പെര്‍ത്ത്: പെര്‍ത്തിലെ ദൈവാഭിമുഖ്യമുള്ള സിറോ മലബാര്‍ വിശാസികളുടെ ഹൃദയമിടിപ്പാണ് വിശുദ്ധ യൗസേപ്പ് പിതാവിന്റെ നാമത്തിലുള്ള പുതിയ ദേവാലയമെന്ന് മെല്‍ബണ്‍ സിറോ മലബാര്‍ രൂപത അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ സംസ്ഥാനത്തെ പ്രഥമ സിറോ മലബാര്‍ ദേവാലയമായ പെര്‍ത്ത് സെന്റ് ജോസഫ് പള്ളിയുടെ കൂദാശ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പിതാവ്. യൗസേപ്പ് പിതാവിന്റെ തിരുനാള്‍ ദിനംതന്നെ ആ നാമത്തിലുള്ള പള്ളി കൂദാശ ചെയ്യാനായത് വലിയ അനുഗ്രഹമായി ഇടവക സമൂഹം കാണുന്നു.
ഈ ദേവാലയം പെര്‍ത്ത് പ്രദേശത്തുള്ള എല്ലാവര്‍ക്കും ദൈവാനുഭവത്തിന്റെ വലിയ സ്രോതസായി മാറും. ദൈവസാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന സമാഗമ കൂടാരമായി ഇവിടം മാറണണെന്നും ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ ആശംസിച്ചു.
മനോഹരമായ പള്ളിയും അനുബന്ധ കെട്ടിടങ്ങളും പള്ളിയിരിക്കുന്ന പ്രദേശവും ലഭിച്ചത് ദൈവത്തിന്റെ ഇടപെടലിലൂടെയാണ്. ഇടവകാംഗങ്ങളുടെ നല്ല മനസും സഹകരണവും പ്രാര്‍ഥനയും ചേര്‍ന്നാണ് പള്ളിയെന്ന സ്വപ്‌നം സാക്ഷാത്കരിച്ചത്. പള്ളി നിര്‍മാണത്തിനിടെ ഭിന്നതയുടെ ഒരു സ്വരം പോലുമുണ്ടായില്ല എന്നതു ശ്രദ്ധേയമാണ്.
സിറോ മലബാര്‍ സഭാംഗങ്ങളുടെ വിശ്വാസത്തിന്റെ വലിയ പ്രതീകമായി പള്ളി നിലകൊള്ളുക മാത്രമല്ല വരും തലമുറയ്ക്ക് ഈ തലമുറയുടെ വിശ്വാസത്തിന്റെ സാക്ഷ്യമായിട്ടും അവര്‍ക്ക് പ്രചോദനം നല്‍കുന്ന വലിയ ശക്തികേന്ദ്രമായും ഇവിടം മാറും.
സിറോ മലബാര്‍ സഭയ്ക്ക് എല്ലാ സഹായവും നല്‍കുന്ന പെര്‍ത്ത് അതിരൂപതയ്ക്കും ബിഷപ്പ് നന്ദി പറഞ്ഞു. അതിരൂപതയുടെ ആത്മീയ പിന്തുണയില്ലായിരുന്നെങ്കില്‍ സിറോ മലബാര്‍ സഭയ്ക്ക് ഇത്രയും ഉയരാനാകുമായിരുന്നില്ലെന്ന് പിതാവ് കൂട്ടിച്ചേര്‍ത്തു. ദേവാലയം പൂര്‍ത്തിയാക്കാന്‍ വിവിധ കോണുകളില്‍ നിന്നുണ്ടായ സഹായ സഹകരണങ്ങള്‍ക്ക് പിതാവ് നന്ദി രേഖപ്പെടുത്തി.
പെര്‍ത്തിലെ സിറോ മലബാര്‍ വിശ്വാസികളുടെ സ്വപ്നസാക്ഷാത്കാരമായ സെന്റ് ജോസഫ് ദേവാലയത്തിന്റെ കൂദാശ തിരുക്കര്‍മങ്ങള്‍ ഉച്ചയ്ക്ക് രണ്ടിന് ദിവ്യബലിയോടെയാണ് ആരംഭിച്ചത്. പുതിയ ദേവാലയ അങ്കണത്തിലെത്തിയ അതിഥികളെ ഇടവകാംഗങ്ങള്‍ ആഘോഷപൂര്‍വം സ്വീകരിച്ചു.
ബിഷപ് മാര്‍ ബോസ്‌കോ പുത്തൂരിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. വികാരി ഫാ. അനീഷ് ജെയിംസ്, ഫാ. വര്‍ഗീസ് പാറയ്ക്കല്‍, ഫാ. സാബു ജേക്കബ്, ഫാ. തോമസ് മങ്കുത്തേല്‍, ഫാ. മനോജ് കണ്ണംതടത്തില്‍, ഫാ തോമസ് മാരാമറ്റം എന്നിവര്‍ സഹകാര്‍മികരായി. നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.
കൂദാശ കര്‍മത്തിനു ശേഷം വൈകിട്ട് നടന്ന പൊതുസമ്മേളനത്തില്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ അധ്യക്ഷത വഹിച്ചു. പെര്‍ത്ത് അതിരൂപതയുടെ സഹായ മെത്രാന്‍ ബിഷപ്പ് ഡൊണാള്‍ഡ് സ്പ്രോക്സ്റ്റണ്‍ മുഖ്യപ്രഭാഷണം നടത്തി. പീറ്റര്‍ അബെറ്റ്സ് (ഗോസ്നെല്‍സ് സിറ്റി കൗണ്‍സില്‍ അംഗം), ഫാ. അനീഷ് ജെയിംസ്, ഫാ. വര്‍ഗീസ് പാറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ട്രസ്റ്റി തോമസ്‌കുട്ടി പൗലോസ് നന്ദി പറഞ്ഞു.
പള്ളി നിര്‍മിച്ച പെര്‍ത്തിലെ അലീറ്റ കണ്‍ട്രക്ഷന്‍സ് പ്രതിനിധികളെ ചടങ്ങില്‍ മൊമെന്റോ നല്‍കി ആദരിച്ചു. ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍ ബേബി ജോസഫ്, എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്റ് ജോര്‍ദാസ് തരിയത്ത് എന്നിവരെയും ആദരിച്ചു. യാക്കോബായ സഭാ പുരോഹിതരും ചടങ്ങിനെത്തിയിരുന്നു.
കൂദാശാ കര്‍മത്തിനും തുടര്‍ന്നു നടന്ന സ്‌നേഹവിരുന്നിനും ഇടവക വികാരി ഫാ. അനീഷ് ജെയിംസിനൊപ്പം കൈക്കാരന്മാരായ റോയ് ജോസഫ്, ബെന്നി ആന്റണി, തോമസ്‌കുട്ടി പൗലോസ്, സിബി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
പെര്‍ത്ത് നഗരത്തിലെ സിറോ മലബാര്‍ വിശ്വാസികളുടെ ചിരകാല അഭിലാഷമായിരുന്നു സെന്റ് ജോസഫ് സിറോ മലബാര്‍ ദേവാലയം. ഓസ്ട്രേലിയയിലെ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ബിഷപ്പ് ബോസ്‌കോ പുത്തൂരിന് പെര്‍ത്തില്‍ എത്തിച്ചേരാന്‍ സാധിക്കാത്തതിനെതുടര്‍ന്നാണ് കൂദാശ കര്‍മം നീണ്ടുപോയത്. രണ്ടു മാസം മുന്‍പ് വികാരി ഫാ. അനീഷ് ജെയിംസിന്റെ കാര്‍മികത്വത്തില്‍ പള്ളിയും പാരീഷ് ഹാളും വൈദിക മന്ദിരവും വെഞ്ചിരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
പെര്‍ത്തിലെ ഓറഞ്ച് ഗ്രോവില്‍ ആറേക്കര്‍ സ്ഥലത്താണ് പുതുതായി നിര്‍മിച്ച പള്ളിയും പാരീഷ് ഹാളും വൈദിക മന്ദിരവുമുള്ളത്. പെര്‍ത്തിലെ വിശ്വാസ സമൂഹത്തിന്റെ വലിയ ഐക്യത്തിന്റെയും പ്രാര്‍ത്ഥനയുടെയും അടയാളമാണ് വിശുദ്ധ യൗസേപ്പ് പിതാവിന്റെ നാമത്തിലുള്ള ദേവാലയം.
2015-ലായിരുന്നു ഇടവക സമൂഹം ദേവാലയം പണിയാനായി ഓറഞ്ച് ഗ്രോവില്‍ ആറേക്കര്‍ സ്ഥലം വാങ്ങിച്ചത്. 2019-ല്‍ പെര്‍ത്തിലെ അലീറ്റ കണ്‍ട്രക്ഷന്‍സ് എന്ന കമ്പനിയുമായി നിര്‍മാണ കരാര്‍ ഉണ്ടാക്കുകയും തുടര്‍ന്ന് 2020-ല്‍ നിര്‍മാണം ആരംഭിക്കുകയും ചെയ്തു.
വികാരി അച്ചനോടും കൈക്കാരന്മാരോടും ഒപ്പം വിവിധ കമ്മിറ്റികള്‍ പള്ളി നിര്‍മാണത്തിനായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. ചര്‍ച്ച് ബില്‍ഡിംഗ് കമ്മിറ്റി, ബില്‍ഡിംഗ് കോര്‍ കമ്മിറ്റി, പാരിഷ് കൗണ്‍സില്‍, ഫിനാന്‍സ് കമ്മിറ്റി, ചര്‍ച്ച് ഫര്‍ണിച്ചര്‍ കമ്മിറ്റി, ധനസമാഹരണ കമ്മിറ്റി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു.
Source: https://cnewslive.com/news/27851/perth-st-josephs-church-was-consecrated-ami