സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും കെ.സി.ബി.സി പ്രസിഡന്റും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന് ഇന്നേക്ക് എഴുപത്തിയഞ്ച് വയസ്സ്. കര്‍ദ്ദിനാളിന്റെ 75ാം ജന്മദിനത്തില്‍ പ്രത്യേക ആഘോഷ പരിപാടികളൊന്നും ഇല്ല. പതിവ് ശൈലി അനുസരിച്ചും ലോക്ഡൗണിന്റെ പശ്ചാത്തലത്തിലും സഭാ കാര്യാലയത്തില്‍ സഹശുശ്രൂഷകരായ കൂരിയാ ബിഷപ്പിനും വൈദികര്‍ക്കും സന്യസ്തര്‍ക്കുമൊപ്പം അദ്ദേഹം വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.
ചങ്ങനാശേരി തുരുത്തിയിലെ ആലഞ്ചേരി ഫിലിപ്പോസ്-മറിയാമ്മ ദമ്പതികളുടെ പത്തുമക്കളില്‍ ആറാമനായി 1945 ഏപ്രില്‍ 19 ന് ജനിച്ചു. പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പാറേല്‍ സെമിനാരിയില്‍ ചേര്‍ന്നു. മൈനര്‍ സെമിനാരി പഠനത്തോടനുബന്ധിച്ചുതന്നെ, ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ നിന്നും കേരള യൂണിവേഴ്‌സിറ്റിയില്‍ സാമ്പത്തികശാസ്ത്രത്തില്‍ രണ്ടാം റാങ്കോടെ വിജയം കരസ്ഥമാക്കി. ആലുവ മേജര്‍ സെമിനാരിയില്‍ വൈദികപരിശീലനം പൂര്‍ത്തിയാക്കി, 1972 ഡിസംബര്‍ 18 ന് അഭിവന്ദ്യ ആന്റണി പടിയറ പിതാവില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു.
തിരുപ്പട്ടസ്വീകരണത്തിനുശേഷം ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയുട്ടില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ മാസ്റ്റര്‍ബിരുദം ഒന്നാം റാങ്കോടെ പൂര്‍ത്തിയാക്കി. പാരീസിലെ സൊര്‍ബോണ്‍ സര്‍വ്വകലാശാലയില്‍ നിന്നും കാത്തലിക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നൂമായി ബൈബിള്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടി. പാരീസിലെ ഉപരിപഠനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം 1986 മുതല്‍ ആറ് വര്‍ഷക്കാലം കെ.സി.ബി.സി.യുടെ ആസ്ഥാനകേന്ദ്രമായ പി.ഒ.സി.യുടെ ഡയറക്ടര്‍ ആയി സേവനം ചെയ്തു.
കേരളകത്തോലിക്കാ മെത്രാന്‍സമിതിയുടെ ദൈവശാസ്ത്രകമ്മീഷന്‍ സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ച അദ്ദേഹം തുടര്‍ന്ന് ചങ്ങനാശേരി അതിരൂപതയുടെ വികാരിജനാറാളായി നിയമിതനായി. പത്തുവര്‍ഷത്തോളം വടവാതൂര്‍ സെമിനാരിയില്‍ ദൈവശാസ്ത്ര അധ്യാപകനായും സേവനം ചെയ്തു.
1996 ല്‍ തക്കല കേന്ദ്രമാക്കി ഒരു രൂപത സ്ഥാപിക്കപ്പെട്ടപ്പോള്‍ അന്ന് ചങ്ങനാശ്ശേരി അതിരൂപതയുടെ വികാരിജനറാളായിരുന്ന ജോര്‍ജ് ആലഞ്ചേരിയച്ചന്‍ പ്രഥമ മെത്രാനായി നിയമിതനായി. 1997 ഫെബ്രുവരി 2-ാം തീയ്യതി അഭിവന്ദ്യ ജോസഫ് പൗവത്തില്‍ മെത്രാപ്പോലീത്തായില്‍ നിന്നും മെത്രാന്‍പട്ടം സ്വീകരിച്ച അദ്ദേഹത്തിന്റെ സ്ഥാനാരോഹണകര്‍മ്മം നടത്തിയത് അപ്പ. അഡ്മിനിസ്‌ട്രേറ്റര്‍ അഭിവന്ദ്യ വര്‍ക്കി വിതയത്തില്‍ പിതാവാണ്.
2011 ഏപ്രില്‍ ഒന്നിന് മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ പിതാവ് കാലം ചെയ്തശേഷം സമ്മേളിച്ച സീറോമലബാര്‍ മെത്രാന്‍ സിനഡ് അന്ന് തക്കല രൂപതാദ്ധ്യക്ഷനായിരുന്ന ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിയെ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കുകയും 2011 മെയ് 29 ന് സ്ഥാനാരോഹണം നടത്തുകയും ചെയ്തു.
സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായ ജോര്‍ജ് ആലഞ്ചേരി മെത്രാപ്പോലീത്തയെ പരിശുദ്ധ പിതാവ് ബനഡിക്റ്റ് പതിനാറാമന്‍ പാപ്പ 2012 ഫെബ്രുവരി 18 ന് വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ വച്ച് കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്കുയര്‍ത്തി. 2013 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ തെരഞ്ഞെടുത്ത കൊണ്‍ക്ലേവില്‍ കര്‍ദിനാള്‍ ആലഞ്ചേരിയും പങ്കെടുത്തിരുന്നു. സാര്‍വ്വത്രിക സഭയില്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ള 115 കര്‍ദിനാള്‍മാരില്‍ ഒരാളാണ് കര്‍ദിനാള്‍ ആലഞ്ചേരി.
കര്‍ദിനാളെന്ന നിലയില്‍ അദ്ദേഹം പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിലും വിശ്വാസ തിരുസംഘകാര്യാലയത്തിലും ക്രൈസ്തവ കൂട്ടായ്മയെ പരിപോഷിപ്പിക്കാനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലും മതബോധനത്തിനുവേണ്ടിയുള്ള അന്താരാഷ്ട്ര കൗണ്‍സിലിലും അംഗമാണ്. സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് എന്ന നിലയില്‍, 35 രൂപതകളിലും അതിനുപുറത്തുമായി ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഏകദേശം 50 ലക്ഷം സീറോമലബാര്‍ കത്തോലിക്കരുടെ നേതൃത്വശുശ്രൂഷ നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തകൂടിയാണ്.
സഭയിലെ വൈദിക പരിശീലകേന്ദ്രങ്ങളോടനുബന്ധിച്ചുള്ള ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കോട്ടയം പൗരസ്ത്യ വിദ്യാപീഠം, ബാംഗ്ലൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രം എന്നിവയുടെ ചാന്‍സലര്‍ പദവിയും കര്‍ദിനാള്‍ ആലഞ്ചേരിയില്‍ നിക്ഷിപ്തമാണ്.
Source pravachakasabdam