News

ഹാഗിയ സോഫിയ: ഗ്രീക്ക് മെത്രാപ്പോലീത്തയുമായി ട്രംപും പെന്‍സും ചര്‍ച്ച നടത്തി

Added On: Jul 26, 2020

 

വാഷിംഗ്ടണ്‍ ഡി.സി: ചരിത്ര പ്രസിദ്ധമായ ഇസ്താംബുളിലെ ഹാഗിയ സോഫിയ കത്തീഡ്രല്‍ തുര്‍ക്കിയിലെ ഏര്‍ദോഗന്‍ ഭരണകൂടം മോസ്‌കാക്കി മാറ്റിയ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്ത എല്‍പ്പിദോ ഫോറോസിനെ യുഎസ് പ്രസിഡന്റ് ട്രംപ് വൈറ്റ്ഹൗസില്‍ സ്വീകരിച്ചു ചര്‍ച്ചകള്‍ നടത്തി. ഹാഗിയ സോഫിയ മോസ്‌കായി മാറ്റിയതില്‍ ക്രൈസ്തവര്‍ക്കുള്ള വേദനയും മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കയും അദ്ദേഹം പങ്കുവച്ചു. തുര്‍ക്കിയുടെ തീരുമാനത്തില്‍ പ്രസിഡന്റ് ട്രംപ് അസ്വസ്ഥത പ്രകടിപ്പിച്ചതായി ഓര്‍ത്തഡോക്‌സ് ടൈംസ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് ട്രംപിനെ സന്ദര്‍ശിക്കുന്നതിനു മുന്പായി മെത്രാപ്പോലീത്ത യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെയും സന്ദര്‍ശിച്ചിരിന്നു. ഇതിന്റെ ചിത്രം മൈക്ക് പെന്‍സ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

ഹാഗിയ സോഫിയ വിഷയത്തില്‍ അമേരിക്ക് ഗ്രീക്ക് സഭയ്ക്കൊപ്പമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മോസ്‌കാക്കി മാറ്റിയ പള്ളിയില്‍ പ്രാര്‍ത്ഥന തുടങ്ങിയ കഴിഞ്ഞ വെള്ളിയാഴ്ച തന്നെ തുര്‍ക്കിക്കാരനായ നൊബേല്‍ സമ്മാന ജേതാവ് ഓര്‍ഹാന്‍ പാമുക്ക് തീരുമാനത്തെ വീണ്ടും വിമര്‍ശിച്ചു. മഹത്തായ യൂറോപ്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായ തുര്‍ക്കി അതില്‍ നിന്നു പിന്നോക്കം പോവുകയാണെന്നും പ്രതിപക്ഷ സ്വരങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. ഹാഗിയ സോഫിയ ദേവാലയത്തെ മോസ്കാക്കി മാറ്റിയ നടപടിയെ കുറിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും ഗ്രീക്ക് പ്രധാനമന്ത്രി കിരിയാകോസ് മിറ്റ്സോടാകിസും ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരിന്നു. 

 

 

Source pravachakasabdam

© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions