വത്തിക്കാന്‍ സിറ്റി: കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ ആളൊഴിഞ്ഞ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ രണ്ടര മാസത്തിന് ശേഷം വീണ്ടും വിശ്വാസികള്‍ എത്തിത്തുടങ്ങി. ഫ്രാന്‍സിസ് പാപ്പയുടെ ചാക്രികലേഖനമായ ‘ലൗദാത്തോ സി’ (അങ്ങേക്ക് സ്തുതി)യുടെ അഞ്ചാം വാര്‍ഷിക ദിനമായ ഇന്നലെ ഞായറാഴ്ച പരിശുദ്ധ പിതാവിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും ആശീര്‍വാദം സ്വീകരിക്കുന്നതിനുമായി നിരവധി പേരാണ് വത്തിക്കാന്‍ സ്ക്വയറില്‍ എത്തിയത്. സാമൂഹിക അകലം പാലിച്ചും മാസ്ക്ക് ധരിച്ചും ഏറെ ആഹ്ലാദത്തോടെയാണ് വിശ്വാസികള്‍ എത്തിയത്. പാപ്പയുടെ കരങ്ങള്‍ വീശിയുള്ള അഭിവാദനത്തിന് കരഘോഷത്തോടെ വിശ്വാസികള്‍ വരവേല്‍പ്പ് നല്‍കി.
ലോക്ക്ഡൌണിനെ തുടര്‍ന്ന്‍ അടച്ചിട്ടിരുന്ന വത്തിക്കാന്‍ സ്ക്വയറും, സെന്റ് പീറ്റേഴ്സ് ബസലിക്കയും ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വീണ്ടും തുറന്നത്. തന്റെ ലൈബ്രറിയിലിരുന്ന് ഓണ്‍ലൈനിലൂടെ പാപ്പ നടത്തിയ പ്രഭാഷണം സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നിന്നവര്‍ കൂറ്റന്‍ സ്ക്രീനുകളിലൂടെയാണ് കണ്ടത്.
അടുത്ത പന്ത്രണ്ട് മാസത്തേക്ക് പരിസ്ഥിതിയെ എങ്ങനെ സംരക്ഷിക്കാമെന്നതിനെക്കുറിച്ചും, കാലാവസ്ഥാവ്യതിയാനത്തിന് ഇരയാകുവാന്‍ സാധ്യതയുള്ളവരെ സഹായിക്കുന്നതിനെക്കുറിച്ചും ചിന്തിക്കണമെന്ന് പാപ്പ വിശ്വാസികളോട് ആവശ്യപ്പെട്ടു. പ്രഭാഷണത്തിന് ശേഷം ജാലകത്തിലെത്തിയ പാപ്പ വിശ്വാസി സമൂഹത്തിന് ആശീര്‍വാദം നല്‍കി. കഴിഞ്ഞ നാളുകളില്‍ വിശ്വാസികളില്ലാതെ ശൂന്യമായിരിന്നുവെങ്കിലും ജാലകത്തിലെത്തി സെന്റ് പീറ്റേഴ്സ് സ്ക്വയറിനു നേരെ പാപ്പ ആശീര്‍വാദം നല്‍കിയിരിന്നു.
Source pravachakasabdam