News

ക്രൈസ്തവ പിന്നോക്കാവസ്ഥ പഠിക്കാന്‍ കമ്മീഷന്‍ വേണം: കെ‌സി‌ബി‌സി

Added On: Dec 07, 2019

കൊച്ചി: കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും വ്യാപാരരംഗത്തെ മാന്ദ്യവും തീരദേശവാസികളുടെ പിന്നോക്കാവസ്ഥയും പരിഗണിച്ച്, ക്രൈസ്തവ സമുദായത്തിന്റെ സാന്പത്തിക പിന്നോക്കാവസ്ഥ സമഗ്രമായി പഠിച്ചു പരിഹാരം നിര്‍ദേശിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കമ്മീഷനുകളെ നിയമിക്കണമെന്നു കെസിബിസി ആവശ്യപ്പെട്ടു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി ഇപ്പോള്‍ നടപ്പാക്കുന്ന പദ്ധതികള്‍ തീര്‍ത്തും ഏകപക്ഷീയവും സാമൂഹ്യനീതിക്കു വിരുദ്ധവുമായി നടപ്പിലാക്കുന്നത് അപലപനീയമാണ്.

ന്യൂനപക്ഷ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തു വലിയ സാമൂഹിക അസന്തുലിതാവസ്ഥയുണ്ടാക്കുന്നുവെന്ന ആരോപണം തീര്‍ത്തും അവഗണിക്കാവുന്നതല്ല. ദുര്‍ബലര്‍ അവഗണിക്കപ്പെടുക മാത്രമല്ല, കൂടുതല്‍ ഞെരുക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ആ രംഗത്തു നിലവിലുള്ളതെന്നു കണ്ണുതുറന്നു കാണാന്‍ ഭരണാധികാരികള്‍ തയാറാവുകയും തിരുത്തുകയും ചെയ്യണം.

കത്തോലിക്കാസഭയിലെ സന്യസ്തരെയും പുരോഹിതരെയും അവഹേളിക്കുന്ന രീതിയില്‍ വന്‍തുക മുടക്കി സഭാവിരുദ്ധരും വര്‍ഗീയ ശക്തികളും നടത്തിക്കൊണ്ടിരിക്കുന്ന കുത്സിതമായ പ്രചാരണങ്ങളിലും പരിപാടികളിലും വേദനയുണ്ടെന്നും പ്രസ്താവനയില്‍ കുറിച്ചു. ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. മുഖ്യധാരാ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും സമൂഹത്തോടുള്ള പ്രതിബദ്ധത മറന്നു നിക്ഷിപ്ത താല്പര്യക്കാരുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങുന്നതു സാമാന്യനീതിയുടെ നിഷേധമാണെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.

കലാലയ രാഷ്ട്രീയം നടപ്പാക്കാനായി നിയമസഭ പരിഗണിക്കാനിരിക്കുന്ന ബില്‍ കലാലയങ്ങളെ വീണ്ടും കലാപകേന്ദ്രങ്ങളാക്കുമെന്ന ആശങ്കയുണ്ട്. രാഷ്ട്രീയം അനുദിനം അക്രമാസക്തവും പ്രതിലോമകരവുമായി മാറുന്ന സമീപകാലത്തു കലാലയങ്ങളെ കലാപ രാഷ്ട്രീയത്തിന്റെ പഠനക്കളരികളാക്കാനുള്ള ശ്രമം ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നതു ശുഭോദര്‍ക്കമല്ല. ജനാധിപത്യ സംവിധാനത്തിലെ രാഷ്ട്രീയ പരിശീലനത്തിന്റെ ആവശ്യകത അംഗീകരിക്കുന്‌പോള്‍ത്തന്നെ ഈ ബില്ലിന്റെ ലക്ഷ്യങ്ങളെക്കുറിച്ചു നിഷ്പക്ഷമതികള്‍ക്ക് ആശങ്കയുണ്ട്.

