കുരുത്തോലകളും ഓശാന ഗീതങ്ങളും ദിവ്യകാരുണ്യ സ്വീകരണവുമില്ലാതെ ടെലിവിഷന്‍ സ്ക്രീനിന് മുന്നില്‍ ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥനയോടെ ക്രൈസ്തവ ലോകം ഇന്നു ഓശാന ആചരിക്കുന്നു. കോവിഡ് രോഗബാധയെ തുടര്‍ന്നു മിക്ക രാജ്യങ്ങളും ലോക്ക് ഡൌണിലായതിനാല്‍ ദേവാലയ ശുശ്രൂഷകള്‍ ജനപങ്കാളിത്തമില്ലാതെയാണ് നടക്കുന്നത്. എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ് ചില്ലകള്‍ കൈയികളിലേന്തി ജനം വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കലാണ് ഓശാന. ഹെബ്രായ ഭാഷയില്‍ ഓശാന എന്ന വാക്കിന്റെ അര്‍ഥം, 'രക്ഷ അടുത്തിരിക്കുന്നു' അഥവാ 'ഇപ്പോള്‍ ഞാന്‍ രക്ഷ നേടും' എന്നാണ്.
വിശുദ്ധ കുർബാനയുടെയും ഓശാന ചടങ്ങുകളുടെയും തത്സമയ സംപ്രേഷണം വിവിധ ചാനലുകളിൽ ഒരുക്കിയിട്ടുണ്ട്. വീടുകളിൽ ഇരുന്ന് തത്സമയം വിശുദ്ധ കുര്‍ബാനയിലും തിരുകര്‍മ്മങ്ങളിലും പങ്കുചേര്‍ന്നു കൊണ്ടാണ് വിശ്വാസി സമൂഹം ഓശാന ശുശ്രൂഷയില്‍ പങ്കുചേരുന്നത്.
അല്പ സമയം മുന്‍പ് എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയില്‍ നടന്ന ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും പട്ടം മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൌസില്‍ നടന്ന ശുശ്രൂഷകള്‍ക്ക് സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ക്ലിമീസ് കത്തോലിക്ക ബാവയും ( ശുശ്രൂഷ തുടരുന്നു) പാളയം സെന്‍റ് ജോസഫ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് സൂസപാക്യവും മുഖ്യകാര്‍മ്മികത്വം വഹിച്ചു.
വത്തിക്കാനില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു 02.30നാണ് ഓശാന തിരുക്കര്‍മങ്ങള്‍ നടക്കുക. ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ജനപങ്കാളിത്തമില്ലാതെയാണ് അവിടെയും ശുശ്രൂഷകള്‍ നടക്കുക. വത്തിക്കാനില്‍ നിന്നുള്ള തത്സമയ സംപ്രേക്ഷണം പ്രവാചകശബ്ദത്തിന്റെ ഫേസ്ബുക്ക് പേജില്‍ ലഭ്യമായിരിക്കും.
source pravachakasabdam