വത്തിക്കാന്‍ സിറ്റി: ദരിദ്രര്‍ക്കുവേണ്ടിയുള്ള ആഗോളദിനമായ നവംബര്‍ 17 ഞായറാഴ്ച പാവങ്ങളായ ആയിരത്തിയഞ്ഞൂറ് പേര്‍ക്ക് ഒപ്പം ഫ്രാന്‍സിസ് പാപ്പ ഉച്ച ഭക്ഷണം കഴിക്കും. പ്രാദേശിക സമയം രാവിലെ പത്തു മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടക്കുന്ന ബലിയര്‍പ്പണത്തിന് ശേഷമാണ് പാപ്പ മാര്‍പാപ്പ ഇവര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുക. റോം, ഇറ്റലി എന്നീ രൂപതകളില്‍ നിന്നുള്ളവരാണ് ഇതില്‍ പങ്കുചേരുക. സന്നദ്ധസംഘടനകളും സഭാകൂട്ടായ്മകളും രൂപതാതലത്തിലും, പ്രാദേശിക തലത്തിലും, രാജ്യാന്തരതലത്തിലും പ്രാതിനിധ്യ സ്വഭാവത്തോടെ സമൂഹങ്ങളില്‍നിന്നും പാവങ്ങളായവര്‍ പാപ്പയുടെ സമൂഹബലിയര്‍പ്പണത്തില്‍ പങ്കെടുക്കും.
നവ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘമാണ് പാവങ്ങളുടെ ആഗോള ദിനത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. ദരിദ്രന്റെ പ്രത്യാശ ഒരിക്കലും നഷ്ടമാകുകയില്ല എന്ന സങ്കീര്‍ത്തനഭാഗമാണ് ഇത്തവണത്തെ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. 2016-ല്‍ കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ സമാപന അവസരത്തില്‍ ഫ്രാന്‍സിസ് പാപ്പ തന്നെയാണ് ദരിദ്രര്‍ക്കുവേണ്ടിയുള്ള ആഗോളദിനം എന്ന പേരിലുള്ള ആചരണത്തിന് തുടക്കം കുറിച്ചത്. ഇതിന് ഓരോ വര്‍ഷം കഴിയും തോറും വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Source: Pravachavakasabdam