കൂപ്പുകുത്തുന്ന പഠനനിലവാരം മറച്ചുവച്ച് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള മാര്‍ക്കുദാനത്തിലൂടെയും അനധികൃത ഇടപെടലുകളിലൂടെയും വിദ്യാര്‍ഥികളെ ജയിപ്പിച്ചെടുക്കുന്ന ഇന്നത്തെ പശ്ചാത്തലത്തില്‍ കലാലയങ്ങളെ കലാപഭൂമിയാക്കുന്ന വിദ്യാര്‍ഥിരാഷ്ട്രീയം നിയമാനുസൃതമാക്കണം എന്ന വാദം യുക്തിരഹിതമാണ്. പ്രിന്‍സിപ്പല്‍മാരുടെ അധികാരവും മാനേജുമെന്റുകളുടെ അവകാശങ്ങളും കവര്‍ന്നെടുക്കാനുള്ള നീക്കം ഇപ്പോഴുള്ള പഠനാന്തരീക്ഷവും പഠനനിലവാരവും കുട്ടികളുടെ ഭാവിയും തകര്‍ക്കുന്നതിനേ ഉപകരിക്കൂ എന്നു കെസിബിസി ആശങ്കപ്പെടുന്നു.

2016 മുതല്‍ കഴിഞ്ഞ നാലു വര്‍ഷങ്ങളായി നിയമനാംഗീകാരം കിട്ടാതെ സ്‌കൂളുകളില്‍ ജോലിചെയ്യുന്ന അധ്യാപകരുടെ നിയമനങ്ങള്‍ അംഗീകരിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണം. 2013-14 വര്‍ഷങ്ങളില്‍ കോളജുകളില്‍ അനുവദിച്ച പുതിയ കോഴ്‌സുകള്‍ക്കും 2014-15 വര്‍ഷം അനുവദിച്ച ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും തസ്തിക നിര്‍ണയം നടത്തി അധ്യാപകരെ നിയമിക്കാനുള്ള സത്വര നടപടി സര്‍ക്കാര്‍ സ്വീകരിക്കണം.

ക്രൈസ്തവ വിശ്വാസികള്‍ ആരാധനയ്ക്കും മതപഠനത്തിനുമായി പരമ്പരാഗതമായി വിനിയോഗിക്കുന്ന ഞായറാഴ്ചകളില്‍ തുടര്‍ച്ചയായി കുട്ടികളുടെ മത്സരങ്ങളും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും വിവിധങ്ങളായ പരിശീലനങ്ങളും നടത്താനുള്ള ഉദ്യോഗസ്ഥ നിലപാടുകള്‍ ഈ അടുത്തകാലത്തു വര്‍ധിച്ചുവരുന്നതില്‍ ഉത്കണ്ഠയുണ്ട്.

യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സഭയില്‍ നടക്കുന്ന സംഭാഷണങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണം. പ്രശ്‌നങ്ങള്‍ സഭയ്ക്കുള്ളില്‍ പരിഹരിക്കാമെന്ന ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാട് നിഷേധാത്മകമായല്ല, ക്രിയാത്മകമായാണു കാണുന്നത്. ഇരു വിഭാഗങ്ങളും ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്ക്ക്പ പരിഹാരമുണ്ടാക്കാമെന്നതു സ്വീകാര്യമാണ്. ക്രൈസ്തവ സാഹോദര്യം അടിസ്ഥാനമാക്കി സഭകള്‍ പരസ്പരം സംവാദങ്ങള്‍ നടത്തിവരുന്നതു പതിവാണ്.

ഇരുവിഭാഗങ്ങള്‍ തമ്മില്‍ നിലവിലുള്ള തര്‍ക്കങ്ങളും പ്രശ്‌നങ്ങളും രമ്യമായും ക്രിസ്തീയമായും പരിഹരിക്കാന്‍ പ്രാര്‍ഥനാപൂര്‍വകമായ ശ്രമം തുടരണം. സമാധാനപൂര്‍ണമായ പരിഹാരത്തിനും സഹവര്‍ത്തിത്വത്തിനുംവേണ്ടി കെസിബിസി തുടര്‍ന്നും പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യും. സഭകളില്‍ സമാധാനവും രമ്യതയും സ്‌നേഹവും പുലരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

ലോക്സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അപലപനീയമാണ്. ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള അവഗണനയും വിവേചനവുമായി ഈ നീക്കത്തെ കെസിബിസി വിലയിരുത്തുന്നു. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ്പ് ജോസഫ് മാര്‍ തോമസ്, കെസിബിസി മീഡിയ കമ്മീഷന്റെ പുതിയ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

source pravachakasabdam

News updates
Added On: 11-Jan-2024
മാർ റാഫേല്‍ തട്ടില്‍ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ്കൊച്ചി: 35 രൂപതകളിലും അതിനുപുറത്തുമായി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന അന്‍പതു ലക്ഷത്തിൽപ്പരം…
Read More
View All News
© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions