ചങ്ങനാശേരി: ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്നു ശഠിക്കുന്നതിനു പിന്നില്‍ സഭയെ എതിര്‍ക്കുന്ന പ്രതിലോമ ശക്തികളാണെന്നു സംശയിക്കുന്നതായി സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ചങ്ങനാശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ എസ്ബി കോളജിലെ മോണ്‍. കല്ലറയ്ക്കല്‍ ഹാളില്‍ നടത്തിയ ന്യൂനപക്ഷാവകാശ സംരക്ഷണ സംഗമവും ബിഷപ്പ് മാര്‍ ജയിംസ് കാളാശേരി ചരമസപ്തതി ആചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചര്‍ച്ച് ആക്ടിനെക്കുറിച്ച് പഠിച്ചാല്‍ ഇത് അനാവശ്യമാണെന്നു മനസിലാകും. സഭയില്‍നിന്നു വിട്ടുനില്ക്കുന്നവരോ എതിര്‍ക്കുന്നവരോ ആണ് ചര്‍ച്ച് ബില്ലിനു പിന്നിലെന്നു സംശയിക്കുന്നതായും മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. വ്യവസ്ഥാപിതമായ കാനന്‍ നിയമങ്ങളുടെ യും രാജ്യത്തു നിലവിലുള്ള നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് സഭ പ്രവര്‍ത്തിക്കുന്നതും സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതും. ഇക്കാര്യത്തിന് ഇനിയും മറ്റൊരു നിയമത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈമാസം കെസിബിസി യോഗം ചേര്‍ന്ന് ചര്‍ച്ച് ആക്ട് സംബന്ധിച്ചു നിലപാടു സ്വീകരിക്കും. ഈ നിലപാടില്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കാന്‍ കത്തോലിക്ക കോണ്ഗ്രിസിനും ഇതര സംഘടനകള്‍ക്കും കഴിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
source pravachakasabdam