വത്തിക്കാൻ സിറ്റി: പരിശുദ്ധ കന്യകാമറിയത്തിന് പ്രത്യേകം സമർപ്പിതമായ മേയ് മാസത്തിൽ കുടുംബങ്ങളിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം. കഴിഞ്ഞ ദിവസം വത്തിക്കാൻ പ്രസിദ്ധീകരിച്ച കത്തിലൂടെയായിരുന്നു പാപ്പയുടെ ആഹ്വാനം. കുടുംബങ്ങളിൽ ജപമാല പ്രത്യേകം ചൊല്ലുന്ന പാരമ്പര്യത്തെക്കുറിച്ച് ഓർമിപ്പിച്ച പാപ്പ, മറിയത്തിന്റെ ഹൃദയഭാവത്തോടുകൂടി ക്രിസ്തുവിന്റെ മുഖം നാം ധ്യാനിക്കുകയാണെങ്കിൽ അത് നമ്മെ ആധ്യാത്മിക കുടുംബത്തിൽ കൂടുതൽ ഐക്യപ്പെടുത്താനും ഇന്നത്തെ പരീക്ഷണങ്ങളെ അതിജീവിക്കാനും സഹായിക്കുമെന്നും പറഞ്ഞു.
കൊറോണ മഹാമാരിയുടെ പിടിയിലകപ്പെട്ട ലോകത്തിനുമേൽ കരുണയുണ്ടാകാനും പാപ്പ കത്തിൽ പ്രാർത്ഥിക്കുന്നുണ്ട്. മരണപ്പെട്ട പ്രിയപ്പെട്ടവരെ ഓർത്ത് സങ്കടപ്പെടുന്നവർക്ക് സാന്ത്വനം ലഭിക്കുവാനും രോഗാണുവിനെതിരെ ശരിയായ പരിഹാരങ്ങൾ കണ്ടെത്താൻ ശാസ്ത്രജ്ഞരുടെ ബുദ്ധിയെ പ്രകാശിപ്പിക്കുവാനും പ്രതിസന്ധിയുടെ ഘട്ടത്തിൽ ജനങ്ങൾക്കാവശ്യമായവ നൽകാൻ ഭരണാധികാരികളെ സഹായിക്കണമെയെന്നും കത്തിൽ പ്രാർത്ഥിക്കുന്നു. സാഹചര്യത്തിന് അനുസൃതമായി കൂട്ടമായോ ഒറ്റക്കോ ജപമാല ചൊല്ലി പ്രാർത്ഥിക്കുവാനും പാപ്പ കത്തിൽ ആഹ്വാനം ചെയ്തു.
എല്ലാവർക്കും പ്രത്യേകിച്ച് സഹനമനുഭവിക്കുന്നവർക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നുവെന്നും നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഓർക്കണമെന്ന് കുറിച്ചുകൊണ്ടുമാണ് പാപ്പയുടെ കത്ത് അവസാനിക്കുന്നത്.
Source pravachakasabdam