News

ഇത് പൂര്‍ണ്ണ ദണ്ഡവിമോചനത്തിന്റെ മണിക്കൂറുകള്‍: ദൈവകരുണയുടെ ഈ ഞായറിൽ ദണ്ഡവിമോചനം നേടുന്നതെങ്ങനെ?

Added On: Apr 19, 2020

ഇന്ന് ഏപ്രില്‍ 19, ഉയിര്‍പ്പ് തിരുനാളിന് ശേഷമുള്ള ആദ്യ ഞായര്‍. ആഗോള കത്തോലിക്ക സഭ ഇന്നു ദൈവകരുണയുടെ തിരുനാള്‍ ആചരിക്കുകയാണ്. ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ മിക്ക ദേവാലയങ്ങളും അടഞ്ഞു കിടക്കുകയാണെങ്കിലും പ്രാർത്ഥനാപൂർവ്വം ഭവനങ്ങളിൽ ഇരിന്നുകൊണ്ട് തന്നെ നമ്മുക്ക് ഈ ദിവസം ഫലദായകമാക്കാം. സഭാപ്രബോധനമനുസരിച്ച് പൂര്‍ണ്ണ ദണ്ഡവിമോചനം നേടുവാനുള്ള അവസരങ്ങളിലൊന്നാണ് ദൈവകരുണയുടെ ഞായര്‍. ‘എന്റെ മൃദുവായ കരുണയുടെ അഗാധത തുറക്കുന്ന ദിവസം, എന്റെ കരുണതേടി അണയുന്നവര്‍ക്ക് അനുഗ്രഹങ്ങളുടെ ഒരു സമുദ്രം തന്നെ ഞാൻ ഒഴുക്കും’ എന്ന് വിശുദ്ധ ഫൗസ്റ്റീനക്ക് കര്‍ത്താവായ യേശു തന്നെ വെളിപ്പെടുത്തി കൊടുത്തിട്ടുണ്ട് (വിശുദ്ധ ഫൗസ്റ്റീന ഡയറി, 699).

കുമ്പസാരിച്ച് ദിവ്യകാരുണ്യം സ്വീകരിച്ച ആത്മാവിന് പൂര്‍ണ്ണ ദണ്ഡവിമോചനം നല്‍കപ്പെടുകയും, അന്നേ ദിവസം, ദിവ്യാനുഗ്രഹങ്ങളെ തടഞ്ഞുവെച്ചിരിക്കുന്ന എല്ലാ തടയണകളും തുറക്കപ്പെടുകയും, ഭയപ്പെടാതെ എല്ലാ ആത്മാക്കള്‍ക്കും എന്റെ അടുക്കല്‍ വരുവാന്‍ കഴിയുമെന്നുമാണ് ദിവ്യകാരുണ്യ നാഥനായ യേശു വിശുദ്ധ ഫൗസ്റ്റീനയോട് വെളിപ്പെടുത്തിയത്.

ദേവാലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണെങ്കിലും പൂര്‍ണ്ണ ദണ്ഡവിമോചനം നേടുവാന്‍ കഴിയുന്നതെങ്ങിനെ ?

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിലെ 1451-1452 ഖണ്ഡികയില്‍ പറയുന്നതനുസരിച്ച് അനുതാപിയുടെ പ്രവര്‍ത്തികളില്‍ മനസ്താപത്തിനാണ് ഒന്നാം സ്ഥാനം. മനസ്താപം എന്നത് "ആത്മാവിന്റെ ദുഃഖവും ചെയ്ത പാപത്തോടുള്ള വെറുപ്പും വീണ്ടും പാപം ചെയ്യുകയില്ലെന്നുള്ള പ്രതിജ്ഞയുമാണ്". "ആവുന്നത്ര നേരത്തെ കൂദാശപരമായ കുമ്പസാരത്തിനണയുമെന്ന ഉറച്ച തീരുമാനമ് പൂര്‍ണ്ണ മനസ്താപത്തോടൊപ്പമുണ്ടെങ്കില്‍ അത് മാരകപാപങ്ങളുടെ മോചനവും സാധിയ്ക്കുന്നു". കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തില്‍ ലോക്ക് ഡൗണിൽ കഴിയുമ്പോഴും ദൈവകരുണയുടെ ഞായര്‍ ദിനത്തില്‍ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള പൂര്‍ണ്ണ ദണ്ഡവിമോചനം നേടുവാന്‍ കഴിയുന്നതെങ്ങനെയെന്ന് ‘കരുണയുടെ പിതാക്കന്‍മാര്‍’ എന്നറിയപ്പെടുന്ന വൈദികര്‍ വിവരിക്കുന്നുണ്ട്.

