News

സത്പ്രവൃത്തികള്‍ കൊണ്ട് മാത്രം ഒരാള്‍ക്ക് സ്വര്‍ഗം നേടാന്‍ കഴിയില്ല

Added On: May 30, 2020

"ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല" (യോഹ 15:5) 

യേശു ഏകരക്ഷകൻ: മെയ് 29 
സ്വർഗ്ഗം നേടാൻ സത്പ്രവൃത്തികള്‍ ചെയ്‌താൽ മതിയെന്നും അല്ലാതെ ദൈവത്തെ ആരാധിക്കേണ്ട ആവശ്യമില്ലെന്നും ഇന്ന് അനേകം മനുഷ്യർ കരുതുന്നു. ഈ ചിന്താഗതിയെ ബലപ്പെടുത്താൻ 'മറ്റുള്ളവരിൽ ദൈവത്തെ കാണണം, ദൈവം നമ്മുടെ ഹൃദയത്തിലാണ്, ദേവാലയങ്ങളിൽ ദൈവം വസിക്കുന്നില്ല' എന്നു തുടങ്ങി നിരവധി മനോഹര സന്ദേശങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നതും നമുക്കു കാണാം. എന്നാൽ, മനുഷ്യന്റെ സത്പ്രവൃത്തികള്‍ കൊണ്ടോ, സ്വയം പരിശ്രമം കൊണ്ടോ മാത്രം അവന് സ്വര്‍ഗം നേടാൻ സാധിക്കുകയില്ല എന്ന വലിയ സത്യം നാം തീരിച്ചറിയണം. 

ദൈവത്തെ മാറ്റിനിറുത്തിക്കൊണ്ട് മനുഷ്യൻ ചെയ്യുന്ന സത്പ്രവൃത്തികള്‍ അവനെ സ്വയം കേന്ദ്രീകൃതനായ ഒരു വ്യക്തിയാക്കി മാറ്റുന്നു. അവന്റെ സത്പ്രവൃത്തികള്‍ ലോകം അംഗീകരിക്കണമെന്നും, മറ്റുള്ളവർ അവനെ നന്ദിയോടെ കാണണമെന്നും ക്രമേണ അവൻ ആഗ്രഹിക്കാൻ തുടങ്ങും. ഇത് അവനെ അഹങ്കാരത്തിലേക്കും, സഹായം കൈപ്പറ്റിയവരിൽ നിന്നും ഉണ്ടാകുന്ന അവഗണനകൾ അവനെ നിരാശയിലേക്കും ദുഖത്തിലേക്കും നയിക്കുന്നു. 

മനുഷ്യന്റെ സത്പ്രവൃത്തികള്‍ കൊണ്ട് സ്വർഗ്ഗരാജ്യം സ്വന്തമാക്കാൻ മനുഷ്യനു സാധിക്കുമെങ്കിൽ ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ആവശ്യമില്ലായിരുന്നു. ഈ ലോകത്തിൽ ഒരു മനുഷ്യനു വേണ്ട ഏറ്റവും സുപ്രധാനമായ അറിവ് 'യേശുക്രിസ്തുവിലൂടെ മാത്രമേ ഒരു മനുഷ്യനു സ്വർഗ്ഗരാജ്യം സ്വന്തമാക്കാൻ സാധിക്കൂ' എന്നതാണ്. ദൈവത്തിന്‍റെ മുന്‍പില്‍ നമുക്കുള്ള സകല യോഗ്യതകളുടെയും ഉറവിടം ക്രിസ്തുവിന്‍റെ സ്നേഹമാണ്. സജീവമായ ആ സ്നേഹത്തില്‍ നമ്മെ ക്രിസ്തുവിനോടു യോജിപ്പിക്കുന്നത് ദൈവത്തിന്റെ കൃപാവരമാണ്. ഈ കൃപാവരമാണ് ദൈവത്തിന്‍റെയും മനുഷ്യരുടെയും മുന്‍പില്‍ നമ്മുടെ പ്രവൃത്തികളുടെ യോഗ്യത ഉറപ്പാക്കുന്നത്. തങ്ങളുടെ യോഗ്യതകള്‍ എന്നത് കൃപാവരം മാത്രമാണെന്ന ഉറച്ച ബോധ്യം വിശുദ്ധര്‍ക്ക് എപ്പോഴും ഉണ്ടായിരുന്നു. 

"ഭൂമിയിലെ വിപ്രവാസത്തിനുശേഷം, പിതൃരാജ്യത്തു ചെന്ന് നിന്നെ ആസ്വദിക്കാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. പക്ഷേ, സ്വര്‍‍ഗത്തിനുവേണ്ടി യോഗ്യതകള്‍ ശേഖരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിന്‍റെ സ്നേഹത്തിനു മാത്രം വേണ്ടി അധ്വാനിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു... ഈ ജീവിതത്തിന്‍റെ സായാഹ്നത്തില്‍, ഞാന്‍ നിന്‍റെ മുന്‍പില്‍ ശൂന്യമായ കൈകളോടെ പ്രത്യക്ഷപ്പെടും. എന്തെന്നാല്‍ കര്‍ത്താവേ, എന്‍റെ പ്രവൃത്തികളെ പരിഗണിക്കണമെന്നു ഞാന്‍ നിന്നോടു ആവശ്യപ്പെടുന്നില്ല. ഞങ്ങളുടെ എല്ലാ നീതിയും നിന്‍റെ കണ്‍മുമ്പില്‍ കളങ്കമുള്ളതാണ്. അതുകൊണ്ട് നിന്‍റെ നീതിയാല്‍ പൊതിയപ്പെടാനും നിന്‍റെ സ്നേഹത്താല്‍ നിന്നെത്തന്നെ എന്നേക്കും സ്വന്തമാക്കാനും ഞാന്‍ ആശിക്കുന്നു" (ലിസ്യുവിലെ വിശുദ്ധ തെരേസ). 

വിചിന്തനം 
ക്രിസ്തുവിനെ കൂടാതെ നമ്മുക്കു ഒന്നും ചെയ്യുവാൻ സാധ്യമല്ല. ഈ ഭൂമിയിൽ സത്പ്രവൃത്തികള്‍ ചെയ്യാൻ ദൈവം നമ്മോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അത് ദൈവത്തെ മാറ്റിനിറുത്തിക്കൊണ്ടുള്ള സത്പ്രവൃത്തികളല്ല. തന്റെ ഏകജാതനും ലോകരക്ഷകനുമായ യേശുവിനെ ഈ ഭൂമിയിലേക്കയച്ചുകൊണ്ട് അവനിൽ വിശ്വസിക്കുവാനും അവനെ ആരാധിക്കുവാനും ദൈവം മനുഷ്യനോട് ആവശ്യപ്പെടുന്നു. ഇപ്രകാരം ക്രിസ്തുവിനോട് ചേർന്നു നിൽക്കുന്ന ഒരു വ്യക്തിയിലേക്ക് അവിടുത്തെ അളവില്ലാത്ത സ്നേഹം ഒഴുകുവാൻ തുടങ്ങും. ഇപ്രകാരം ക്രിസ്തുവിന്റെ സ്നേഹത്താൽ നിറഞ്ഞ് നാം മറ്റുള്ളവർക്ക് നന്മ ചെയ്യുന്നതിലൂടെ അവിടുത്തെ സ്നേഹം മറ്റുള്ളവരിലേക്കും വ്യാപിക്കും. അങ്ങനെ നമ്മുടെ സത്പ്രവർത്തികൾ കണ്ട് അവർ സ്വർഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തും. ഇപ്രകാരം ദൈവത്തിന്‍റെ കൃപാവരത്തോടുള്ള മനുഷ്യന്‍റെ സഹകരണത്തിലൂടെ മാത്രമേ ഒരുവന് സ്വർഗ്ഗരാജ്യം സ്വന്തമാക്കാൻ സാധിക്കൂ. 

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം 
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) 

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. 

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. 

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. 

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. 

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. 

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. 

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. 

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. 

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. 

 

source pravachakasabdam

News updates
Added On: 11-Jan-2024
മാർ റാഫേല്‍ തട്ടില്‍ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ്കൊച്ചി: 35 രൂപതകളിലും അതിനുപുറത്തുമായി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന അന്‍പതു ലക്ഷത്തിൽപ്പരം…
Read More
View All News
© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions