറിഞ്ഞവരും അനുഭവിച്ചവരും ഇന്നും സെൻറ് തോമസ് ഡാളസ്  ഇടവകയിൽ ഉണ്ട്. ഇന്ന് സിറോമലബർ വിശ്വാസികൾക്ക് തല ഉയർത്തിപ്പിടിച്ച്, അഭിമാനത്തോടെ തങ്ങളുടെ ഒരു ദേവാലയം എന്ന് അവകാശപ്പെടാനാകുന്നുണ്ടെങ്കിൽ, അതിൻ്റെ പേരിൽ പലരോടും കടപ്പാടുണ്ട്.  ഇന്ന് ആരെന്ന് പോലും അറിയില്ലാത്ത കുറെപ്പേരും അക്കൂടെ ഉണ്ടാവും. ചിക്കാഗോ രൂപതയിലെ എല്ലാ വിശ്വാസികളുടെയും ഹൃദയം നന്ദിയാൽ നിറയേണ്ട അവസരമാണ് ഇത്. താങ്ങും തണലുമായ   അറിയുന്നവരും അറിയില്ലാത്തവരുമായ എല്ലാവർക്കും,എല്ലാത്തിനും ചുക്കാൻ പിടിച്ച, എല്ലാവരെയും സ്നേഹിക്കുന്ന അഭിവന്ദ്യ പിതാവിനും നന്ദിയും അനുമോദനവും അറിയിക്കുന്നതിൽ സിന്യൂസ് അഭിമാനിക്കുന്നു.

 

Source  cnewslive

News updates
Added On: 11-Jan-2024
മാർ റാഫേല്‍ തട്ടില്‍ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ്കൊച്ചി: 35 രൂപതകളിലും അതിനുപുറത്തുമായി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന അന്‍പതു ലക്ഷത്തിൽപ്പരം…
Read More
View All News
© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions