ആത്മബന്ധത്തിന്‍റെ നേര്‍സാക്ഷ്യങ്ങളായി വിശുദ്ധ ജോണ്‍പോള്‍ രണ്ടാമനും മദര്‍ തെരേസയും
ആഴമേറിയ സൗഹൃദമായിരുന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും വാഴ്ത്തപ്പെട്ട മദര്‍ തെരേസയും തമ്മിലുണ്ടായിരുന്നത്. ഇരുവരും പരസ്പരം കണ്ടുമുട്ടുന്നതുതന്നെ അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു. ധാര്‍മിക ശബ്ദമായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെങ്കില്‍ കരുണയുടെ മാലാഖയായിട്ടാണു മദര്‍ തെരേസായെ ലോകം കണ്ടത്.
ഭാരത സന്ദര്‍ശനത്തോടനുബന്ധിച്ച് 1986 ഫെബ്രുവരി മൂന്നിന് കോല്‍ക്കത്തയിലെത്തിയ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ, മദര്‍ തെരേസയുമായി നടത്തിയ കൂടിക്കാഴ്ച കൗതുകത്തോടെയാണു ലോകം ശ്രദ്ധിച്ചത്. അന്നു മദറിനൊപ്പം മാര്‍പാപ്പ നിര്‍മല്‍ ഹൃദയ ആശ്രമം സന്ദര്‍ശിക്കുകയും ചെയ്തു. മറ്റുള്ളവര്‍ക്ക് ഒരേസമയം ധൈര്യവും വിശ്വാസവും പ്രത്യാശയും പകര്‍ന്നു നല്‍കുന്ന ഇടമായിട്ടാണു നിര്‍മല്‍ ഹൃദയ ആശ്രമത്തെ മാര്‍പാപ്പ വിശേഷിപ്പിച്ചത്. പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കുമായി ജീവിതം മാറ്റിവച്ച മദറിനോടുള്ള സ്നേഹം മാര്‍പാപ്പ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
ഗര്‍ഭഛിദ്രത്തിനെതിരേ ഇരുവരും അതിശക്തമായ പോരാട്ടങ്ങളാണു നടത്തിയത്. ഫാത്തിമാ മാതാവിന്‍റെ ഭക്തരായിരുന്ന മാര്‍പാപ്പയും മദറും ജപമാല പ്രാര്‍ഥന മുടക്കിയിരുന്നില്ല. 1950 ഒക്ടോബര്‍ ഏഴിനാണു മദര്‍ തെരേസ കോല്‍ക്കത്തയില്‍ മിഷണറീസ് ഓഫ് ചാരിറ്റി സഭ സ്ഥാപിച്ചത്. ജപമാല റാണിയുടെ തിരുനാളാണ് ഒക്ടോബര്‍ ഏഴ്. വത്തിക്കാനിലെത്തുന്ന അവസരങ്ങളിലെല്ലാം മദര്‍ തെരേസ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു. റോമിലെ പാവപ്പെട്ടവരെ ശുശ്രൂഷിക്കാനായി ജോണ്‍ പോള്‍ രണ്ടാമന്‍ വത്തിക്കാനിലെ ഒരു ഭവനം മദറിനു കൈമാറുകയും ചെയ്തു. അവിടെ ഇന്നും മിഷനറീസ് ഓഫ് ചാരിറ്റിയിലെ സഹോദരിമാര്‍ പാവങ്ങളെ ശുശ്രൂഷിക്കുന്നു. എല്ലാദിവസവും ഇവിടെ പാവപ്പെട്ടവര്‍ക്ക് ഉച്ചഭക്ഷണവും വിതരണം ചെയ്യുന്നുമുണ്ട്.
മദറിന്‍റെ നാമകരണനടപടികള്‍ മരണശേഷം പതിവുള്ള അഞ്ചുവര്‍ഷത്തെ കാത്തിരിപ്പില്ലാതെ അതിവേഗത്തിലാക്കുന്നതിനും ജോണ്‍ പോള്‍ രണ്ടാമന്‍ തീരുമാനിക്കുകയുണ്ടായി.
Source: deepika.com