News

പാപ്പയ്ക്ക് യു.എ.ഇയുടെ ആദരം; 2022ൽ തുറക്കും ‘എബ്രഹാമിക് ഫാമിലി ഹൗസ്’

Added On: Nov 19, 2019

അബുദാബി: അളവറ്റ ഹൃദയവിശാലതയുടെയും സഹിഷ്ണുതയുടെയും പര്യായമായി യു.എ.ഇ ഭരണകൂടം. ഫ്രാൻസിസ് പാപ്പയോടുള്ള ആദരവായും പേപ്പൽ പര്യടനത്തിനിടെ ഒപ്പുവെച്ച മാനവ സാഹോദര്യ രേഖയുടെയും സ്മരണയ്ക്കായും ഒരു കുടക്കീഴിൽ ഉയരുന്നത് മൂന്ന് ആരാധനാലയങ്ങൾ.

സാദിയാത് ദ്വീപിലെ ‘എബ്രഹാമിക് ഫാമിലി ഹൗസിൽ’ ഒരുക്കുന്ന ക്രൈസ്തവ, ജൂത, മുസ്ലീം ആരാധനാലയ സമുച്ചയത്തിന്റെ നിർമാണം 2022ൽ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ. പ്രശസ്ത ആർക്കിടെക്റ്റ് സർ ഡേവിഡ് അഡ്ജയേയുടെ രൂപകൽപ്പനയിലാണ് നിർമാണം. യു.എ.ഇയുടെ സഹിഷ്ണുതയുടെ അടയാളമായിരിക്കും സാദിയാത് ദ്വീപിലെ എബ്രഹാമിക് ഫാമിലി ഹൗസ്.

എല്ലാവർക്കും പ്രവേശനം അനുവദിക്കും. ഓരോ ആരാധനാലയം സന്ദർശിക്കാനും പ്രാർത്ഥനകളെക്കുറിച്ച് മനസിലാക്കാനും പങ്കെടുക്കാനും അവസരമുണ്ടാകും. എല്ലാവർക്കും ഒരുമിച്ചിരിക്കാനുള്ള സ്ഥലവും സമുച്ചയത്തിന്റെ ഭാഗമായി നിർമിക്കുന്നുണ്ട്.

2019 ഫെബ്രുവരിയിലായിരുന്നു പാപ്പയുടെ യു.എ.ഇ പര്യടനം. പേപ്പൽ പര്യടനത്തിന്റെ ഓർമയ്ക്കായി അബുദാബിയിൽ പുതിയ ക്രൈസ്തവ ദൈവാലയവും മതാന്തര സംവാദത്തിൽ പങ്കെടുക്കാൻ എത്തിയ അൽ അസർ യൂണിവേഴ്സിറ്റി ഗ്രാൻഡ് ഇമാമായ അഹ്മദ് അൽ തയാബിന്റെ പേരിൽ ഒരു മോസ്‌കും നിർമിക്കുമെന്ന് 2019 ഫെബ്രുവരിയിൽതന്നെ യു.എ.ഇ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ അന്ന്, സിനഗോഗിന്റെ കാര്യം പറഞ്ഞിരുന്നില്ല. മൂന്ന് മതങ്ങളും പൂർവപിതാവായ അബ്രഹാമിന് നൽകുന്ന പ്രാധാന്യമാകും ‘എബ്രഹാമിക് ഫാമിലി ഹൗസ്’ എന്ന പേര് പദ്ധതിക്ക് നൽകാൻ കാരണം.

അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദും ചേർന്നാണ് ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെക്കുകയും ചെയ്തു. ദൈവാലയത്തിന് നൽകുന്നത് വിശുദ്ധ ഫ്രാൻസിസിന്റെ നാമധേയമാകുമെന്ന് റിപ്പോർട്ടുകളുണ്ട്.

 

sundayshalom

© Copyright 2023 Powered by Webixels | Privacy Policy