News

മനുഷ്യ ജീവനെ എല്ലാ അവസ്ഥയിലും ബഹുമാനിക്കണം: ഫ്രാന്‍സിസ് പാപ്പ

Added On: Jan 31, 2020

വത്തിക്കാന്‍ സിറ്റി: രക്ഷയില്ലെന്നു പറഞ്ഞു വൈദ്യശാസ്ത്രം തള്ളുന്ന രോഗങ്ങളുടെ ചുറ്റുപാടുകളില്‍പ്പോലും മനുഷ്യാന്തസ്സ് മാനിക്കപ്പെടണമെന്നും നിത്യത തേടുന്ന മനുഷ്യജീവിതം ഏത് അവസ്ഥയിലും അതിന്‍റെ അന്തസ്സിന് കുറവു വരുന്നില്ലായെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ജനുവരി 30 വ്യാഴാഴ്ച വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരിന്നു പാപ്പ. ശാരീരിക ആലസ്യങ്ങള്‍ക്കൊപ്പം വൈകാരിക വിഷമങ്ങളും ആത്മീയ പ്രതിസന്ധിയും വ്യക്തിക്ക് ഉണ്ടെങ്കില്‍ രോഗിക്കു ചുറ്റും വൈദ്യസഹായത്തിന്‍റെയും പ്രത്യാശയുടെയും പരസ്പര ബന്ധത്തിന്‍റെയും ചുറ്റുപാടു സൃഷ്ടിക്കേണ്ടതാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

നല്ല സമറിയക്കാരന്‍റെ ഉപമ നമ്മെ പഠിപ്പിക്കുന്നത് വേദനിക്കുന്ന സഹോദരനോടുള്ള സമീപനത്തിലുള്ള മനോഭാവവും ഹൃദയത്തിന്‍റെ വീക്ഷണവുമാണ്. കാരണം പലപ്പോഴും കണ്ടിട്ടും കാണാതെ പോകുന്ന അവസ്ഥയാണ് മനുഷ്യയാതനകള്‍ക്കു മുന്നില്‍ സംഭവിക്കുന്നത്. കാരണമെന്താണ്. വേദനിക്കുന്ന സഹോദരനെ കണ്ട വ്യക്തിയുടെ ഹൃദയത്തില്‍ കാരുണ്യമില്ല. അതിനാല്‍ കണ്ട യാഥാര്‍ത്ഥ്യത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കുവാനോ അതിന് അപ്പുറത്തേയ്ക്കു പോകുവാനോ അയാള്‍ക്കു സാധിക്കുന്നില്ല, സൗകര്യപ്പെടുന്നില്ല. മറിച്ച് ഹൃദയത്തില്‍ കാരുണ്യമുള്ളവന്‍ സഹോദരന്‍റെ വേദന കണ്ട് ആര്‍ദ്ര ഹൃദയനാകുന്നു. അപരന്‍റെ വേദന അയാളെ സ്പര്‍ശിക്കും. അയാള്‍ വീണുകിടക്കുന്നവന്‍റെ ചാരത്തെത്തും, അയാളെ പരിചരിക്കും. പാപ്പ പറഞ്ഞു.

യഥാര്‍ത്ഥമായ മൂല്യബോധം നഷ്ടപ്പെട്ട സാഹചര്യത്തില്‍, കല്പിതമായ ഐക്യദാര്‍ഢ്യത്തിന്‍റെയും, മാനവികതയുടെയും ക്രിസ്തീയതയുടെയും ഉത്തരവാദിത്ത്വങ്ങള്‍ മങ്ങിമറയുകയാണ്. 'വലിച്ചെറിയല്‍ സംസ്ക്കാര'ത്തിന് എതിരെ ചെറുക്കാന്‍ കരുത്തുള്ള പ്രതിദ്രവ്യങ്ങളെ സൃഷ്ടിക്കുക, മനുഷ്യജീവന്‍റെ അതീന്ദ്രിയമായ മൂല്യം അംഗീകരിക്കുക, കൂട്ടായ്മയുടെ ഒരു ജീവിതശൈലി സാധ്യമാക്കുക, സഹവര്‍ത്തിത്വത്തിന്‍റെ അടിത്തറ കാത്തുപാലിക്കുക എന്നിവ യഥാര്‍ത്ഥത്തിലുള്ള പരിഷ്കൃത സമൂഹത്തിന്‍റെ അടയാളമായിരിക്കുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

മനുഷ്യാന്തസ്സ് നഷ്ടമായവരെന്നു കരുതുന്നവര്‍ക്കു അന്ത്യനിമിഷങ്ങളിലാണെങ്കിലും അത് കഴിയുന്നത്ര നല്കിക്കൊണ്ട് വ്യക്തിയെ മാനിക്കണമെന്ന് പഠിപ്പിച്ച കല്‍ക്കട്ടയിലെ മദര്‍ തെരേസയുടെ ജീവിത മാതൃകയും പാപ്പ പ്രഭാഷണത്തില്‍ സ്മരിച്ചു. വിശ്വാസകാര്യങ്ങള്‍ക്കുള്ള സംഘം തലവന്‍ കര്‍ദ്ദിനാള്‍ ലൂയി ലെഡാരിയ ഫെററിന്‍റെ നേതൃത്വത്തില്‍ ചെയ്യുന്ന സേവനത്തിന് പ്രവര്‍ത്തകരായ മറ്റ് കര്‍ദ്ദിനാളന്മാരെയും, മെത്രാന്മാരെയും, വൈദികരെയും, അല്‍മായരായ മറ്റ് ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചുകൊണ്ടാണ് മാര്‍പാപ്പ പ്രഭാഷണം അവസാനിപ്പിച്ചത്.

 

Source pravachakasabdam

© Copyright 2023 Powered by Webixels | Privacy Policy