കൊച്ചി: കേരളത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും നമ്മുടെ സഹോദരങ്ങള്‍ക്ക് ജീവഹാനി സംഭവിക്കാന്‍ ഇടയായത് അത്യന്തം വേദനാജനകമാണെന്നു കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവരോടും പ്രളയ ദുരിതം അനുഭവിക്കുന്നവരോടും ചേര്‍ന്നു നില്‍ക്കാനും, അടിയന്തര സഹായങ്ങള്‍ ചെയ്ത് അവരെ ആശ്വസിപ്പിക്കാനും എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. ദുരന്തമുഖത്തേക്ക് ഓടിയെത്തി സഹായിച്ച നല്ലവരായ നാട്ടുകാരും സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ പ്രവര്‍ത്തകരും അഭിനന്ദനം അര്‍ഹിക്കുന്നു.
അടുത്ത കാലത്തായി കേരളം പ്രകൃതി ദുരന്തങ്ങളുടെ നാടായി മാറുന്നത് ആശങ്ക ഉളവാക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടാതിരിക്കാന്‍ ആവശ്യമായ നയതീരുമാനങ്ങളും പ്രവര്‍ത്തന പദ്ധതികളും രൂപപ്പെടുത്താന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ അതീവ ജാഗ്രത കാണിക്കണം. പ്രകൃതി ദുരന്തങ്ങള്‍ നമ്മെ തളര്‍ത്തുകയല്ല മറിച്ച് അത്തരം സാഹചര്യങ്ങളെ ശാസ്ത്രീയ അടിത്തറയില്‍ പ്രതിരോധിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.
Source pravachakasabdam