പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്ന പ്രാർത്ഥന ഉരുവിട്ടുകൊണ്ടാണ് ഒരു ക്രൈസ്തവന്‍, അവന്റെ ദിവസം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും. ഇത് ത്രിയേക ദൈവത്തിലുള്ള വിശ്വാസ പ്രഖ്യാപനം മാത്രമല്ല, സ്വയം വെളിപ്പെടുത്തുകയും തങ്ങളുടെ കൂട്ടായ്മയില്‍ പങ്കു ചേരുവാന്‍ ക്ഷണിക്കുകയും ചെയ്ത മൂന്നു ദൈവിക വ്യക്തികൾക്കുള്ള മഹത്വപ്പെടുത്തല്‍ കൂടിയാണ്. പരിശുദ്ധ ത്രിത്വത്തിന്റെ വെളിപ്പെടുത്തലിന് മാനുഷികമായി നല്കാവുന്ന ബഹുമാനമെന്നത് അവിടുത്തെ മഹത്വപ്പെടുത്തുകയും നന്ദി പറയുകയും ചെയ്യുക എന്നതാണ്. എന്തെന്നാല്‍ മൂന്നു ദൈവിക വ്യക്തിത്വങ്ങളുടെ സാന്നിധ്യത്താല്‍ നമ്മിൽ ദൈവസ്നേഹാനുഭവും അഭിഷേകവും നിറയുന്നു. എന്തെല്ലാം സ്വഭാവ സവിശേഷതകള്‍ ത്രീത്വത്തിന് സ്വന്തമായുള്ളതെന്നും, എങ്ങനെ അവര്‍ സൃഷ്ട പ്രപഞ്ചവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും നാം തീർച്ചയായും വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു.
ഒരു പ്രാർത്ഥനമദ്ധ്യേയാണ് യേശു പരിശുദ്ധാത്മാവാല്‍ പ്രചോദിതനായി താന്‍ പുത്രനാണെന്ന രഹസ്യവും പിതാവുമായുള്ള ആത്മബന്ധവും നമുക്ക് വെളിപ്പെടുത്തിത്തന്നത്. "സ്വർഗ്ഗത്തിന്റേയും ഭൂമിയുടെയും കർത്താവായ പിതാവേ, അവിടുത്തെ ഞാന്‍ സ്തുതിക്കുന്നു… പുത്രനാരെന്ന് പിതാവല്ലാതെ ആരും ഗ്രഹിക്കുന്നില്ല. പിതാവാരെന്ന് പുത്രനും, പുത്രന്‍ ആർക്ക് വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നുവോ അവനും അല്ലാതെ മറ്റാരും ഗ്രഹിക്കുന്നില്ല" (ലൂക്കാ 10:21-22).
പിതാവിനും പുത്രനും പരിശുധാത്മാവിനും സ്തുതിയുണ്ടായിരിക്കട്ടെ, അല്ലങ്കിൽ മഹത്വമുണ്ടായിരിക്കട്ടെ എന്നു പറയുമ്പോൾ നാം എന്താണു ഉദ്ദേശിക്കുന്നത്? ദൈവം നമ്മുക്ക് നല്കുുന്ന പരിഗണനക്ക് പകരമായി അവിടുത്തേക്ക് മഹത്വം പ്രകാശിപ്പിക്കുകയാണ് ചെയ്യുക. പരിശുദ്ധ ത്രിത്വം സ്വയം വെളിപ്പെടുത്തിയതിനും നമ്മോടൊപ്പം വന്നു വസിക്കുവാന്‍ കരുണ കാണിച്ചതിനും നാം നന്ദി പറയുകയാണ് ഇതിലൂടെ ചെയ്യുന്നത്.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ തന്റെ ഏകജാതനായ പുത്രന്‍ വഴി പരിശുദ്ധാത്മാവിന്റെ സ്നേഹശക്തിയാല്‍ നമ്മെ പുത്രിപുത്രന്മാരുമായി സൃഷ്ടിച്ചതിനു പിതാവിനു നാം നന്ദി പ്രകാശിപ്പിക്കുന്നു. ദൈവം തന്റെ പുത്രനെത്തന്നെ നമ്മുടെ സഹോദരനും രക്ഷകനുമായി അയച്ചതില്‍ നാം ആനന്ദഭരിതരായിരിക്കുന്നു. പിതാവും പുത്രനും നമ്മുടെമേല്‍ പരിശുദ്ധാത്മാവിനെ വർഷിച്ചതില്‍ നാം സന്തോഷിക്കേണ്ടത് വളരെ അത്യന്താപേഷിതമായ ഒരു കാര്യമാണ്. പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയത്തെ അവിടുത്തെ ആലയമാക്കി മാറ്റുകയും നമ്മെ വിശുദ്ധീകരിച്ച് ത്രിത്വൈക കൂട്ടായ്മയിലേക്ക് ആകർഷിക്കുകയും ചെയ്യുന്നത് നാം പലപ്പോഴും മറന്നുപോകുന്നു.
മൂന്നു വ്യക്തിത്വങ്ങളുടെ കൂട്ടായ്മയായ ത്രിത്വത്തിന്റെ കൂടിചേരലിലാണ് നാം മഹത്വം പ്രകാശിപ്പിക്കേണ്ടത്. ത്രിയേക ദൈവത്തിന്റെ സാന്നിധ്യം എപ്പോഴും സന്തോഷവും സമാധാനവും കൊണ്ടുവരുന്നു. നിത്യമായും പരസ്പരം സ്നേഹിക്കുന്ന മൂന്നു വ്യക്തികളുടെ കൂട്ടായ്മയാണ് ത്രീത്വത്തില്‍ കൂടി നാമനുഭവിക്കുന്നത്. ഇത് വഴി അവർണിനീയമായ ദൈവസ്നേഹം കണ്ടെത്തുകയാണ് നാം ചെയ്യുന്നത്. അങ്ങനെ നമ്മളും ആരാധന-കൃതജ്ഞതസ്തോത്രത്തിലൂടെയുമാണ് പരിശുദ്ധ ത്രിത്വത്തെ സമീപിക്കേണ്ടത്.
ദൈവത്തിന്റെ അസ്തിത്വം എപ്പോഴും പ്രകടമാകുന്നത് സന്തോഷ രഹിതമായ അവസ്ഥയായിരിക്കും. അതുകൊണ്ടാണ് സഹനങ്ങള്‍ യേശുവിന്റെ സമ്മാനമാണെന്ന് വിശുദ്ധര്‍ അഭിപ്രായപ്പെട്ടത്. മൂന്നു വ്യക്തിത്വങ്ങളുടെ പൂർണമായ ഇടപെടല്‍ നമ്മുടെ ഹൃദയങ്ങളെ വിസ്മയിപ്പിക്കുകയും ജീവിതത്തെ സന്തോഷഭരിതമാക്കുകയും ചെയ്യുന്നു. "രാത്രിയില്‍ എന്റെ ശയ്യയില്‍ കിടന്നുകൊണ്ട് എത്രയോ തവണ ഞാന്‍ ചോദിച്ചിട്ടുണ്ട്. ദൈവം എങ്ങനെയായിരിക്കും? ദൈവിക വ്യക്തിത്വങ്ങളുടെ കൂട്ടായ്മയായി പ്രകാശിപ്പിക്കുന്ന നാമമെന്താണ്? ഒരു വാക്കും ഞാന്‍ കണ്ടെത്തിയിട്ടില്ല. ഒരു പ്രകാശവും കടന്നു വന്നിട്ടില്ല. അപ്പോള്‍ ഞാന്‍ സ്തുതിക്കുവാനും മഹത്വപ്പെടുത്തുവനും തുടങ്ങി. അപ്പോള്‍ എന്റെ ഹൃദയം പ്രകാശം കൊണ്ടു നിറഞ്ഞു. ഞാന്‍ പിന്നെ ഒരു ചോദ്യവുമുയർത്തിയില്ല. ഞാന്‍ ദൈവിക കൂട്ടായ്മയില്ത്തന്നെയായിരുന്നു എന്ന് മനസിലാക്കാൻ വൈകി പോയി എന്ന് പിന്നീട് എനിക്ക് മനസ്സില്ലായി". ഈ വാക്കുകൾ 'വിശുദ്ധ ഹിലാരി'യുടേതാണ്. മനുഷ്യന്റെ യുക്തിയുടെ തലം ഇങ്ങനെയാണെന്ന് അദ്ദേഹം നമ്മെ ഓർമ്മപെടുത്തുന്നു.
ഏറ്റവും മഹത്തായ വിശ്വാസ രഹസ്യമാണ് പരിശുദ്ധ ത്രിത്വം. എങ്ങനെയാണ് മൂന്നു വ്യക്തികള്‍ ഏക ദൈവമായിരിക്കുക? തീർച്ചയായും പരിശുദ്ധ ത്രിത്വം നിഗൂഡമായ ഒരു രഹസ്യമാണ്. ഈ രഹസ്യത്തെ സംബന്ധിച്ചിടത്തോളം നിശബ്ദതയാണു വാക്കുകളെക്കാള്‍ ഉത്തമം. എന്തെന്നാല്‍ ‘രഹസ്യം’ എന്നു പറയുമ്പോള്‍ എന്താണ് അർത്ഥമാക്കുന്നത് എന്നു നാം മനസ്സിലാക്കണം. മനുഷ്യബുദ്ധിക്കു മനസ്സിലാക്കാന്‍ പറ്റാത്തതും ദൈവത്തില്‍ വെളിപ്പെട്ടതുമായ ഒരു സത്യം-അതാണ് രഹസ്യം എന്നതുകൊണ്ട് നാം മനസ്സിലാക്കേണ്ടത്. നമ്മിലെ ബുദ്ധിയുടെ കഴിവുകള്‍ പരാജയപ്പെടുന്നിടത്ത് യുക്തിചിന്ത അവസാനിക്കുകയും ദൈവിക ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തപ്പെട്ട സത്യത്തെ അനേകർ സ്വീകരിക്കുകയും ചെയ്യുന്നു. .
"ത്രീയേക രഹസ്യത്തെക്കുറിച്ചുള്ള ഈ ദർശനം നമ്മില്‍ ആശങ്ക ഉളവാക്കുകയല്ല നമ്മുടെ ഹൃദയത്തെ വിശാലമാക്കുകയാണ് ചെയ്യുന്നത്. പരിശുദ്ധ ത്രിത്വം ഇപ്പോഴും നിത്യകാലത്തേക്കും രഹസ്യമായിത്തന്നെ തുടരും. ക്രമാനുഗതമായി നേടുന്ന അറിവ് നമ്മെ സന്തോഷഭരിതരാക്കുകയും ചെയ്യുന്നു. അറിവ് നമ്മെ ക്രിസ്തുവിന്റെ സ്നേഹാനുഭാവത്തിലേക്കും അത് പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവിക വ്യക്തിത്വങ്ങളുടെ കൂട്ടായ്മയിലേക്കും നയിക്കുകയും ചെയ്യുന്നു". വി. ഹിലാരി വീണ്ടും നമ്മെ ഓർമ്മപെടുത്തുന്നു.
പന്തക്കുസ്താ ദിവസം, (ഉയിര്‍പ്പിന്റെ ഏഴു ആഴ്ചകള്‍ അവസാനിച്ചപ്പോള്‍), പരിശുദ്ധാത്മാവിനെ വര്‍ഷിക്കുന്നതോടെ ക്രിസ്തുവിന്റെ പെസഹ പൂര്‍ത്തിയായി. പരിശുദ്ധാത്മാവിനെ ഒരു ദൈവീക വ്യക്തി എന്ന നിലയില്‍ വെളിപ്പെടുത്തുകയും നല്കുകയും പകര്‍ന്നുകൊടുക്കുകയും ചെയ്തു. തന്റെ പൂര്‍ണ്ണതയില്‍ നിന്നും കര്‍ത്താവായ ക്രിസ്തു, ആത്മാവിനെ സമൃദ്ധമായി ചൊരിയുന്നു.
ആ ദിവസം പരിശുദ്ധ ത്രീത്വം പൂര്‍ണ്ണമായി വെളിപ്പെടുത്തപ്പെട്ടു. ക്രിസ്തു അറിയിച്ചിരിന്ന രാജ്യം അവിടുന്നില്‍ വിശ്വസിക്കുന്നവര്‍ക്കായി അന്നുമുതല്‍ തുറന്നിരിക്കുന്നു. മാനുഷികതയുടെ താഴ്മയിലും വിശ്വാസത്തിലും അവര്‍ പരിശുദ്ധ ത്രീത്വത്തിന്റെ ഐക്യത്തില്‍ പങ്കുചേരുന്നു. പരിശുദ്ധാത്മാവ് തന്റെ അവിരാമമായ ആഗമനത്താല്‍ "അന്ത്യനാളുകളിലേക്ക്" ലോകത്തെ പ്രവേശിപ്പിക്കുന്നു. സഭയുടെ കാലമാണത്, അവകാശമായി ലഭിച്ചതെങ്കിലും ഇനിയും പരിപൂര്‍ത്തിയിലെത്താത്ത രാജ്യമാണത്: (CCC 731,732).
Source pravachakasabdam.