News

മനുഷ്യ ഹൃദയങ്ങളെ മാറ്റുന്നത് പരിശുദ്ധാത്മാവ്: ഫ്രാൻസിസ് പാപ്പ

Added On: Oct 28, 2021

വത്തിക്കാന്‍ സിറ്റി: നമ്മുടെ വ്യക്തിപരമായ പ്രവർത്തനങ്ങളല്ല മറിച്ച് പരിശുദ്ധാത്മാവാണ് മനുഷ്യഹൃദയങ്ങളെ മാറ്റുന്നന്നതെന്നു ഫ്രാൻസിസ് പാപ്പ. ഇന്നലെ ഒക്ടോബർ ഇരുപത്തിയേഴിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ്, ജീവിതത്തെ മാറ്റിമറിക്കാൻ കഴിവുള്ള പരിശുദ്ധാത്മാവിന്റെ ഇടപെടലിനെക്കുറിച്ചും ആധ്യാത്മികജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ മുഖ്യസ്ഥാനത്തെക്കുറിച്ചും പാപ്പ ഉദ്ബോധിപ്പിച്ചത്. "യേശുവിന്റെ പെസഹായിൽനിന്ന് ഉത്ഭവിക്കുന്ന പരിശുദ്ധാത്മാവാണ് ആധ്യാത്മികജീവിതത്തിന്റെ കേന്ദ്രം. നമ്മുടെ പ്രവൃത്തികളല്ല, പരിശുദ്ധാത്മാവാണ്, നമ്മിലുള്ള പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണ് മനുഷ്യഹൃദയത്തെ മാറ്റുന്നത്"- പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു.

ഇന്നലെ ബുധനാഴ്ച പൊതുകൂടിക്കാഴ്ചയില്‍ പങ്കുവെച്ച കാര്യമായതിനാല്‍ (#GeneralAudience) എന്ന ഹാഷ്‌ടാഗോടുകൂടിയായിരുന്നു പാപ്പായുടെ സന്ദേശം. വിശുദ്ധ പൗലോസ് ശ്ലീഹ ഗലാത്തിയക്കാർക്കെഴുതിയ ലേഖനം അഞ്ചാമധ്യായം ഇരുപത്തിരണ്ടുമുതൽ ഇരുപത്തിനാലുവരെയുള്ള വാക്യങ്ങളെ കേന്ദ്രീകരിച്ചായിരിന്നു പാപ്പയുടെ ബുധനാഴ്ച സന്ദേശം. ഇതുമായി ബന്ധപ്പെടുത്തിയാണ് ട്വിറ്ററിൽ, മനുഷ്യജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പ കുറിച്ചത്. 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പയുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാക്കുന്നുണ്ട്.

 

Source  pravachakasabdam

© Copyright 2023 Powered by Webixels | Privacy Policy