കെസിബിസിബി പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ് എന്നിവര്‍ ഒപ്പിട്ടു പുറപ്പെടുവിച്ച സര്‍ക്കുലറിന്റെ പൂര്‍ണ രൂപം. ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന കോവിഡ് 19 രോഗം നമ്മുടെ സംസ്ഥാനത്തു പടര്‍ന്നു കൊണ്ടിരിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. ഇതു നിയന്ത്രിക്കുന്നതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ജനങ്ങള്‍ പാലിക്കേണ്ട ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. തല്‍സംബന്ധമായ നിയന്ത്രണങ്ങളോടും നിര്‍ദേശങ്ങളോടും സഹകരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ഗൗരവപൂര്‍ണമായ ജാഗ്രത ആവശ്യമായിരിക്കുന്ന ഈ അവസരത്തില്‍, അനിയന്ത്രിതവും അനാവശ്യവുമായ ഭീതി പരത്താനിടയാകുന്ന നടപടികള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരുണത്തില്‍ സഭയുടെ അജപാലനശുശ്രൂഷയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ.
• കേരളസഭയില്‍ എല്ലാ രൂപതകളിലും സമര്‍പ്പിത സമൂഹങ്ങളിലും സ്ഥാപനങ്ങളിലും നിരന്തരമായ പ്രാര്‍ത്ഥന നടക്കുന്നു എന്നത് പ്രത്യാശാഭരിതമാണ്. ചില രൂപതകളില്‍ പ്രത്യേക പ്രാര്‍ഥനാദിനങ്ങള്‍ ആചരിക്കപ്പെടുന്നുമുണ്ട്. നമ്മുടെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും സന്യാസ ഭവനങ്ങളിലും ഈ മഹാമാരിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനായി തുടര്‍ന്നും പ്രത്യേക പ്രാര്‍ഥന നടത്തേണ്ടത് ആവശ്യമാണ്.
• കൊറോണ വൈറസ് ബാധിതരായി ചികിത്സയ്ക്കായി ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കും നിരീക്ഷണത്തിനായി മാറ്റി താമസിപ്പിക്കപ്പെട്ടിട്ടുള്ളവര്‍ക്കും ആവശ്യമായ അജപാലന ശുശ്രൂഷകള്‍ ലഭ്യമാക്കുന്നതിനെപ്പറ്റി പ്രത്യേകം കരുതല്‍ ഉണ്ടായിരിക്കേണ്ടതാണ്.
• നമ്മുടെ എല്ലാ ദേവാലയങ്ങളിലും സര്‍ക്കാര്‍ നല്കിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്കു വിധേയമായി പ്രാര്‍ഥന നടത്തുവാനുള്ള സൗകര്യം വിശ്വാസികള്‍ക്കു നല്‌കേണ്ടതാണ്.
• വിശ്വാസികള്‍ക്ക് അനുരഞ്ജന കൂദാശയും ദിവ്യകാരുണ്യവും രോഗീലേപനവും സ്വീകരിക്കുവാനുള്ള ക്രമീകരണങ്ങള്‍ അജപാലകരായ വൈദികര്‍ ചെയ്യേണ്ടതാണ്.
• ദിവ്യകാരുണ്യം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു രോഗിക്കും അതിനുള്ള അവസരം നിഷേധിക്കപ്പെടരുത്.
• ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ ദിവ്യകാരുണ്യം ആവശ്യപ്പെടുന്ന രോഗികള്‍ക്ക് അവിടെ കത്തോലിക്കരായ നേഴ്‌സുമാര്‍ ശുശ്രൂഷ ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ വഴി ആശുപത്രി അധികാരികളുടെ അനുവാദത്തോടെ ദിവ്യകാരുണ്യം നല്കാവുന്നതാണ്.
• വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും, ഇടവകകളില്‍ നിലവിലുള്ള ക്രമീകരണങ്ങള്‍ വഴി ദിവ്യകാരുണ്യം നല്‌കേണ്ടതാണ്.
• ഈ പ്രത്യേക സാഹചര്യത്തില്‍ ദിവ്യബലിയില്‍ സംബന്ധിക്കാന്‍ സാധിക്കാത്തവര്‍, ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യപ്പെടുന്ന ദിവ്യബലി ആത്മീയ പോഷണത്തിനായി പ്രയോജനപ്പെടുത്താവുന്നതാണ്.
• ഓരോ കുടുംബവും യാമപ്രാര്‍ത്ഥന, വിശുദ്ധഗ്രന്ഥ പാരായണം, നോമ്പ്, ഉപവാസം എന്നിവയിലൂടെ കൂടുതല്‍ ദൈവാശ്രയത്വത്തിലേക്കും ദൈവകരുണയിലുള്ള പ്രത്യാശയിലേക്കും വളരാനുള്ള അവ സരമായി ഈ പ്രതിസന്ധിഘട്ടത്തെ മാറ്റിയെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
• കോവിഡ്19 വ്യാപിക്കുന്ന ഈ അടിയന്തര സന്ദര്‍ഭത്തില്‍ അവസരോചിതമായ ആത്മനിയന്ത്രണത്തോടെ സര്‍ക്കാരിന്റെ നിബന്ധനകളോടും നിര്‍ദേശങ്ങളോടും സഭാധികാരികളുടെ ആഹ്വാനങ്ങളോടും സര്‍വാത്മനാസഹകരിച്ച് ഉത്തരവാദിത്വബോധത്തോടെ പ്രവര്‍ത്തിക്കണമെന്ന് ഏവരോടും അഭ്യര്‍ഥിക്കുന്നു.
• 63/2020 ലെ സര്‍ക്കുലറില്‍ പറഞ്ഞിരുന്നതുപോലെ ഓരോ രൂപതാധ്യക്ഷനും സഹചര്യങ്ങള്‍ പരിഗണിച്ച് വേണ്ട മുന്‍കരുതലുകളും അജപാലനപരമായ ക്രമീകരണങ്ങളും ചെയ്യാവുന്നതാണ്.രോഗാവസ്ഥയിലായിരിക്കുന്ന എല്ലാവരെയും ദൈവത്തിന്റെ കരുണാപൂര്‍വകമായ സംരക്ഷണത്തിനു സമര്‍പ്പിക്കുകയും ആത്മീയമായ ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്യുന്നു. കര്‍ത്താവിന്റെ സംരക്ഷണത്തിനും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്തിനുമായി എല്ലാവരെയും സമര്‍പ്പിക്കുന്നു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
Source pravachakasabdam