1) മനസ്താപ പ്രകരണം ചൊല്ലുക ‍

എന്‍റെ ദൈവമേ, ഏറ്റം നല്ലവനും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാന്‍ യോഗ്യനുമായ, അങ്ങേയ്ക്കെതിരായി പാപംചെയ്തുപോയതിനാല്‍ പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു. എന്‍റെ പാപങ്ങളാല്‍ എന്‍റെ ആത്മാവിനെ അശുദ്ധനാ(യാ) ക്കിയതിനാലും സ്വര്‍ഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിന്‌ അര്‍ഹനായി (അര്‍ഹയായി) തീര്‍ന്ന‍തിനാലും ഞാന്‍ ഖേദിക്കുന്നു. അങ്ങയുടെ പ്രസാദവരസഹായത്താല്‍ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും മേലില്‍ പാപം ചെയ്യുകയില്ലെന്നും ഞാന്‍ ദൃഢമായി പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലുമൊരു പാപം ചെയ്യുക എന്നതിനേക്കാള്‍ മരിക്കാനും ഞാന്‍ സന്നദ്ധനാ(യാ)യിരിക്കുന്നു. ആമേന്‍.

 

2) ‍ അരൂപിയില്‍ ദിവ്യകാരുണ്യ സ്വീകരണം പ്രതികൂലമായ സാഹചര്യത്തിൽ അരൂപിയില്‍ ദിവ്യകാരുണ്യ സ്വീകരണം നടത്തുന്നതിനെ നമ്മുക്ക് അവസരമുള്ളു. എങ്കിലും വിശുദ്ധ കുർബാനക്ക് ഇനി ഏറ്റവും അടുത്ത അവസരം എന്ന് കിട്ടുന്നോ അന്ന് കുമ്പസാരിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുമെന്ന് ദൃഢപ്രതിജ്ഞയെടുക്കുക. ഓണ്‍ലൈന്‍/ ചാനലുകള്‍ വഴി തത്സമയ വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്ന് അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം പ്രാര്‍ത്ഥന ചൊല്ലുക.

** അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണ പ്രാര്‍ത്ഥന

എന്റെ യേശുവേ, അങ്ങ് ഈ ദിവ്യകൂദാശയില്‍ സന്നിഹിതനാണെന്നു ഞാന്‍ വിശ്വസിക്കുന്നു. എല്ലാ വസ്തുക്കളെയുംക്കാള്‍ ഞാന്‍ അങ്ങയെ സ്നേഹിക്കുകയും എന്റെ ആത്മാവിലങ്ങയെ സ്വീകരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ദിവ്യകൂദാശയില്‍ അങ്ങയെ സ്വീകരിക്കുവാന്‍ ഇപ്പോള്‍ എനിക്കു സാധ്യമല്ലാത്തതിനാല്‍ അരൂപിയില്‍ എന്റെ ഹൃദയത്തിലേക്ക് അങ്ങ് എഴുന്നള്ളി വരേണമേ. അങ്ങ് എന്നില്‍ സന്നിഹിതനാണെന്ന് വിശ്വസിച്ച് ഞാനങ്ങയെ ആശ്ലേഷിക്കുകയും എന്നെ അങ്ങയോട് പൂര്‍ണ്ണമായി ഐക്യപ്പെടുത്തുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഒരിയ്ക്കലും അങ്ങയില്‍ നിന്നു അകലുവാന്‍ എന്നെ അനുവദിക്കരുതേ, ആമ്മേന്‍. ‍

3) ഫ്രാന്‍സിസ് പാപ്പയുടെ നിയോഗങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. ‍

കൊറോണ മഹാമാരിയില്‍ നിന്നുള്ള പൂര്‍ണ്ണമായ വിടുതലിനും ഏപ്രില്‍ മാസത്തെ പാപ്പയുടെ നിയോഗമായ ആസക്തികള്‍ക്ക് അടിമപ്പെട്ടവരുടെ മോചനത്തിനും പാപ്പയുടെ ഇതര നിയോഗങ്ങളെയും സമര്‍പ്പിച്ച് ഒരു സ്വര്‍ഗ്ഗ, ഒരു നന്മ, ഒരു ത്രീത്വ സ്തുതി, വിശ്വാസ പ്രമാണം എന്നിവ ചൊല്ലി പ്രാര്‍ത്ഥിക്കുക. ‘കരുണാമയനായ യേശുവേ, നിന്നില്‍ ഞാന്‍ ശരണപ്പെടുന്നു’ എന്ന പ്രാര്‍ത്ഥന ചൊല്ലുന്നതും ഉചിതമാണ്.

4) ‍മരിയന്‍ ഫാദേഴ്സ് ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ സഭാംഗമായ ഫാ. ക്രിസ് അലാര്‍ നിര്‍ദ്ദേശിക്കുന്ന പ്രാര്‍ത്ഥന (നിര്‍ബന്ധമല്ല)

കര്‍ത്താവായ യേശുവേ, കുമ്പസാരിക്കുകയും (കുമ്പസാരിക്കുവാന്‍ നിലവില്‍ കഴിയില്ലാത്തതിനാല്‍ മനസ്താപ പ്രകരണം ചൊല്ലിയും), ദിവ്യകാരുണ്യം സ്വീകരിക്കുകയും (ശാരീരികമായി ദിവ്യകാരുണ്യം സ്വീകരിക്കുവാന്‍ കഴിയാത്തതിനാല്‍ അരൂപിയില്‍ ദിവ്യകാരുണ്യ നടത്തുകയും) ചെയ്ത ആത്മാവിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെടുകയും പൂര്‍ണ്ണ ദണ്ഡവിമോചനം നേടുമെന്നും അങ്ങ് വിശുദ്ധ ഫൗസ്റ്റീനയോട് വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. കര്‍ത്താവായ യേശുവേ എനിക്കീ കൃപ നല്‍കണമേ.”

പ്രത്യേകം ശ്രദ്ധിയ്ക്കുക: വിശുദ്ധ കുർബാനക്ക് ഇനി ഏറ്റവും അടുത്ത അവസരം എന്ന് കിട്ടുന്നോ അന്ന് കുമ്പസാരിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുമെന്ന ദൃഢപ്രതിജ്ഞ പാലിക്കുക.

 

വിശുദ്ധ ഫൗസ്റ്റീനയുടെയും വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന റോമിലെ സാന്തോ സ്പിരിത്തോ ഇൻ സാസിയ ദേവാലയത്തിൽ ഇന്ന്‍ ഫ്രാന്‍സിസ് പാപ്പ വിശുദ്ധ ബലി അർപ്പിച്ചു കരുണയ്ക്കായി ലോകം മുഴുവനും വേണ്ടി പ്രാര്‍ത്ഥിക്കും. മാർപാപ്പ അർപ്പിക്കുന്ന ദിവ്യബലിയുടെ തൽസമയ സംപ്രേഷണം വത്തിക്കാൻ സമയം രാവിലെ 11 മണി മുതല്‍ (ഇന്ത്യയിലെ സമയം ഉച്ചകഴിഞ്ഞ് 02:30) പ്രവാചകശബ്ദത്തിന്റെ ഫേസ്ബുക്ക് പേജില്‍ ലഭ്യമായിരിക്കും. ഇനിയുള്ള സമയങ്ങളില്‍ നമ്മുക്ക് പ്രാര്‍ത്ഥിച്ച് ഒരുങ്ങാം.

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം 'അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം'. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സി‌സി‌സി 1471 ചൂണ്ടിക്കാട്ടുന്നു.

 

 

Sorce pravachakasabdam

News updates
Added On: 11-Jan-2024
മാർ റാഫേല്‍ തട്ടില്‍ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ്കൊച്ചി: 35 രൂപതകളിലും അതിനുപുറത്തുമായി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന അന്‍പതു ലക്ഷത്തിൽപ്പരം…
Read More
View All News
© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions