വിശ്രമരഹിതമായ ജീവിതത്തില്‍ പ്രായം തളര്‍ത്താത്ത മനസുമായി സഹജീവികള്‍ക്കായി കര്‍മനിരതമായ പ്രവര്‍ത്തനങ്ങളിലൂടെ പോരാട്ടം നടത്തിയ കര്‍മയോഗിയാണ് മാര്‍ ആനിക്കുഴിക്കാട്ടില്‍. കുഞ്ചിത്തണ്ണി ആനിക്കുഴിക്കാട്ടില്‍ ലൂക്ക എലിസബത്ത് ദമ്പതികളുടെ 15 മക്കളില്‍ മൂന്നാമനായും ആണ്‍മക്കളില്‍ ഒന്നാമനായും 1942 സെപ്റ്റംബര്‍ 23നാണ് മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ജനനം. ജന്മനാടായ കടപ്ലാമറ്റത്തും കുഞ്ചിത്തണ്ണിയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മുത്തോലി സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നടത്തി.
തുടര്‍ന്ന് കോതമംഗലം മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന് വൈദികപഠനമാരംഭിച്ചു. കോട്ടയം വടവാതൂര്‍ മേജര്‍ സെമിനാരിയില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1971 മാര്‍ച്ച് 15ന് കുഞ്ചിത്തണ്ണി ഹോളി ഫാമിലി പള്ളിയില്‍ മാര്‍ മാത്യു പോത്തനാമൂഴിയുടെ കൈവയ്പു ശുശ്രൂഷ വഴി പൗരോഹിത്യം സ്വീകരിച്ച് പ്രഥമ ബലിയര്‍പ്പിച്ചു. കോതമംഗലം ടൗണ്‍ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായായിരുന്നു ആദ്യനിയമനം. ജോസ്ഗിരി, ചുരുളി, എഴുകുംവയല്‍ പള്ളികളിലും സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് മൂവാറ്റുപുഴ ജീവജ്യോതിയുടെയും പാസ്റ്ററല്‍ സെന്ററിന്റെയും ഡയറക്ടറായി നിയമിക്കപ്പെട്ടു. മാര്‍ മാത്യൂസ് പ്രസ് മാനേജരായും സേവനംചെയ്തു. അതോടൊപ്പംതന്നെ നെയ്‌ശേരി പള്ളി വികാരിയായും സേവനമനുഷ്ഠിച്ചു. 1985ല്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി.
ഉപരിപഠനം കഴിഞ്ഞു തിരികെയെത്തിയ അദ്ദേഹം പൊട്ടന്‍കാട് പള്ളിയിലും രണ്ടാര്‍ പള്ളിയിലും സേവനംചെയ്തു. 1990ല്‍ കോതമംഗലം രൂപതാ ചാന്‍സലറായും രൂപതാ സെക്രട്ടറിയായും നിയമിക്കപ്പെട്ടു. 2000ല്‍ കോതമംഗലം മൈനര്‍ സെമിനാരി റെക്ടറായി. ഇതോടൊപ്പം തൃക്കാരിയൂര്‍ പള്ളിയിലും സേവനംചെയ്തു. കോതമംഗലം രൂപതാ പ്രിസ്ബറ്റേരിയല്‍ കൗണ്‍സില്‍, കാത്തകറ്റിക്കല്‍ കമ്മിറ്റി, രൂപതാ നിര്‍മാണപ്രവര്‍ത്തന കമ്മിറ്റി എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചു. 2003ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ എട്ടു ഫൊറോനകളോടുകൂടി കോതമംഗലം രൂപത വിഭജിച്ച് ഇടുക്കി രൂപത സ്ഥാപിച്ചു. രൂപതയുടെ പ്രഥമ ബിഷപ്പായി 2003 ജനുവരി 15ന് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലെ നിയമിച്ചു.
2003 മാര്‍ച്ച് രണ്ടിന് വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ഇടുക്കി രൂപതയുടെ ഉദ്ഘാടനവും ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ മെത്രാഭിഷേകവും നടന്നു. കര്‍മവേദിയില്‍ തീഷ്ണമതിയായ മാര്‍ ആനിക്കുഴിക്കാട്ടില്‍ ഇടുക്കിയുടെ ഇടയനായി സേവനം ചെയ്യുന്നതിനൊപ്പം കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാനായും കെസിബിസി എസ്സി/എസ്ടി കമ്മീഷന്‍, സീറോ മലബാര്‍ സിനഡല്‍ കമ്മീഷനംഗം എന്നീ നിലയിലെല്ലാം പ്രവര്‍ത്തിച്ചു. ഇടുക്കി രൂപതയെ സ്വയംപര്യാപ്തതയിലെത്തിച്ചു
എണ്‍പത്തിയേഴ് വൈദികരോടൊപ്പം ആരംഭിച്ച ഇടുക്കി രൂപത 15 വര്‍ഷംകൊണ്ട് 111 പുതിയ വൈദികര്‍കൂടി പട്ടം സ്വീകരിച്ച് 198 വൈദികരുള്ള രൂപതയായി വളര്‍ന്നു. എട്ടു ഫൊറോനകളും 86 സ്വതന്ത്ര ഇടവകകളും 30 സ്‌റ്റേഷന്‍ പള്ളികളുമായി പ്രവര്‍ത്തനമാരംഭിച്ച ഇടുക്കി രൂപതയെ കരുത്തുറ്റ നേതൃത്വത്തിലൂടെ പുരോഗതിയിലേക്കു നയിച്ച മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഏറെ ബാലാരിഷ്ടതകള്‍ തരണംചെയ്ത് 15 വര്‍ഷംകൊണ്ട് 10 ഫൊറോനകളും 105 സ്വതന്ത്ര ഇടവകകളും 51 മിഷന്‍ സ്‌റ്റേഷനുകളിലുമായി രൂപതയിലെ വിശ്വാസീസമൂഹത്തെ വളര്‍ത്തി. രൂപത സ്ഥാപിച്ചപ്പോള്‍ ഏഴു സന്യാസസഭകളാണുണ്ടായിരുന്നത്. അത് 13 ആയി വളര്‍ന്നു. 14 സന്യാസഭവനങ്ങള്‍ വളര്‍ന്ന് 22 ആയി.
സന്യാസിനീസഭകള്‍ 2003ല്‍ 13 ആയിരുന്നെങ്കില്‍ 15 വര്‍ഷംകൊണ്ട് 30 ആയി വര്‍ധിച്ചു. സന്യാസിനീഭവനങ്ങള്‍ 102ല്‍നിന്നും 150ലേക്കു വളര്‍ന്നു. ഈ കാലയളവില്‍ 25 ദേവാലയങ്ങള്‍ പുതുക്കി നിര്‍മിക്കപ്പെട്ടു. പള്ളികളോടനുബന്ധിച്ച് 27 വൈദികമന്ദിരങ്ങളും പുതുക്കി നിര്‍മിച്ചു. നിലവില്‍ രണ്ടു കോളജുകളും എട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും 17 ഹൈസ്‌കൂളുകളും നിരവധി യുപി, എല്‍പി സ്‌കൂളുകളും സാങ്കേതിക വിദ്യാഭ്യാസത്തിന് ഒരു ഐടിസിയും വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥികളുടെ സമഗ്ര വികസനത്തിനു മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുന്നു. രൂപതയുടെ സാമൂഹ്യസേവന രംഗത്ത് ഇടപെടലിനായി ഹൈറേഞ്ച് ഡെവലപ്‌മെന്റ് സൊസൈറ്റിയും ആരംഭിച്ചു. ഇതിനു പുറമെ മൈനര്‍ സെമിനാരി, അടിമാലി പാസ്റ്ററല്‍ സെന്റര്‍, പ്രീസ്റ്റ് ഹോം, വാഴത്തോപ്പ് കത്തീഡ്രല്‍ ദേവാലയം തുടങ്ങി രൂപതയുടെ ഭൗതികതല വികസനവും പിതാവിന്റെ ഇച്ഛാശക്തിയുടെ ഫലമായി വളര്‍ന്നുവന്നിട്ടുള്ളതാണ്.
ഇടുക്കി രൂപത സ്ഥാപിതമായതിനും രൂപതയുടെ പ്രഥമ ഇടയന്റെ മെത്രാഭിഷേകത്തിനും പതിനഞ്ച് വയസ് പൂര്‍ത്തിയാക്കിയതോടെ പുതിയ ഇടയനെ ദൗത്യം ഏല്‍പ്പിച്ച് സ്ഥാനമൊഴിഞ്ഞു. സഭാ വിശ്വാസികളെ ആത്മീയതയിലേക്കു കൈപിടിച്ചുയര്‍ത്തുന്നതിനൊപ്പം അവരുടെ സാമൂഹികവും ബൗദ്ധികവുമായ വളര്‍ച്ച ലക്ഷ്യംവച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം പ്രാധാന്യം നല്‍കിയിരുന്നു. കുടുംബനവീകരണമാണ് പ്രഥമ ഇടയന്‍ തന്റെ പ്രധാന ഇടയദൗത്യമായി സ്വീകരിച്ചിരുന്നത്. വിദ്യാഭ്യാസം, തൊഴില്‍, ആതുരശുശ്രൂഷ, ജീവകാരുണ്യം തുടങ്ങിയ മേഖലകളിലും കരുത്തു പകര്‍ന്നു.
ഇടുക്കിക്കാരുടെ ഭൂപ്രശ്‌നങ്ങളിലും പട്ടയവിഷയത്തിലും ശ്രദ്ധേയമായ ഇടപെടല്‍ നടത്തി ജാതിമത ഭേദമെന്യേ ഏവരുടെയും ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി. ഹൈറേഞ്ചിലെ പാവപ്പെട്ടവന്റെയും കര്‍ഷകന്റെയും സാധാരണക്കാരന്റെയും ശബ്ദമായിരുന്നു മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. മലയോര ജനതയുടെ സമഗ്രവളര്‍ച്ച ലക്ഷ്യമിട്ടു പ്രവര്‍ത്തിച്ച മെത്രാന്‍ വിദ്യാസന്പന്നരും നേതൃപാടവവുമുള്ള പുതുതലമുറയെ രൂപപ്പെടുത്തുന്നതില്‍ ജാഗ്രതയോടെ പരിശ്രമിച്ചിരുന്നു.ഒന്നര പതിറ്റാണ്ടു നീണ്ട തന്റെ രൂപതയിലെ അജപാലന ദൗത്യത്തില്‍നിന്നും ചാരിതാര്‍ഥ്യത്തോടെയായിരുന്നു മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ പടിയിറക്കം.
Source pravachakasabdam